SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

കാലവർഷം പേരിന്, പെയ്യട്ടെ തുലാമഴ

ജില്ലയിൽ മഴദിനങ്ങൾ കുറഞ്ഞു

കോട്ടയം: ഒരുദിവസം പെരുമഴ, പിന്നെ ദിവസങ്ങളോളം ചുട്ടുപൊള്ളുന്ന വെയിൽ... മഴയും വെയിലും മാറിമാറിയെത്തിയ അസ്വാഭാവിക കാലാവസ്ഥ. എന്തായാലും കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരുന്നു ജില്ലയിലെ കാലാവസ്ഥ. കാലവർഷത്തിന്റെ മഴക്കണക്കിൽ ജില്ല ശരാശരിക്കുള്ളിലാണെങ്കിലും മഴ ലഭിച്ച ദിവസങ്ങളുടെ എണ്ണം കുറഞ്ഞത് ആശങ്ക ഉയർത്തുന്നു. മഴകുറഞ്ഞതോടെ കൃഷിയിടങ്ങളിലെ ജലലഭ്യത ആശങ്കയാണ്. ഇനി തുലാവർഷത്തിലാണ് എല്ലാ പ്രതീക്ഷകളും. ജൂൺ ഒന്ന് മുതൽ സെപ്തംബർ 30 വരെയുള്ള മഴയാണ് കാലവർഷമായി കണക്കാക്കുന്നത്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ മഴക്കുറവ് 16 ശതമാനമാണ്. ഒരു പതിറ്റാണ്ടിനിടെ ഇതിലും കുറഞ്ഞ മഴ ലഭിച്ച വർഷങ്ങളുണ്ടെങ്കിലും കുറവ് മഴദിനങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല.

വെള്ളപ്പൊക്കം, പിന്നാലെ വരൾച്ച

ജൂലായ് അവസാനവും ആഗസ്റ്റ് ആദ്യവും മാത്രമാണ് ആഴ്ചയിലെ എല്ലാ ദിവസവും മഴ ലഭിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായി ജൂൺ, ജൂലായ് മാസങ്ങളിൽ മഴ ഇടവിട്ട് പെയ്തു. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയുള്ള കണക്കിൽ ജില്ലയിൽ ആറ് ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ ആഗസ്റ്റിൽ മാത്രം 45 ശതമാനം അധികമഴ ലഭിച്ചു. ആഗസ്റ്റ് ആദ്യവാരം ശക്തമായ മഴയും വെള്ളപ്പൊക്കവുണ്ടായി. പിന്നീട് മഴ മാറിനിന്നതോടെ വരൾച്ചയ്ക്ക് സമാനമായി. ചൂടാകട്ടെ താങ്ങാവുന്നതിലും അപ്പുറവും.

താപനില @ 35.5

34 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. രണ്ടാഴ്ച മുൻപ് 35.5 ഡിഗ്രി വരെ രേഖപ്പെടുത്തി. സാധാരണയെക്കാൾ നാല് ഡിഗ്രിയോളം അധികചൂടാണ് ഈ മാസത്തിന്റെ ആദ്യ രണ്ടാഴ്ചകളിൽ അനുഭവപ്പെട്ടത്. ലഭിക്കേണ്ട മഴയുടെ ഒരു ശതമാനം മാത്രമാണ് ഈ കാലയളവിൽ ലഭിച്ചത്.

വലിയ പ്രതിസന്ധി

തുലാവർഷം ശക്തമായില്ലെങ്കിൽ ഗുരുതര വരൾച്ചയിലേക്ക് നീങ്ങാനുള്ള സാദ്ധ്യത

വീണ്ടും ചൂട് വർദ്ധിച്ച് ഇന്നലെ 35 ഡിഗ്രിയിലെത്തി.

ഇടിമിന്നലിനും കാറ്റിനും സാദ്ധ്യത

നാളെ മുതൽ തുലാവർഷമഴ ലഭിച്ചേക്കുമെന്നാണ് നിരീക്ഷണം. കനത്തചൂടിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL