
ജീവചരിത്രരചന സർഗസൃഷ്ടിയാകുന്നത് അനാവരണം ചെയ്യപ്പെടുന്ന വ്യക്തിയുടെ ജീവിതരേഖകളും സംഭാവനകളും ചരിത്രബന്ധുരവും രസാത്മകവുമായി അനുവാചക മനസിൽ നിവേശിപ്പിക്കുമ്പോഴാണ്. വിശ്വസാഹിത്യത്തിലെ എല്ലാ മികച്ച ജീവചരിത്രരചനകളിലും ഇത് കാണാം. വരികളിലൂടെ കഥാപുരുഷന്റെ സ്പഷ്ടമായ ബാഹ്യചിത്രവും ആന്തരിക ലോകത്ത് അദ്ദേഹം അനുഭവിച്ച ആത്മീയ സംഘർഷങ്ങളും അനുഭവവേദ്യമാക്കിയ ജീവചരിത്രഗ്രന്ഥമാണ് പി.ആർ. ശ്രീകുമാറിന്റെ 'നടരാജഗുരു: സച്ഛിഷ്യനും സദ്ഗുരുവും'.
ഇതിനു മുമ്പ് ശ്രീകുമാർ, സ്വാമി ജോൺ സ്പിയേഴ്സിന്റെയും ഗുരു നിത്യചൈതന്യ യതിയുടെയും ജീവചരിത്രഗ്രന്ഥങ്ങൾ 'സംന്യാസത്തെ സ്വയം നിർവചിച്ച സ്വാമി ജോൺ സ്പിയേഴ്സ്', 'നിത്യതയുടെ ചൈതന്യം' എന്നീ പുസ്തകങ്ങൾ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മൂന്നു രചനകളിലൂടെയും അദ്ദേഹം നാരായണ ഗുരുകുലത്തിലെ ശിഷ്യപരമ്പരയിലെ മൂന്നു സന്യാസിവര്യന്മാരുടെയും ജീവചരിത്രങ്ങൾ എഴുതുകയെന്ന അപൂർവ നേട്ടത്തിന് അർഹനായി.
നടരാജഗുരു ആത്മകഥയിൽ രേഖപ്പെടുത്താതെ വിട്ടുപോയ ജീവിതാനുഭവങ്ങളും സന്ദർഭങ്ങളും കുറെയുണ്ട്. അവയിൽ മിക്കതും തേടിപ്പിടിക്കാൻ ശ്രീകുമാർ കാണിച്ച കഠിന ശ്രമങ്ങളും ആത്മാർത്ഥതയും രചനയുടെ മഹനീയതയാകുന്നുണ്ട്. ഇതിനായി നടരാജഗുരുവിനെക്കുളിച്ചുള്ള ഒട്ടേറെ ഗ്രന്ഥങ്ങൾ അദ്ദേഹം വായിച്ചു. ഗുരുവിനെ പരാമർശിക്കുന്ന ധാരാളം ചരിത്രരേഖകൾ പരിശോധിച്ചു. ഗുരുവിനെ നേരിൽ പരിചയിച്ച ധാരാളം പേരുമായി മുഖാമുഖം നടത്തി ആർജിച്ച അറിവുകൾ രചനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശ്രീ നാരായണഗുരുവും നടരാജഗുരുവും തമ്മിലുള്ള അനിതരസാധാരണ ഗുരു-ശിഷ്യ ബന്ധവും പാരസ്പര്യവും ഈ കൃതി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അതിൽ ശിഷ്യന്റെ മാനസിക ഭാവങ്ങളെ മൗനത്തിലൂടെ തൊട്ടറിഞ്ഞ ഗുരുവിന്റെ ചിത്രങ്ങളും ധാരാളം. ഒരുമനുഷ്യൻ എന്ന നിലയിൽ മനസിന്റെ ഗതിവിഗതികൾക്കുണ്ടാകുന്ന ചാഞ്ചല്യങ്ങളും മാറ്റങ്ങളും അംഗീകരിക്കാൻ മടിയില്ലാത്ത മനീഷിയായിരുന്നു നടരാജഗുരു. മൃദുലമായ വൈകാരിക ചിന്തകൾ മനസിലുണ്ടായാൽ അത് മാനുഷികമെന്ന് തിരിച്ചറിയുകയും തീഷ്ണമായ ആദ്ധ്യാത്മിക വൈഭവത്താൽ അവയെ സംശുദ്ധീകരിക്കുന്നതിൽ അങ്ങേയറ്റം വിജയിക്കുകയും ചെയ്ത അനുഭവങ്ങൾ നടരാജഗുരുവിന്റെ ജീവിതത്തിൽ അനേകമുണ്ട്. അത്തരം അനുഭവങ്ങളും ജീവചരിത്രരചനയിൽ ഒഴിവാക്കിയിട്ടില്ല. മാനുഷികചോദനകൾ ആത്മീയവഴികളെ മലീമസമാക്കുമെന്ന മൂഢചിന്തകൾ വികലഭാവനകൾ വച്ചുപുലർത്തുന്നവർക്ക് വലിയ പാഠങ്ങളായിരിക്കും.
ശ്രീ നാരായണ ഗുരുവിന്റെ ദർശന പരമ്പരയിലെ വിമതസന്യാസി തന്നെയായിരുന്നു നടരാജഗുരു. അഥവാ, ഗുരു വിഭാവനം ചെയ്ത സന്യാസയോഗത്തിന് ഈ വിമതസ്വഭാവം സഹജമായിരുന്നു. അതുതന്നെയാകാം കാവി ധരിച്ച ശ്രീ നാരായണ ഗുരുവിന്റെ ചിത്രം പോലും നമുക്ക് പരിചിതമാകാതെ പോയത്. ഏണസ്റ്റ് കിർക്കിന് സ്യൂട്ട് നൽകി സന്യാസിയാക്കിയ നാരായണഗുരു പ്രതീകാത്മകമായി ഒരു മഞ്ഞ ഷാൾ മാത്രം നൽകി നടരാജഗുരുവിനും സന്യാസം അരുളി. മനുഷ്യന്റെ അജ്ഞതയും കഷ്ടപ്പാടുകളും അകറ്റാൻ ജീവിതം അർപ്പിച്ച് ചരാചരപ്രേമം ജീവധാരയാക്കി കർമ്മനിരതനായിരിക്കുന്നതാണ് യഥാർത്ഥ സന്യാസമെന്ന് നാരായണഗുരു നമ്മെ പഠിപ്പിച്ചു. അതിനാൽ വ്യവസ്ഥാപിതമായ പലതിനേയും ഗുരു ഉല്ലംഘിക്കുകയോ വകവയ്ക്കാതിരിക്കുകയോ ചെയ്തു. അതേ പാതയിൽ അതേ നിഷ്ഠയോടെ മുന്നേറിയ നടരാജഗുരുവിനും വ്യവസ്ഥാപിതമായ പലതിനേയും നിരാകരിക്കാനും പുതിയതിനെ സൃഷ്ടിക്കാനും കഴിഞ്ഞു. ആ മഹത്തായ ജീവിതം ഇനിയുമിനിയും പഠിക്കേണ്ടത് ചരിത്രനീതിക്ക് അനിവാര്യമാകുന്നു. അതിനുള്ള ഒന്നാംതരം വാതായനമാകുന്നു പി.ആർ. ശ്രീകുമാർ രചിച്ച 'നടരാജഗുരു: സച്ഛിഷ്യനും സദ്ഗുരുവും'.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |