കൊടുമൺ : ശബരിവിമാനത്താവളം കൊടുമൺ പ്ലാന്റേഷനിൽ സ്ഥാപിക്കുന്നതിനായി ബി.ജെ.പി നടത്തിയത് നിർണായക ഇടപെടൽ. കൊടുമൺ എസ്റ്റേറ്റിലെ 3000 ഏക്കർ വരുന്ന ഭൂമി ശബരിമല വിമാനത്താവളത്തിനായി പരിഗണിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേന്ദ്ര സിവിൽ എവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവിന് നിവേദനം നൽകിയതോടെ പദ്ധതി ചർച്ചകളിൽ നിറയുന്നു.
കൊടുമൺ പ്ളാന്റേഷൻ ഭൂമി ഗ്രീൻഫീൽഡ് എയർപോർട്സ് പോളിസി പ്രകാരം സാദ്ധ്യതാ പഠനത്തിന് വിധേയമാക്കണമെന്നും സംസ്ഥാന സർക്കാരുമായി ചർച്ച നടത്തണമെന്നുമാണ് കേന്ദ്രത്തിന് നൽകിയ നിർദേശത്തിലെ മറ്റൊരു പ്രധാന ആവശ്യം. വിമാനത്താവളവുമായി ബന്ധപ്പെട്ട് മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവർ നടത്തിയ പഠന റിപ്പോർട്ടാണ് മന്ത്രിക്ക് സമർപ്പിച്ച നിർദേശത്തിൽ ഉള്ളത്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും എത്തുന്ന ശബരിമല തീർത്ഥാടകർക്ക് കൊച്ചിയിലോ തിരുവനന്തപുരത്തോ വിമാനമിറങ്ങി മണിക്കൂറുകളോളം റോഡ് മാർഗം യാത്ര ചെയ്യേണ്ടി വരുന്നു. ശബരിമല വിമാനത്താവളം യാഥാർത്ഥ്യമായാൽ തീർത്ഥാടകർക്ക് യാത്ര കൂടുതൽ എളുപ്പമാകും. പത്തനംതിട്ടയിലെ പ്രവാസി കുടുംബങ്ങൾക്കും ശബരിമല ഉൾപ്പെടെയുള്ള വിശാലമായ തീർത്ഥാടന മേഖലയുടെ വികസനത്തിനും വലിയ കുതിപ്പേകും. ഷിർദ്ദിയിലേക്കും തിരുപ്പതിയിലേക്കും കേന്ദ്രസർക്കാർ മികച്ച യാത്രാ സൗകര്യങ്ങൾ ഒരുക്കിയതുപോലെ ലോകോത്തര യാത്രാസൗകര്യം ശബരിമല തീർത്ഥാടകർക്കും ലഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |