കൊട്ടിയൂർ: പാൽച്ചുരം റോഡിന്റെ വികസന പരിമിതി ഉൾക്കൊള്ളണമെന്നും കണ്ണൂർ വിമാനത്താവളം റോഡിന്റെ വികസന ആവശ്യവും വാഹനങ്ങളുടെ ബാഹുല്യവും പരിഗണിച്ച് ചുരം രഹിത പാത യാഥാർത്ഥ്യമാകണമെന്നും ഇതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂർ - വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ- അമ്പായത്തോട്–തലപ്പുഴ 44-ാം മൈൽ ചുരം രഹിതപാത യാഥാർത്ഥ്യമാക്കുന്നതിനും മലയോര മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിനും വയനാടുമായുള്ള യാത്രാദൂരം കുറയ്ക്കുന്നതിനും ഏറെ പ്രാധാന്യമുള്ള പദ്ധതിക്കായി ജനകീയ കൂട്ടായ്മ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും സംഘടനാ ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാനന്തവാടി എം.എൽ.എ ഉഷ വിജയൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകം, ജില്ലാ പഞ്ചായത്തംഗം ജെയ്സൻ കാരക്കാട്ട്, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യാ പോൾ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, എന്നിവരടക്കമുള്ള ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
മന്ത്രിമാർ, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മാദ്ധ്യമ പ്രതിനിധികൾ ഉൾപെട്ട കർമ്മസമിതി രൂപവത്കരിച്ചു. നിലവിലെ ചുരം പാതയിലൂടെ വയനാട്ടിലേക്കുള്ള യാത്ര മഴക്കാലത്തും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്ത സമയങ്ങളിലും ഏറെ പ്രയാസകരമാകുന്ന സാഹചര്യത്തിൽ, ചുരം ഒഴിവാക്കി സുരക്ഷിതവും സുഗമവുമായ ബദൽപാതയുടെ ആവശ്യകത യോഗം ചർച്ച ചെയ്തു.
വിവിധ മേഖലകൾക്ക് ഗുണകരം
അമ്പായത്തോട്–44-ാം മൈൽ–തലപ്പുഴ പാത യാഥാർത്ഥ്യമായാൽ കണ്ണൂർ ജില്ലയിലെ മലയോര മേഖലയും വയനാടും തമ്മിലുള്ള ഗതാഗതബന്ധം കൂടുതൽ ശക്തമാകുന്നതിനൊപ്പം മേഖലയിലെ വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ചുരം രഹിതപാതയ്ക്കായുള്ള തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |