SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.04 PM IST

തേനീച്ച കർഷകർക്ക് ദുരിതം വിതച്ച് വേനൽമഴ

 അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വ്യാജൻ വിപണി കീഴടക്കുന്നു

വടക്കഞ്ചേരി: ഒട്ടും മധുരിക്കുന്നതല്ല തേനീച്ച കർഷകർക്ക് ഈ സീസൺ. തുടർച്ചയായ വേനൽമഴ തേൻ ഉൽപാദനത്തിന് തിരിച്ചടിയായി. ഇതിനൊപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വ്യാജ തേൻ വിപണി കീഴടക്കുന്നതും കർഷകർക്ക് തിരിച്ചടിയായി. സമീപ വർഷങ്ങളിൽ ഇത്രയും മോശം സീസൺ ഇതാദ്യമാണെന്ന് തേനീച്ച കർഷകർ പറയുന്നു. സീസൺ സമയമായിട്ടും ഭീമമായ നഷ്ടമാണ് ഇത്തവണത്തേത്. ഒരു പെട്ടിക്കുള്ളിൽ നിന്ന് മുൻകാലങ്ങളിൽ 12 കിലോ വരെ തേൻ ലഭിച്ചിരുന്നെങ്കിൽ ഇപ്പോളിത് നാല് കിലോയായി കുറഞ്ഞു. വടക്കഞ്ചേരി മേഖലയിൽ കൂടുതലായും വൻതേനീച്ച കൃഷിയാണുള്ളത്.

ഒരു കിലോ വൻ തേനിന് 180 മുതൽ 200 രൂപ വരെയാണ് വില. മുൻകാലങ്ങളിൽ കിലോയ്ക്ക് 260 രൂപ വരെ ലഭിച്ചിരുന്നു. ചെറുതേൻ കിലോയ്ക്ക് 3000 രൂപ വരെയാണ് വില. കുറഞ്ഞ വിലയ്ക്ക് കർഷകരിൽ നിന്ന് തേനെടുത്തശേഷം അധിക വിലയ്ക്ക് വിപണിയിലെത്തിക്കുന്ന ഇടനിലക്കാരും സജീവമാണ്. വേനൽമഴ മൂലം കേരളത്തിൽ തേനിന്റെ ലഭ്യത കുറഞ്ഞതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഗുണമേന്മ കുറഞ്ഞ തേനുകൾ വിപണി കീഴടക്കിയെന്ന് തേനീച്ച കർഷകർ പറയുന്നു.

റബറിന്റെ തളിരില മൂപ്പിടുമ്പോഴാണ് ഏറ്റവും കൂടുതൽ തേൻ ലഭിക്കുന്നത്. റബറിന് വില കുറഞ്ഞതോടെ മലയോര മേഖലയിലെ നിരവധി മരങ്ങൾ വെട്ടിമാറ്റി കൈത, പച്ചക്കറി കൃഷികളിലേക്ക് തിരിഞ്ഞതും പ്രതിസന്ധിയായി. മഴക്കാലത്ത് തേനീച്ചയുടെ പരിപാലനം ചെലവേറിയതാണ്. ഒരു പെട്ടിക്ക് 200 ഗ്രാം പഞ്ചസാര വേണം. വർഷകാല സംഭരണത്തിനായി ഒരു കൂടിന് ഒന്നരകിലോയിലധികം പഞ്ചസാര വേണ്ടിവരും. റബർ ബോർഡ്, ഖാദി ബോർഡ്, ഹോർട്ടികോർപ്പ് തുടങ്ങിയവ തേനീച്ചകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിശീലന പദ്ധതികൾ നടത്തുന്നുണ്ട്. എന്നാൽ പുതിയ തലമുറ മേഖലയിലേക്ക് എത്തുന്നത് കുറവാണ്. തേനീച്ചയുടെ കുത്ത്, പരിപാലനം, ചെലവ് തുടങ്ങിയവ വെല്ലുവിളി നിറഞ്ഞതാണ്. തേനിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ കൂടുതലായി ഉത്പാദിപ്പിച്ചാൽ കർഷകർക്ക് വിപണി ലഭ്യമാകുമെന്നാണ് പരിചയസമ്പന്നരായ കർഷകർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL