SignIn
Kerala Kaumudi Online
Monday, 24 August 2026 1.38 PM IST

വാഹനമോടിക്കുന്ന മിക്കവർക്കും ആ വിചാരമില്ല,​ ഒടുവിൽ നടപടിയെടുത്ത് കേന്ദ്രം

highway-travel
പ്രതീകാത്മക ചിത്രം

എന്നും പുതുമകൾ ഇഷ്‌ടപ്പെടുന്നവരാണ് യുവാക്കൾ. സമൂഹത്തിന്റെ പല മേഖലയിലെയും പോലെ വാഹനപ്രേമത്തിലും അവർക്ക് പുതുമകൾ ഇഷ്‌ടമാണ്. വാഹന മോഡിഫിക്കേഷന്‌ എംവിഡിയിൽ നിന്ന് പച്ചക്കൊടി കിട്ടാത്തത് അടുത്തിടെ അവർ ചർച്ച ചെയ്‌തിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും അവരെ പിന്തുണച്ചിരുന്നു. എന്നാൽ കോടതിയിൽ നിന്നും കഴിഞ്ഞദിവസം ഇത്തരം മോഡിഫിക്കേഷനെതിരെ ശക്തമായ താക്കീതാണ് ഉണ്ടായത്. പത്തനംതിട്ടയിൽ അടുത്തിടെ പെയ്‌ത കനത്തമഴയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ മോഡിഫിക്കേഷൻ വരുത്തിയ വാഹനത്തിന് 5000 രൂപ പിഴ ചുമത്തിയ സംഭവത്തിൽ രണ്ട് എംവിഡി ഉദ്യോഗസ്ഥർ നടപടി നേരിട്ടിരുന്നു. ഇതിനെതിരായ കേസിലാണ് കോടതി മോട്ടോർ വാഹന വകുപ്പിനെതിരെ തിരിഞ്ഞത്.

5000 രൂപ മാത്രം ആകെ പിഴ വാങ്ങിയതിനാണ് കോടതി വിമർശിച്ചത്. കൂടുതലായി ഘടിപ്പിച്ച ഓരോ ലൈറ്റിനും 5000 രൂപ വാങ്ങണമെന്നായിരുന്നു കോടതി പറഞ്ഞത്. ആകെ ആറ് അധിക ലൈറ്റുകളാണ് ഈ വാഹനത്തിൽ ഉണ്ടായിരുന്നത്. മാത്രമല്ല വലുപ്പമേറിയ വീലുകൾ ഘടിപ്പിക്കുന്നതിനെയും കോടതി വിമർശിച്ചു. അധികമായി ഘടിപ്പിച്ച ലൈറ്റുകളിൽ നിന്നുമുള്ള ശക്തമായ പ്രകാശം വാഹനം ഓടിക്കുന്നയാളെ തുണയ്‌ക്കുമെങ്കിലും എതിരെ വരുന്നയാളെ അത് കുഴപ്പത്തിലാക്കും. ശക്തമായ വെളിച്ചം കാരണം പിന്നീട് മുന്നിലുള്ളതൊന്നും കാണാനാകാതെ വന്നാൽ അപകടം വരെ സംഭവിക്കാം.

അപകടങ്ങൾക്ക് ഒരു കാരണം ഹൈ ബീം ലൈറ്റുകൾ

നമ്മുടെ നിരത്തിലെ അപകടങ്ങൾക്ക് പ്രധാന കാരണങ്ങൾ അമിത വേഗത, മദ്യമോ അത്തരം ലഹരിയോ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ പോലെ ശ്രദ്ധ മാറുന്നതരം വസ്‌തുക്കൾ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, ട്രാഫിക് നിയമലംഘനം, ഉറക്കം പോലെ പ്രശ്‌നങ്ങൾ ഇവയൊക്കെയാണ്. ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന പ്രധാനപ്പെട്ട പ്രശ്‌നം തന്നെയാണ് ശക്തമായ വെളിച്ചമുള്ള ലൈറ്റുകളുടേതും. ഇപ്പോഴിതാ ഇവയെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നടപടി കർശനമാക്കാൻ പോകുകയാണ്.

പുതിയ നടപടിയുമായി കേന്ദ്ര സർക്കാർ

കേന്ദ്ര റോ‌ഡ് ഗതാഗത മന്ത്രാലയം മുന്നോട്ടുവച്ച ചില നിബന്ധനകളനുസരിച്ച് ഇരുചക്ര വാഹനങ്ങളിലെ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ ഇനിമുതൽ പാസിംഗ്‌ ബീം (ലോ ബീം) മോഡിൽ മാത്രമേ പ്രവർത്തിക്കൂ. ബസുകൾക്കോ മറ്റ് ഹെവി വാഹനങ്ങൾക്കോ രാത്രിയിൽ അല്ലെങ്കിൽ മോശം കാലാവസ്ഥയിൽ മറ്റുവാഹന ഡ്രൈവർമാരുടെ കാഴ്‌ച മെച്ചപ്പെടുത്താൻ റിഫ്‌ളക്‌ടീവ് ടേപ്പുകൾ ഘടിപ്പിക്കേണ്ടതായും വരും. മറ്റ് വാഹനഡ്രൈവർമാരുടെ കാഴ്‌ചയെ ബാധിക്കുന്ന, അസ്വസ്ഥതപ്പെടുത്തുന്ന തിളക്കം കൂടിയ ഹെഡ്‌ലൈറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തും.

highway
പ്രതീകാത്മക ചിത്രം

ഭേദഗതി അടുത്ത ഏപ്രിൽ മുതൽ

കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമത്തിൽ ഇക്കാര്യങ്ങൾ ഭേദഗതി വരുത്താനാണ് തീരുമാനം. അടുത്ത ഏപ്രിൽ മുതൽ ഈ ഭേദഗതികൾ പ്രാബല്യത്തിൽ വരും. രാജ്യത്തെ ഡ്രൈവർമാരിൽ ലോ ബീം മോഡിൽ വാഹനമോടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരവധി തവണ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഇതാണ് ഇത്തരം കർശന മാറ്റത്തിന് കേന്ദ്രത്തെ പ്രേരിപ്പിച്ചത്.

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് നിയമം നിലവിലെ ടുവീലറുകൾക്ക് മാത്രമാകും ബാധകമാകുക. മറ്റ് വാഹനങ്ങൾക്ക് ഇത് ബാധകമല്ല. നിലവിൽ ടൂവീലറുകളിൽ കമ്പനി സെറ്റിംഗ്സ് അനുസരിച്ച് ലോ, ഹൈ ബീമുകളിലേക്ക് മാറ്റാൻ സാധിക്കും. 1.5ലക്ഷം കാൻഡെല (സിഡി) ആണ് നിലവിൽ വെളിച്ചത്തിന് അനുവദിച്ച പരിധി. ഇത് ഒരു ലക്ഷത്തിലേക്ക് താഴും.

അതേസമയം കാറുകളടക്കം നാല്‌ചക്ര വാഹനങ്ങളിൽ 2.25 ലക്ഷം സിഡിയിൽ നിന്ന് 1.5 ലക്ഷം സിഡി ആയി കുറയും. വെളുത്ത ഹെഡ്‌ലൈറ്റിൽ നിന്നും ഫ്രണ്ട് ഫോഗ് ലാമ്പിൽ നിന്നും പുറത്തുവരുന്ന വെളിച്ചം വലിയ ഗ്ളെയറിന് കാരണമാകുന്നുണ്ട്. ഇത് എതിരെ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കും. ഇതിനാൽ പരമാവധി കളർ ടെമ്പറേച്ചർ 6500 കെൽവിനായി നിജപ്പെടുത്തി. മെയിൻ ബീം ഹെഡ്‌ലാമ്പുകളുടെ പ്രകാശം കാരണം രാത്രികാലങ്ങളിൽ നഗരങ്ങളിൽ അപകടം വർദ്ധിക്കാറുണ്ട്. ഈ ശക്തമായ പ്രകാശം എതിരെ വരുന്നവർക്ക് താൽക്കാലികമായി ഒന്നും കാണാനാവാത്ത അവസ്ഥ വരുന്നതിനാലാണിത്.

ഓഡിയോ സന്ദേശം വാഹനം നൽകും

പുതിയ സംവിധാനം അനുസരിച്ച് അനാവശ്യമായി ഹൈബീം വെളിച്ചം ഉപയോഗിക്കുന്നതിന് എതിരെയായി ഒരു ഓഡിയോ സന്ദേശവും നൽകും. നഗരപ്രദേശങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ ഡ്രൈവർ സ്വയം ഹൈബീം ലൈറ്റിട്ടാൽ വാഹനം തന്നെ അത് കുറയ്‌ക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്ന രീതിയാണിത്. സ്‌പീഡ് സെൻസിറ്റീവായ സംവിധാനവുമാണിത്. ഹൈവേയിൽ 60 കിലോമീറ്ററിലേറെ വേഗത്തിൽ പോകുന്ന വാഹനത്തിൽ ഈ മുന്നറിയിപ്പ് സംവിധാനം ഉണ്ടാകില്ല. നിശ്ചിത വേഗപരിധി ഇവിടെ വേണമെന്നതിനാലാണിത്. വാഹനങ്ങളിൽ രാത്രികാല നഗരയാത്ര സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭേദഗതികൾ സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. അല്ലാതെ എല്ലാത്തരം റോഡുകളിലും നിയന്ത്രണം എന്ന തരത്തിലല്ല.

English Summary

Major causes of road accidents include overspeeding, drunk or drug-impaired driving, distracted driving while using mobile phones, traffic violations and fatigue or drowsiness. Another increasingly important concern is the use of excessively bright headlights, which can temporarily impair the vision of oncoming drivers and increase the risk of accidents.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL HIGHWAYS, TRAVEL, HIGH BEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360