SignIn
Kerala Kaumudi Online
Sunday, 05 July 2026 5.21 AM IST

മിന്നാമിനുങ്ങായിരുന്നില്ല നീയൊരു ദീപസ്തംഭം

s

ഒരിക്കൽ,കരിമഷി പടരുവാൻ
കൺമഷി എഴുതാത്തൊരെന്റെ കണ്ണിൽ..
കണ്ണീരുതിരുന്ന വേളകളിൽ
കവിളിൽ പടരുന്നതിന്നു മുൻപേ
ഞാൻ പോലുമറിയാതെ മായ്ക്കുവാനെത്തുന്ന
വിരലുകളുണ്ടായിരുന്നു.

ഓർക്കാത്ത നേരത്താ
വിരലിൽ ഞാൻതൊട്ടപ്പപ്പോൾ
മഞ്ഞിൻ തണുപ്പായിരുന്നു.
അലമുറയിട്ട് കരയും മനസ്സുമായ്
മരവിച്ചു ഞാനന്നരികിൽ നിൽക്കെ,
ആരോ വിടുവിച്ചു കൊണ്ടുപോയാ
തണുത്ത കൈത്തലം എന്നേക്കുമായ്,
ദീപങ്ങൾ സാക്ഷിയായന്നൊരു നാൾ.
കതിർ മണ്ഡപത്തിൽ വെച്ചെന്റെയച്ഛൻ
കൈ ചേർത്ത് നൽകിയ കൈകൾ.

ബാഷ്പാങ്കുരങ്ങൾ തുടയ്ക്കാതെ ഞാനിന്നു
തൊടിയിൽനോക്കിതനിച്ചിരിക്കെ,
സന്ധ്യകൾ വന്നെന്റെ ചാരത്തിരിക്കുന്നുമൗനം .

പണ്ടുമെൻസായന്തനങ്ങളങ്ങീ
ചാരുകസേര തൻ ചാരെ,
കാൽ നീട്ടി വച്ചുതണുപ്പിന്റെ പൂമുഖത്തിണ്ണയിലായിരുന്നു
മുറ്റത്തെ തേന്മാവിന്നിലകളുതിർക്കുന്ന
സംഗീതസദിരിന്റെ ശ്രോതാക്കളായ്
ഞങ്ങൾ ഒപ്പമിരുന്നു നിലാവിനൊപ്പം

സ്വച്ഛന്ദമൊഴുകിയ ജീവിത വേളകൾക്കസ്തമയത്തിന്റെ

തിരശ്ശീല താഴ്ത്തുവാൻ അര നൊടി മാത്രമേ വേണ്ടിവന്നു
ചാരുകസേരയൊഴിഞ്ഞു കിടക്കുന്നു.
പൂമുഖത്തൂണിലും തേന്മാവിൻ തുഞ്ചിലും

ഓടിക്കളിച്ചു നടന്നോരണ്ണാറക്കണ്ണന്മാർ

കിന്നാരം ചൊല്ലുവാനാളില്ലാതെ,
ഈ വഴിയിപ്പോൾവരാറേയില്ല..

ഇരുളിലവ്യക്തമങ്ങു ദൂരെ
പുല്ലു മൂടിപ്പോയ ചെറിയൊരു മൺകൂന കാണാം
അതിന് മേലെ മെല്ലെ പറന്നു നടപ്പതുണ്ട്,
ഒരു മിന്നാമിനുങ്ങേകനായി കാണുന്നു
ഞാനെന്റെ മിഴിനീർ തിരകൾക്കിടയിലൂടെ,
പോകാതെ മണ്ടുകയാണ് പാവം
' വിരലുകൾ നീട്ടുവാനാവതില്ല,നിന്റെ മിഴിനീർ തുടയ്ക്കുവാനിന്നെനിക്ക്'

പ്രാണനിലെന്നോപതിഞ്ഞുകിടക്കുന്നൊരാ സ്വരം
കേൾക്കുകയാണ് ഞാൻ പേർത്തും പേർത്തും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY