SignIn
Kerala Kaumudi Online
Sunday, 04 October 2026 3.56 AM IST

താളം തെറ്റി 'മിഠായി" മരുന്നുവിതരണം നിലച്ച് നാലുമാസം

diabetics

കണ്ണൂർ: ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്കായി സർക്കാർ ആവിഷ്‌ക്കരിച്ച മിഠായി പദ്ധതി താളം തെറ്റുന്നു. മരുന്ന് വിതരണം നിലച്ചതോടെ രോഗബാധിതരായ കുട്ടികളുടെ കുടുംബങ്ങൾചികിത്സാചെലവ് താങ്ങാനാകാതെ ദുരിതത്തിലാണ്.

കണ്ണൂർ കാസർകോട് ജില്ലകളിൽ ടൈപ്പ് വൺ പ്രമേഹബാധിതരായ 110 കുട്ടികളുണ്ട്. മിഠായി പദ്ധതി വഴി നൽകുന്ന ഇൻസുലിനിൽ മാറ്റം വരുത്തിയതോടെ തുടങ്ങിയ പ്രതിസന്ധിയാണ് ഇപ്പോൾ മരുന്ന് വിതരണം പൂർണമായും നിലക്കുന്നതിലെത്തിയത്. മിഠായി പദ്ധതിയിൽ റാപ്പിഡ് ആക്ഷൻ ഇൻസുലിന് പകരം ചിലവ് കുറഞ്ഞ ഇൻസുജൻ ആർ ആണ് ലഭിച്ചിരുന്നത്. ഇപ്പോൾ ഇത് ആവശ്യത്തിന് കിട്ടാതായി. രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സ്ട്രിപ്പുകൾ പൂർണമായും ലഭ്യമല്ലാത്തതും കുട്ടികളുടെ ചികിത്സയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്

സൗജന്യമായി ലഭിച്ചിരുന്ന ഇൻസുലിനും രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കുന്ന സ്ട്രിപ്പുകളും നാല് മാസത്തോളമായി കിട്ടാനില്ല. ടൈപ്പ് വൺ പ്രമേഹം ബാധിച്ച ഒരു കുട്ടിയുടെ ചികിത്സയ്ക്കായി പ്രതിമാസം 7,000 രൂപയോളം ചിലവ് വരും.


മരുന്ന് വാങ്ങി കടത്തിലേക്ക്

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കേണ്ടതിനാൽ ദിവസം അഞ്ചും ആറും തവണ വരെ ഗ്ലൂക്കോസ് പരിശോധന വേണം.ഇതിനുപയോഗിക്കുന്ന 50 സ്ട്രിപ്പുകളുടെ ഒരു പാക്കറ്റിന് വിപണിയിൽ ഏകദേശം 4,000 രൂപയാണ് ചെലവ്.സൗജന്യമായ വിതരണം നിലച്ചതോടെ നിത്യവും പുറമേ നിന്ന് വാങ്ങേണ്ടി വരികയാണ്. ഗ്ലൂക്കോസിന്റെ അളവനുസരിച്ച് ആവശ്യമായ സമയത്ത് ഇൻസുലിൻ സ്വയം നൽകുന്ന പമ്പിംഗ് സംവിധാനവും നിലവിലുണ്ട്. എന്നാൽ ഇതിന് ഏകദേശം ആറ് ലക്ഷം രൂപ ചെലവാകുന്നതിനാൽ ഭൂരിഭാഗം കുടുംബങ്ങൾക്കും ഇത് പ്രായോഗികമല്ല. വില കുറഞ്ഞ ഗ്ലൂക്കോസ് ഡിറ്റക്ഷൻ സ്ട്രിപ്പുകളെ ആശ്രയിച്ചാണ് പലരും കുട്ടികളുടെ ആരോഗ്യനില നിരീക്ഷിക്കുന്നത്.

ഗുണഭോക്താക്കളായി രണ്ടായിരത്തോളം കുട്ടികൾ

2018ലാണ് ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ചികിത്സയും മരുന്നും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മിഠായി പദ്ധതി ആരംഭിച്ചത്. രണ്ടായിരത്തിലേറെ പേർ പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു. തുടക്കത്തിൽ ഗുണനിലവാരമുള്ള റാപ്പിഡ് ആ്ര്രകിംഗ് ഇൻസുലിൻ നൽകിയിരുന്നെങ്കിലും പിന്നീട് സ്ലോ ആ്ര്രകിംഗ് ഇൻസുലിനാണ് വിതരണം ചെയ്തിരുന്നത്. പദ്ധതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മിഠായി സാറ്റലൈറ്റ് സെന്ററുകളിൽ എൻഡോക്രൈനോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുമെന്നും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രഖ്യാപനങ്ങൾ നടപ്പിലായില്ല.


ജീവിതകാലം മുഴുവൻ മരുന്ന്

ഇൻസുലിൽ മുടങ്ങിയാൽ ആരോഗ്യപ്രശ്നങ്ങളും മുതിർന്നവരിൽ സാധാരണ കാണുന്ന ടൈപ്പ് ടു പ്രമേഹത്തിൽ നിന്ന് വ്യത്യസ്തമാണ് കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹം. ആഗ്‌നേയഗ്രന്ഥിയിലെ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുന്നതിനെ തുടർന്നാണ് ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം ഇല്ലാതാകുന്നത്. അതിനാൽ രോഗബാധിതരായ കുട്ടികൾക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ ലഭ്യമാക്കേണ്ടിവരും. ഇൻസുലിൻ കുത്തിവെപ്പ് മുടങ്ങിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാകും.


ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ജില്ലയിലെത്തിയപ്പോൾ വിഷയം ശ്രദ്ധയിൽ പെടുത്തിയിരുന്നു. മുമ്പ് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും നിവേദനവും നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അബ്ദുൽ ജലീൽ, സെക്രട്ടറി, ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി

ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്ക് പ്രതിമാസം വേണ്ടത് ₹7000

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL