
പത്തനംതിട്ട: ഏറെക്കാലത്തെ വിലയിടിവിനുശേഷം റബർ വിപണി ഉണർന്നതോടെ തോട്ടങ്ങളിൽ ആളനക്കമായി. വില കിലോയ്ക്ക് 290ലേക്ക് എത്തി. വിലയിടവിൽ കൃഷി കൈവിട്ട കർഷകർ വീണ്ടും ഉദ്പ്പാദന രംഗത്തേക്ക് തിരിഞ്ഞു. ഷീറ്റിന് വില കിലോയ്ക്ക് മുന്നൂറ് കടക്കുമെന്നും അടുത്ത അഞ്ചുവർഷത്തേക്ക് വിലയിടിയാൻ സാദ്ധ്യതയില്ലെന്നുമാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
കഴിഞ്ഞ അഞ്ചുവർഷമായി തുടർന്ന വിലയിടിവ് കാരണം കർഷകർ റബർ മരങ്ങൾ വെട്ടിമാറ്റി മറ്റു കൃഷികളിലേക്ക് തിരിഞ്ഞപ്പോൾ ചിലർ ടാപ്പിംഗ് നടത്താതെ കൃഷി ഉപേക്ഷിച്ചു. വിലയേറിയതോടെ കൃഷിയിടങ്ങളിലെ കാടുനീക്കുകയും മരങ്ങൾ തെളിക്കുകയും ചെയ്തതോടെ തോട്ടങ്ങൾ സജീവമാകുകയാണ്. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ കർഷകർ ഉദ്പ്പാദനം വർദ്ധിപ്പിക്കാനും തുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളിലെ ടാപ്പിംഗ് ദിവസേനയാക്കിയിട്ടുണ്ട്. മലയോര മേഖലയിൽ പുലർച്ചെ സമയങ്ങളിലെ വന്യജീവി ശല്യം ഭയന്ന് ചില കർഷകർ ടാപ്പിംഗ് വൈകുന്നേരമാക്കുന്നുണ്ട്.
വില വർദ്ധന വലിയ പ്രതീക്ഷയാണ് കർഷകർക്ക് നൽകുന്നത്. അതേസമയം, വിലയിലെ ഇപ്പോഴത്തെ മുന്നേറ്റം സ്ഥിരതയാർജിക്കുമോ എന്ന് ആശങ്കയുണ്ട്.
ലഭ്യതക്കുറവ് ഗുണമായി
പശ്ചമേഷ്യൻ യുദ്ധംമൂലം ചരക്കുനീക്കം നിലച്ചതും വിയറ്റ്നാം, കമ്പോഡിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും അന്താരാഷ്ട്ര വിപണിയിൽ റബറിന്റെ ലഭ്യതക്കുറവിന് കാരണമായത് വില വർദ്ധനവിന് കാരണമാകുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലുള്ള വിലവ്യതിയാനങ്ങളും കപ്പൽ മാർഗമുള്ള ചരക്ക് നീക്കത്തിലെ തടസങ്ങളും കണ്ടെയ്നർ ക്ഷാമവുമൊക്കെ ആഗോളതലത്തിൽ റബർ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. വിപണിയിലുള്ള ശക്തമായ ആവശ്യകതയും ലഭ്യതക്കുറവുമാണ് നിലവിൽ റബർ വില ഉയരാൻ പ്രധാന കാരണം.
മഴ ചതിക്കുമോ
മഴ ലഭിക്കാത്തതിന്റെ ആശങ്കയ്ക്ക് അറുതിയായി തുലാമഴ തകൃതിയായി പെയ്യുകയാണ്. ജല ദൗർലഭ്യം പരിഹരിക്കാൻ മഴ ആശ്വാസമാകുമെങ്കിലും റബർ ഉൾപ്പെടെ കാർഷിക മേഖലയിൽ ആശങ്കയുടെ പെയ്ത്താണ്. റബറിന് വിലയേറി നിൽക്കുമ്പോഴാണ് തുലാമഴ ശക്തമായത്. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ മഴ പെയ്തുകൊണ്ടിരുന്നത് രാവിലത്തെ റബർ ടാപ്പിംഗ് സുഗമമായി നടത്താൻ കഴിഞ്ഞു. ഇന്നലെ മുതൽ മഴ ഇടമുറിയാതെ പെയ്യുന്നത് ടാപ്പിംഗ് തടസപ്പെടുത്തി. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മഴമറയില്ലാത്ത റബർ മരങ്ങളിൽ ടാപ്പിംഗ് നടത്താൻ കഴിയാതെ വരും.
റബർ ഷീറ്റ് ഗ്രേഡ് ഒന്നിന് കിലോയ്ക്ക് : 288
ഗ്രേഡ് അഞ്ചിന് : 282.
വില വർദ്ധന 5 വർഷങ്ങൾക്ക് ശേഷം
ജില്ലയിൽ ഒന്നേകാൽ ലക്ഷം റബർ കർഷകർ
'' ഏറെ വർഷത്തെ തളർച്ചയിൽ നിന്ന് റബർമേഖല കരകയറുകയാണ്. ഉൽപ്പാദനത്തിൽ മുൻപന്തിയിൽ നിന്ന രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും ചരക്ക് നീക്കത്തിലുണ്ടായ പ്രതിസന്ധിയുമാണ് കർഷകർക്ക് ആശ്വാസമാകുന്നത്.
സുരേഷ് കോശി,
സംസ്ഥാന വൈസ് പ്രസിഡന്റ്
കർഷക കോൺഗ്രസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |