SignIn
Kerala Kaumudi Online
Monday, 20 July 2026 10.55 PM IST

തെരുവുനായ് ശല്യത്താൽ പൊറുതിമുട്ടി തീരദേശം

വക്കം: കടയ്ക്കാവൂർ,അഞ്ചുതെങ്ങ്,വക്കം തീരദേശ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. മാമ്പള്ളി, മീരാൻ കടവ് പാലം, നിലയ്ക്കാമുക്ക് മാർക്കറ്റ്, മങ്കുഴി മാർക്കറ്റ്, ശ്രീനാരായണ വിലാസം ഹയർ സെക്കൻഡറി സ്കൂൾ എന്നീ മേഖലകളിലാണ് കൂടുതലായും തെരുവുനായ്ക്കൂട്ടം അലഞ്ഞു തിരിയുന്നത്.

രാവിലെ പ്രഭാത സവാരിക്കിറങ്ങുന്നവരും സൊസ്സെറ്റികളിൽ പാല് കൊണ്ടുപോകുന്നവരും തൊഴിലിടങ്ങളിലേയ്ക്ക് പോകുന്നവരും സ്കൂൾ കുട്ടികളുമുൾപ്പെടെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.

തീരദേശ മേഖലയിലെ ഇരുചക്രവാഹന യാത്രക്കാർക്ക് പിന്നാലെ തെരുവുനായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ്. ഇവയിൽ നിന്നും രക്ഷപ്പെടുവാൻ അതിവേഗം വാഹനമോടിച്ച് അപകടത്തിൽപ്പെടാറുമുണ്ട്.

റോഡരികിൽ ഉപേക്ഷിക്കുന്ന മാംസാവശിഷ്ടങ്ങൾ ഭക്ഷിച്ച് നായ്ക്കളുടെ എണ്ണം പെരുകുകയാണ്. മാംസാവശിഷ്ടങ്ങൾ കായലിലേക്ക് വലിച്ചെറിയുന്നുമുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ ഗുരുതര നടപടിയെടുക്കണമെന്നും നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും തീരദേശ മേഖലകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

അക്രമകാരികളായി തെരുവുനായ്ക്കൂട്ടം

അഞ്ചുതെങ്ങിൽ തെരുവ് നായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് അഞ്ചുതെങ്ങ് ജംഗ്ഷൻ സമീപത്ത് റോഡിന് വശങ്ങളിൽ നിന്നവരെ നായ കടിച്ചിരുന്നു.നായയുടെ ആക്രമണത്തിൽ അഞ്ചുതെങ്ങ് തൈക്കൂട്ടം വീട്ടിൽ വിനോദ് - ബിൻസി ദമ്പതികളുടെ മകൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ വിഗിന് സാരമായി പരിക്കേറ്റു. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക്‌ ഗുരുതരമായതിനാൽ വിഗിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ ചിറയിൻകീഴ്,വർക്കല ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തു.

പ്രതിസന്ധി രൂക്ഷമാകുന്നു

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും ആൾപ്പാർപ്പില്ലാത്ത പൊന്തക്കാടുകളും മീരാൻ കടവ് പാലവും കേന്ദ്രീകരിച്ചാണ് തെരുവുനായ്ക്കളുടെ കേന്ദ്രമുള്ളത്. വളർത്തുമൃഗങ്ങളേയും ഇവ ആക്രമിക്കും.കൂട്ടമായെത്തുന്ന തെരുവുനായ്ക്കളുടെ അക്രമം ഭയന്ന് തീരദേശ മേഖലയിലുള്ളവർക്ക് വീടുകളിൽ നിന്നും ഇറങ്ങാനാകാത്ത അവസ്ഥയാണ്. നായ്ക്കളുടെ കടിയേൽക്കുന്നവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്.

കാപാലീശ്വരം, മാമ്പള്ളി കടപ്പുറം, പള്ളിക്കുടി,മുണ്ടുതുറ,കായിക്കര,ഇറങ്ങ് കടവ് എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യംരൂക്ഷമാണ്. തെരുവു വിളക്കുകളുടെ അഭാവവും പ്രതിസന്ധി രൂക്ഷമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL