നേരത്തെ തിരഞ്ഞെടുപ്പിന് നീക്കം
കണ്ണൂർ: സംസ്ഥാനത്തെ അധികാരമാറ്റത്തിന്റെ അലയൊലി കണ്ണൂർ ജില്ലയിലെ പൊലീസ് അസോസിയേഷൻ പ്രവർത്തനത്തിലും പ്രകടമാകുന്നു. ജില്ലയിലെ നിലവിലുള്ള അസോസിയേഷൻ ഭാരവാഹികളുടെ കാലാവധി തീരും മുമ്പ് തന്നെ പുതിയ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കമാണ് സജീവമായിരിക്കുന്നത്.
കണ്ണൂർ ജില്ല അസോസിയേഷൻ കമ്മിറ്റി ഇപ്പോഴും എൽ.ഡി.എഫ് അനുകൂലികളുടെ കൈവശമാണ്. എന്നാൽ സംസ്ഥാനത്ത് ഭരണം മാറിയതോടെ ജില്ല കമ്മിറ്റിയുടെ പ്രവർത്തനം ഏറെക്കുറെ മന്ദീഭവിച്ച നിലയിലാണ്. അസോസിയേഷൻ ഭാരവാഹികളെ ജില്ല പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥലം മാറ്റിയിട്ടുണ്ട്. പകരം യു.ഡി.എഫ് അനുകൂലികളായ പൊലീസുകാരെ എസ്.പി ഓഫിസിലും ജില്ല പൊലീസ് ആസ്ഥാനത്തും ഇതിനകം നിയമിച്ചു കഴിഞ്ഞു.
സാധാരണ ഗതിയിൽ അസോസിയേഷൻ തിരഞ്ഞെടുപ്പ് രണ്ട് വർഷത്തിലൊരിക്കലാണ് നടക്കാറുള്ളത്. ആ കണക്കനുസരിച്ച് അടുത്ത വർഷമാണ് കണ്ണൂരിൽ അടക്കം തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ അതുവരെ കാത്തുനിൽക്കേണ്ടെന്നാണ് യു.ഡി.എഫ് അനുകൂലികളുടെ തീരുമാനം. ജില്ലയിൽ ഇപ്പോൾ അനുകൂല സാഹചര്യം മുതലെടുത്ത് ഈ വർഷം തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ഇതിനായി അസോസിയേഷൻ ബൈലോയിൽ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്.
ഗ്രേഡ് എസ്.ഐമാർക്കും അംഗത്വം,
തിരഞ്ഞെടുപ്പിൽ നിർണായകം
നിലവിൽ ഗ്രേഡ് എസ്.ഐമാർ പൊലീസ് അസോസിയേഷനിൽ അംഗങ്ങളല്ല. ഇവർക്ക് പൊലീസ് ഓഫിസേഴ്സ് അസോസിയേഷനിലാണ് അംഗത്വമുള്ളത്. ഇത് മാറ്റി ഗ്രേഡ് എസ്.ഐമാരെക്കൂടി പൊലീസ് അസോസിയേഷനിൽ അംഗങ്ങളാക്കാൻ ബൈലോ ഭേദഗതി ചെയ്യാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. ഈ മാറ്റം കണ്ണൂർ ജില്ലയിലെ അംഗബലത്തിലും പ്രതിഫലിക്കുമെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിർണായക ഘടകമാകുമെന്നും അസോസിയേഷൻ വൃത്തങ്ങൾ വിലയിരുത്തുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |