
വാളയാർ: വാളയാറിലും പരിസര പ്രദേശങ്ങളിലും തമിഴ്‌നാട് മദ്യം ഒഴുകുന്നു. അതിർത്തിക്കപ്പുറത്തുള്ള തമിഴ്‌നാട് മദ്യഷാപ്പിൽ നിന്നും മദ്യം വാങ്ങി സൂക്ഷിച്ച് ഇവിടെ വിൽപ്പന നടത്തുകയാണ്. തമിഴ്‌നാടിന്റെ അതിർത്തിയിൽപ്പെട്ട മദ്യഷാപ്പിലേക്ക് വാളയാർ ജംഗ്ഷനിൽ നിന്ന് നടന്നു പോകേണ്ട ദൂരമേയുള്ളു. നേരത്തെ ആളുകൾ അങ്ങോട്ട് നടന്നു പോയി മദ്യപിച്ച് വരുന്ന പതിവുണ്ടായിരുന്നു. എന്നാൽ തമിഴ് നാട്ടിൽ വിജയ് സർക്കാർ അധികാരത്തിൽ വന്നതിന്‌ശേഷം ഈ മദ്യ ഷോപ്പിന്റെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി.
രാവിലെ തുറന്നിരുന്ന മദ്യഷാപ്പ് ഉച്ചക്ക് 12 മണിക്ക് തുറക്കുന്ന രീതിയിൽ സമയം ക്രമീകരിച്ചു. ഇതേ തുടർന്ന് പലരും രാവിലത്തെ ആവശ്യക്കാർക്ക് വേണ്ടി മദ്യം വാങ്ങി സ്റ്റോക്ക് ചെയ്ത് അനധികൃതമായി വിൽപ്പന നടത്താൻ തുടങ്ങി. പിന്നീട് ഇത് മുഴുവൻ സമയ വിൽപ്പനയായി മാറി. വാളയാർ ടൗൺ, ഡാം റോഡ്, ചന്ദ്രാപുരം തുടങ്ങി പരിസര പ്രദേശങ്ങളിലെല്ലാം മദ്യ വിൽപ്പന തകൃതിയാണ്. പല വീടുകളും മിനി ബാറുകളായി മാറി. ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഇവിടെ ലഭിച്ചതോടെ തമിഴ്‌നാട് ഷോപ്പുകളിൽ പോകുന്നവരുടെ എണ്ണം കുറഞ്ഞു. അനധികൃത മദ്യവിൽപ്പന സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഗ്രാമവാസികളുടെ സ്വൈര ജീവിതത്തിന് വിഘാതമായിരിക്കുകയാണ്.
വാളയാർ മേഖലയിലെ അനധികൃതമദ്യ വിൽപ്പന തടയാൻ കർശന നടപടി സ്വീകരിക്കണം. വാളയാറും പരിസര പ്രദേശങ്ങളും മദ്യവിൽപ്പനക്കാരും മദ്യപാനികളും കൈയ്യടക്കിയ സ്ഥിതിയാണ്. ജനങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്. പൊലീസും എക്‌സൈസും അടിയന്തിരമായി ഇടപെടണം.
കാജ വാളയാർ, പൊതുപ്രവർത്തകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |