കൊച്ചി: നെടുമ്പാശേരി വിമാനത്താവള റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ മദ്യപാനവും അതിമവേഗവുമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി). എറണാകുളം എൻഫോഴ്സ്‌മെന്റ് ആർടിഒ ബിജു ഐസക് ഇതുസംബന്ധിച്ച റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കൈമാറി.
അപകടം നടന്ന സിയാൽ - അത്താണി എക്‌സ്‌പ്രസ് വേയിൽ മണിക്കൂറിൽ 60 കിലോമീറ്ററാണ് അനുവദനീയമായ വേഗതപരിധി. എന്നാൽ ഇത് ലംഘിച്ച് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് എംവിഡിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. റോഡിന്റെ ഘടനയിലോ വെളിച്ചത്തിലോ അപാകതകളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റോഡിൽ മതിയായ മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നു.
ഞായറാഴ്ച പുലർച്ചെ 1.30ഓടെയാണ് മൂന്നുപേരുടെ ജീവനെടുത്ത അപകടം നടന്നത്. മദ്യപിച്ച് ലക്കുകെട്ട് അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മിനി കൂപ്പർ ഓടിച്ച സുഹൈൽ സജീവ് (19) റിമാൻഡിലാണ്. ഞായറാഴ്ച രാത്രി മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്ത സുഹൈലിനെ ഇന്നലെ പുലർച്ചെയാണ് 21 വയസിൽ താഴെയുള്ള കുറ്റവാളികളെ പാർപ്പിക്കുന്ന ബോസ്റ്റൽ സ്‌കൂളിൽ എത്തിച്ചത്. കാക്കനാട് ജില്ലാജയിലിനോട് ചേർന്നുള്ള ദുർഗുണ പരിഹാര പാഠശാലയാണിത്.
അപകടത്തിൽ വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ് ഭവനിൽ കല്യാണ മന്ദിരം എസ്റ്റേറ്റിലെ റൈറ്റർ സന്തോഷിന്റെ മകൾ ദേവിക (കുക്കു- 21), പാലക്കാട് മണ്ണാർക്കാട് ഇടക്കൂർശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ ഓട്ടോഡ്രൈവറായ എം.ആർ.പ്രദീപ്കുമാറിന്റെ മകൾ ഗോപിക (22), കർണാടക കൂർഗ് കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയ്യാസ് (21) എന്നിവരാണ് മരിച്ചത്.
The Motor Vehicles Department (MVD) has stated that drunk driving and overspeeding caused the accident near Nedumbassery airport that claimed three lives. Ernakulam Enforcement RTO Biju Isaac submitted a preliminary investigation report to the Transport Commissioner, noting that the accident occurred due to reckless driving despite the 60 kmph speed limit on the CIAL–Athani Expressway.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |