SignIn
Kerala Kaumudi Online
Wednesday, 21 October 2026 2.23 AM IST

നേതൃത്വം ആർ.നിശാന്തിനിക്ക്,​കോവളം സ്പായിലെ പീഡനം: എസ്.ഐ.ടി അന്വേഷിക്കും

തിരുവനന്തപുരം: കോവളത്തെ സ്‌പായിൽ 16കാരിയെ പീ‌ഡിപ്പിച്ച കേസിന്റെ അന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിച്ചു. ഫോർട്ട് അസി.കമ്മിഷണർ കെ.പ്രദീപിനായിരിക്കും അന്വേഷണച്ചുമതല. കോവളം സി.ഐ ശ്രീകുമാറായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. മേൽനോട്ട ചുമതല സിറ്റി പൊലീസ് കമ്മിഷണർ ഡോ.അരുൾ ആർ.ബി കൃഷ്ണ,​ഡെപ്യൂട്ടി കമ്മിഷണർ ദീപക് ധൻകർ എന്നിവർക്കായിരിക്കും. ഐ.ജി ആർ.നിശാന്തിനി അന്യസംസ്ഥാനങ്ങളിലേതടക്കം അന്വേഷണത്തിന്റെ നേതൃത്വ ചുമതല വഹിക്കും.

കോവളം സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.ടി രൂപീകരിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ ഇന്നലെ രാവിലെയോടെ നിർദ്ദേശിച്ചിരുന്നു. എന്നാൽ സുപ്രധാന കേസായതിനാൽ അന്വേഷണം ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതലയിലാക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി.വിജയൻ നിർദ്ദേശിക്കുകയായിരുന്നു. കേസിന്റെ തുടരന്വേഷണത്തിൽ സ്പായിലെ ഇടപാടുകാരെയടക്കം കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തിക ആരോപണങ്ങളടക്കം ഒഴിവാക്കാനാണ് അന്വേഷണം ഉന്നത ഉദ്യോഗസ്ഥന് കൈമാറിയത്. കോവളം,ഫോർട്ട്,സൈബർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരടക്കം 9പേരാണ് എസ്.ഐ.ടിയിലുള്ളത്. സ്പായിലെത്തി കുട്ടിയെ പീഡിപ്പിച്ചവരെയെല്ലാം കണ്ടെത്താനാണ് എസ്.ഐ.ടിക്കുള്ള നിർദ്ദേശം. പ്രതികളുടെ ഫോൺകാൾ രേഖകൾ പരിശോധിച്ച് ഇടപാടുകാരെ കണ്ടെത്തും.

ഇടപാടുകാരുടെ തിരിച്ചറിയൽ പരേഡ് നടത്താനും തീരുമാനമുണ്ട്. ഇവർക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കും. സ്പാകളെ അനാശാസ്യ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും എ.ഡി.ജി.പി പി.വിജയൻ വ്യക്തമാക്കി. പെൺകുട്ടിയെ ആദ്യം കൊണ്ടുപോയത് ബംഗളൂരുവിലാണ്. പിന്നീട് ചെന്നൈയിലെത്തിച്ചു. അവിടെ നിന്നാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ബന്ധുക്കളാണ് ഇതിനുപിന്നിലെന്നത് ഏറെ ഗൗരവകരമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൂഷണം ചെയ്ത എല്ലാവരും കുടുങ്ങുമെന്നും എ.ഡി.ജിപി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY