കാസർകോട്: 2017ൽ നടത്തിയ എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത്, പട്ടികയിൽ ഉൾപെട്ട 350 പേർക്ക് നഷ്ടപരിഹാര തുകയായ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം ലഭിച്ചതായി കളക്ടർ വ്യക്തമാക്കി. ഇതുവരെ 17. 50 കോടി രൂപ വിതരണം ചെയ്തതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.
ആകെ 977 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഇതിനു പുറമേ 201 അപേക്ഷകളിൽ ധനസഹായം അനുവദിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുയാണ്. 2017 ൽ ക്യാമ്പിൽ പങ്കെടുത്ത് ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട, ഇനിയും ധനസഹായത്തിന് അപേക്ഷിക്കാൻ ബാക്കിയുള്ളത് 432 പേരാണ്. ബാക്കിയുള്ളവർക്ക് ധനസഹായം അനുവദിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ ചേരുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനൊടൊപ്പം ലഘൂകരിക്കുകയും ചെയ്തതോടെയാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ 350 അപേക്ഷകർക്ക് ധനസഹായം വിതരണം ചെയ്യാൻ സാധിച്ചത്.
എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ 2022ൽ അപേക്ഷ ക്ഷണിക്കുകയും വിവിധ ഘട്ടങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2017 ൽ ക്യാമ്പിൽ പങ്കെടുത്ത് ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട, ഇനിയും ധനസഹായത്തിന് അപേക്ഷിക്കാൻ ബാക്കിയുള്ള 432 പേർ അക്ഷയ സെന്ററുകൾ വഴി അപേക്ഷിക്കണം. ആവശ്യമായ രേഖകൾ: ഒ.പി നമ്പർ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, റേഷൻ കാർഡ്. ഫോൺ 04994 257330.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |