
തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം സ്‌റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്തതിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട്. സ്‌റ്റേഷനിലെത്തി ഒപ്പിട്ട ശേഷം പ്രതികളെ അപ്പോൾതന്നെ പറഞ്ഞുവിടുന്നതിൽ എസ്.എച്ച്.ഒയ്ക്കും മറ്റ് പൊലീസുകാർക്കും ഉത്തരവാദിത്വമുണ്ടായിരുന്നു. സ്‌റ്റേഷനിൽ ഓണം ആഘോഷിക്കാൻ ഒരുക്കിയിരുന്ന ഊഞ്ഞാൽ, ചെണ്ട എന്നിവ പ്രതികൾ ഉപയോഗിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ഇതു തടയാനായില്ല.
റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർ ഡോ.അരുൾ ബി.കൃഷ്ണ ദക്ഷിണമേഖലാ ഐ.ജിക്ക് കൈമാറി. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പ്രതികൾക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടും ചൂണ്ടിക്കാട്ടിയിരുന്നു.
വസ്ത്രം വാങ്ങി നൽകിയിട്ടില്ല
പ്രതികൾക്ക് പൊലീസ് വസ്ത്രം വാങ്ങി നൽകിയിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാളയത്തെ ഒരു ടെക്സ്‌റ്റൈയിൽസിൽ നിന്ന് 68 ഷർട്ടുകളാണ് മ്യൂസിയം സ്‌റ്റേഷനിലേക്ക് വാങ്ങിയത്. ഷർട്ടുകളും പൊലീസുകാരുടെ പട്ടികയും പരിശോധിച്ചു. ഐ.പി.ബിനുവിന്റെ ഷർട്ടും പൊലീസുകാർ ധരിച്ചിരുന്ന ഷർട്ടും നീലനിറമാണെങ്കിലും രണ്ടും വ്യത്യസ്തമായിരുന്നു.
റീൽ എസ്.എച്ച്.ഒ ഉള്ളപ്പോൾ
എസ്.എച്ച്.ഒ ആർ.പ്രശാന്ത് എത്തുമ്പോൾ പ്രതികൾ സ്‌റ്റേഷനിലുണ്ടായിരുന്നു. സ്‌റ്റേഷന് മുന്നിൽ വച്ച് പ്രതിയായ ഉണ്ണികൃഷ്ണനോടും സ്‌റ്റേഷനുള്ളിൽ വച്ച് ഐ.പി.ബിനുവിനോടും എസ്.എച്ച്.ഒ സംസാരിച്ചു. കേസിനെ കുറിച്ചായിരുന്നു സംസാരിച്ചത്. എസ്.എച്ച്.ഒ സ്‌റ്റേഷനിലുള്ളപ്പോഴാണ് പ്രതികൾ പുറത്ത് റീൽസിന്റെ ബാക്കി ചിത്രീകരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |