തിരുവനന്തപുരം: മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വർക്കല വെട്ടൂർ സ്വദേശിയായ ഷഹാൻ (26) ആണ് മരിച്ചത്. ഇടവ ഗ്രാമപഞ്ചായത്തിലെ മങ്ങാട്ട് കടവിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. മദ്യപസംഘത്തെക്കുറിച്ച് നാട്ടുകാരാണ് എക്സൈസിൽ വിവരമറിയിച്ചത്. തുടർന്ന് വർക്കല എക്സൈസ് ഓഫീസിലെ നാലുപേർ മഫ്തിയിൽ ഇടവയിലെത്തി. ഇതിനിടെ മദ്യപസംഘത്തിലെ ഒരാൾ ഭക്ഷണം വാങ്ങാൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ എക്‌സൈസിനെ കണ്ട് ഉടൻ ഫോണിൽ ബാക്കിയുള്ളവർക്ക് സന്ദേശം നൽകുകയായിരുന്നു. രണ്ടുപേർ ഓടി രക്ഷപ്പെട്ടെങ്കിലും മൂന്നാമൻ കായലിൽ ചാടുകയായിരുന്നു.
എക്സൈസുകാർ അറിയിച്ചതനുസരിച്ച് അയിരൂർ പൊലീസ് സ്ഥലത്തെത്തി. സ്കൂബാ ടീം കായലിൽ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഇരുട്ടായതോടെ തെരച്ചിലും അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് വീണ്ടും പരിശോധന തുടർന്നിരുന്നു. സംഭവസ്ഥലത്തിന് സമീപത്തായി ലഹരിക്ക് അടിമയായി കിടന്ന വെട്ടൂർ സ്വദേശി മുഹമ്മദിനെ എക്‌സൈസ് കസ്റ്റഡിലെടുത്തിയിരുന്നു. സംഭവത്തിൽ പൊലീസും എക്സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A 26-year-old man, Shahan from Vettoor, drowned in a backwater in Edava, Varkala, after jumping in out of fear upon seeing plainclothes excise officials. His body was recovered today morning after an extensive search by fire force. The excise team was responding to a tip-off about an alcoholic group. Police and excise have initiated an investigation into the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |