SignIn
Kerala Kaumudi Online
Monday, 28 September 2026 3.24 AM IST

മൺപാത്ര നിർമ്മാണത്തിനായി ജീവിതം സമർപ്പിച്ച്

makkoorrm-balan-
കണ്ണപുരത്തെ മാക്കൂട്ടം ബാലന്‍ മണ്‍പാത്ര നിര്‍മാണ രീതി കാണിച്ചുകൊടുക്കുന്നു

കണ്ണൂർ: 60 വർഷമായി മൺപാത്ര നിർമ്മാണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് കണ്ണപുരം ഈസ്റ്റിലെ മാക്കൂട്ടം ബാലൻ. 15ാം വയസിൽ തുടങ്ങിയ മൺപാത്ര നിർമ്മാണം പുതിയ തലമുറകൾക്കും പകർന്നു നൽകുകയാണ് പ്രായം 72 പിന്നിട്ട ഇദ്ദേഹം.

12ാം വയസ്സിൽ അച്ഛൻ രാമൻകുട്ടി നായരിൽ നിന്നും അമ്മ ദേവകിയിൽ നിന്നും പഠിച്ചെടുത്തതാണിത്. ഇതിനകം 200ലധികം വിദ്യാലയങ്ങളിലും, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള 50ലധികം കോളേജുകളിലും മൺപാത്ര നിർമ്മാണ ശില്പശാല നടത്തി ശ്രദ്ധ നേടി.
മൺപാത്ര നിർമാണത്തിനാവശ്യമായ കളിമണ്ണ് ശേഖരിക്കുന്നതു മുതൽ അതു രൂപപ്പെടുത്തി വ്യത്യസ്ത രൂപത്തിലുള്ള പാത്രങ്ങൾ നിർമിക്കുന്നതു വരെയുള്ള വിവിധ ഘട്ടങ്ങൾ ബാലൻ ശില്പശാലകളിൽ പരിചയപ്പെടുത്തും. മൺപാത്ര നിർമ്മാണ രംഗത്തേക്ക് പുതിയ തലമുറയുടെ വരവ് കുറഞ്ഞതോടെയാണ് വിദ്യാലയങ്ങളും യൂണിവേഴ്‌സിറ്റികളും കേന്ദ്രീകരിച്ച് ശില്പശാല നടത്താൻ തീരുമാനിച്ചതെന്ന് മാക്കൂട്ടം ബാലൻ പറയുന്നു.

ഒരുകാലത്ത് ഇരുനൂറോളം കുടുംബങ്ങൾ മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നുവെങ്കിലും, ഇന്ന് ചുരുക്കം ചിലർ മാത്രമേ ആ പാരമ്പര്യം തുടരുന്നുള്ളൂ. മറ്റനേകം തൊഴിൽ സാദ്ധ്യത കടന്നുവന്നതോടെ പുതിയ തലമുറയുടെ വരവ് കുറഞ്ഞു.

സൂഷ്മതയോടെ ചെയ്യേണ്ട ജോലി

ജോലിക്കു നിശ്ചിത സമയം ക്രമപ്പെടുത്താൻ കഴിയാത്ത തൊഴിൽ മേഖലയാണ് മൺപാത്ര നിർമാണം. കളിമണ്ണ് ചവിട്ടികുഴച്ച് പരുവപ്പെടുത്തലാണ് ആദ്യഘട്ടം. ചക്രത്തിലിട്ട് പാത്രം മെനഞ്ഞെടുക്കലാണ് അടുത്തത്. പിന്നീട് അടിഭാഗം തല്ലിക്കൂട്ടും. മൂന്ന് ദിവസം തണലിൽ ഉണക്കും. മിനുക്കിയെടുത്ത് രണ്ടു മൂന്ന് ദിവസം ചൂളയിൽ വയ്ക്കും. ഇതിനിടയിൽ പലതും പൊട്ടിപ്പോകും. സൂഷ്മതയോടെ ചെയ്യേണ്ട ജോലിയായതിനാൽ പുതിയ തലമുറ കടന്നുവരുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

പ്രതിസന്ധികളിൽ തളർന്ന്
ഇന്ന് മൺപാത്ര നിർമ്മാണ മേഖലയിലുള്ളവർ നിരവധി പ്രതിസന്ധികളാണ് നേരിടുന്നത്. കളിമണ്ണ് പോലും ശരിക്കും ലഭിക്കുന്നില്ല. സർക്കാർ സഹായവും കാര്യമായിട്ടില്ലെന്ന് മാക്കൂട്ടം ബാലൻ പറയുന്നു. മണ്ണിന്റെ ലഭ്യതയുടെ കുറവും വലിയ വെല്ലുവളിയായിട്ടുണ്ട്. കീച്ചേരി, പൂവ്വം, മമ്പറം, പിലാത്തറ ഭാഗങ്ങളിലാണ് പാത്രനിർമ്മാണത്തിനാവശ്യമായ മണ്ണുള്ളത്. ഇപ്പോൾ ഈ ഭാഗങ്ങളിൽ മണ്ണിന്റെ ലഭ്യത കുറയുകയാണ്. ദൂര സ്ഥലങ്ങളിൽ പോയാണ് നിലവിൽ മണ്ണ് ശേഖരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL