SignIn
Kerala Kaumudi Online
Wednesday, 19 August 2026 1.23 PM IST

ഊബറിൽ പുതിയ സേവനം, ട്രെയിൻ ടിക്കറ്റും ബസ് ടിക്കറ്റും ഇനി എളുപ്പത്തിൽ ലഭിക്കും, യാത്രകൾ ഒരൊറ്റ ആപ്പിലൂടെ

uber-tickets-
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ക്യാബ് ബുക്കിംഗിന് പുറമെ ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ് ബുക്കിംഗ് സേവനങ്ങളും അവതരിപ്പിച്ച് ഊബർ. ഇന്ത്യയിൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സേവനം ലഭ്യമാക്കുന്നതിനായി ഇക്സിഗോയുമായി സഹകരിച്ചാണ് ഊബർ പുതിയ സൗകര്യ ലഭ്യമാക്കാനൊരുങ്ങുന്നത്.

അതേസമയം, സംസ്ഥാനത്ത് കെഎസ്ആർടിസിയും ഊബറും കൈകോർത്താണ് ബസ് ടിക്കറ്റുകൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്നത്. വിവിധ യാത്രാമാർഗങ്ങൾ ഒരുമിച്ച് കോർത്തിണക്കുന്ന ആധുനിക പൊതുഗതാഗത സംവിധാനമായ ഫസ്റ്റ്മൈൽ- ലാസ്റ്റ് മൈൽ കണക്ടിവിറ്റിയിലേക്കാണ് കെഎസ്ആർടിസിയും മാറുന്നത്.

സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിയുടെ ഭാഗമായാണ് പുതിയ സേവനം കെഎസ്ആർടിസിയും ഊബറും ചേർന്ന് ഒരുക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ കൂട്ടിച്ചേർക്കുന്ന കേന്ദ്രസർക്കാർ നയപ്രകാരമാണ് കെഎസ്ആർടിസി ഓൺലൈൻ സേവന ദാതാക്കളുമായി കൈകോർക്കുന്നത്. ഇതോടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനും കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനും ഇനി ഊബർ ഉപയോഗിക്കാൻ കഴിയും.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ

ഇക്സിഗോയുടെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഊബർ ആപ്പിൽ റെയിൽവെ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും യാത്രാ തീയതിയും നൽകിയാൽ ലഭ്യമായ ട്രെയിനുകൾ പരിശോധിച്ച് ഇഷ്ടപ്പെട്ട ട്രെയിൻ തിരഞ്ഞെടുക്കാനും ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. ബുക്കിംഗ് പൂർത്തിയായ ശേഷം ടിക്കറ്റ് വിവരങ്ങളും പിഎൻആർ സ്റ്റാറ്റസും ആപ്പിൽ തന്നെ പരിശോധിക്കാനും സാധിക്കും.

യാത്രയുടെ ആദ്യഘട്ടം മുതൽ അവസാന ഘട്ടം വരെ ഒരൊറ്റ ആപ്പിലൂടെ നിയന്ത്രിക്കാനാകുന്ന സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി. ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനൊപ്പം സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രയും ഒരേ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിലൂടെ യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുകയാണ് ഊബറും ഇക്സിഗോയും ലക്ഷ്യമിടുന്നത്.

എങ്ങനെ ബുക്ക് ചെയ്യാം?

  1. Uber ആപ്പ് തുറക്കുക.
  2. 'ബസ് ആന്റ് ട്രെയിൻ' അല്ലെങ്കിൽ 'സർവീസസ്' വിഭാഗം തിരഞ്ഞെടുക്കുക.
  3. ട്രെയിൻ ടിക്കറ്റ്സ് തിരഞ്ഞെടുക്കുക.
  4. യാത്ര തുടങ്ങുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, യാത്രാ തീയതി എന്നിവ നൽകുക.
  5. ലഭ്യമായ ട്രെയിനുകളിൽ നിന്ന് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യുക.
  6. ബുക്ക് ചെയ്ത ടിക്കറ്റും പിഎൻആർ സ്റ്റാറ്റസും ഊബർ ആപ്പിൽ തന്നെ പരിശോധിക്കാം.

കെഎസ്ആർടിസിയും ഊബറും

പുതിയ പദ്ധതിയിലൂടെ വീട്ടിൽനിന്നും ബസ് സ്റ്റോപ്പിലേക്കുള്ള ടാക്സി അല്ലെങ്കിൽ ഓട്ടോറിക്ഷ ബുക്ക് ചെയ്യുന്നതിനൊപ്പം തുടർയാത്രയ്ക്ക് കെഎസ്ആർടിസി ബസിലും ഊബർ ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ബസിറങ്ങിയ ശേഷം അവിടന്ന് ടാക്സി അല്ലെങ്കിൽ ഓട്ടോറിക്ഷ വേണമെങ്കിൽ അതും ഓണലൈൻായി ബുക്ക് ചെയ്യാനും പണമടയ്ക്കാനും സാധിക്കും. കെഎസ് ആർടിസി ബസുകളുടെ യാത്ര തത്സമയം ഊബറിനും കൈമാറും. ഇത് കണക്കാക്കിയാണ് തുടർയാത്രയ്ക്ക് ഊബർ വാഹനം എത്തിക്കുന്നത്. ബസ് വൈകിയാലും അതിനനുസരിച്ച് യാത്ര ക്രമീകരിക്കാനാകും.

അന്തർ സംസ്ഥാന ബസുകളും ഊബറിൽ ലഭ്യമാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ടിക്കറ്റ് തുക അപ്പോൾത്തന്നെ കെഎസ്ആർടിസിക്ക് ലഭിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

English Summary

Uber has expanded its services in India to include train and bus ticket bookings alongside cab services. Train tickets will be offered through an ixigo partnership, while KSRTC has partnered with Uber to provide bus tickets through the app. The initiative aims to enable seamless first-mile and last-mile connectivity, allowing users to combine taxis, buses and trains in one platform.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UBER TRAIN TICKET BOOKING, UBER BUS TICKET, IXIGO PARTNERSHIP, TRAIN TICKET BOOKING APP, KSRTC UBER PARTNERSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY