
പെരുന്തേനരുവി: ഡാമിൽ നിന്ന് വാരിയ മണ്ണ് കൂട്ടിയിട്ടിരിക്കുന്നതും കാടുകൾ വളർന്നുനിൽക്കുന്നതും ഡാം റോഡിൽ വാഹനയാത്രയ്ക്ക് തടസമാകുന്നു. ഡാമിന് മുകളിലൂടെ മറുകര കടക്കാൻ ഏറെ പണിപ്പെടേണ്ടിവരും. പ്രദേശവാസികളും വിനോദസഞ്ചാരത്തിനെത്തുന്നവരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പ്രളയകാലത്ത് ഡാമിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയുമാണ് വാരി റോഡിനോട് ചേർന്നുള്ള ഭാഗത്ത് നിക്ഷേപിച്ചിരിക്കുന്നത്. മഴ പെയ്യുമ്പോൾ ഈ മണ്ണുകൂനയിൽ നിന്ന് ചെളി റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. പെരുന്തേനരുവിയിലെത്തുന്ന നൂറുകണക്കിന് വിനോദസഞ്ചാരികൾക്ക് പുറമെ അത്തിക്കയം, കുടമുരുട്ടി, കൊച്ചുകുളം, കുരുമ്പൻമൂഴി എന്നീ മേഖലയിലുള്ളവരും പ്രധാനമായി ആശ്രയിക്കുന്ന പാതയാണിത്. റോഡിലെ മണ്ണുകൂന നീക്കം ചെയ്യാനും പടർന്നുനിൽക്കുന്ന കാടുകൾ വെട്ടിമാറ്റി ഗതാഗതം സുഗമമാക്കാനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
വിനോദ സഞ്ചാരത്തിന് ഏറെ സാദ്ധ്യതയുള്ള പ്രദേശമാണിത്. ഡാമിനോട് ചേർന്ന് കാഴ്ചകൾ കാണാൻ നിരവധി ആളുകൾ എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.
രാജേഷ് കൊച്ചുകുളം, പ്രദേശവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |