
പയ്യന്നൂർ ടൗണിലെ നടപ്പാതകളിൽ കച്ചവടം നടത്തുന്നവരെ അനുയോജ്യമായ ഇടത്തേക്ക് മാറ്റണം
കൊച്ചി: നടപ്പാതകൾ കാൽനട യാത്രക്കാർക്കുള്ളതാണെന്നും വഴിയോര കച്ചവടക്കാർക്കല്ലെന്നും ഹൈക്കോടതി. അതേസമയം, ദൈനംദിന ജീവിതത്തിനുള്ള വഴി കണ്ടെത്താൻ വെയിലും മഴയും കണക്കിലെടുക്കാതെ തെരുവിൽ കച്ചവടം നടത്തുന്നവരെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. കണ്ണൂർ പയ്യന്നൂർ ടൗണിലെ നടപ്പാതകളിൽ കച്ചവടം നടത്തുന്നവരെ ഒരു മാസത്തിനുള്ളിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി മാറ്റണമെന്ന് നിർദ്ദേശിക്കുന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. പിന്നീടും നടപ്പാതയിൽ കച്ചവടം നടത്തിയാൽ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു.
നടപ്പാത കൈയേറി കച്ചവടം നടത്തുന്നതിനാൽ സ്വന്തം സ്ഥാപനത്തിലേക്കുള്ള വഴി തടസ്സപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം തേടി പയ്യന്നൂരിൽ കെട്ടിടമുള്ള എം. ജലജ നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്.
പയ്യന്നൂർ ടൗൺ വളർന്നപ്പോൾ റോഡുകൾ ചെറുതായെന്ന് കോടതി പറഞ്ഞു. നടപ്പാതകൾ വഴിയോര വ്യാപാരികൾ കൈയടക്കിയതോടെ കാൽനടക്കാർ ബുദ്ധിമുട്ടിലായി. ഇതൊഴിപ്പിക്കാൻ മാനുഷികവും പ്രായോഗികവുമായ സമീപനം വേണം. അതിനാൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് അനുയോജ്യ സ്ഥലം കണ്ടെത്തി മാറ്റാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പഴയ ബസ് സ്റ്റാൻഡുവരെ വഴിയോര കച്ചവടം അനുവദിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഹർജിക്കാരിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിന് തടസ്സമാകുന്ന വിധം വഴിയോര കച്ചവടം നടത്താൻ അനുവദിക്കരുതെന്നും നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |