
നെയ്യാറ്റിൻകര: നഗരസഭയുടെ വരുമാന സ്രോതസായ അക്ഷയ ഷോപ്പിംഗ് കോംപ്ളക്സ് കാലപ്പഴക്കത്താൽ നശിക്കുന്നു. മൂന്നു നിലകളിലായി മുപ്പത്തിയെട്ട് കടമുറികളോടെ പണി കഴിപ്പിച്ച കെട്ടിടം എത്രയും പെട്ടെന്ന് അറ്റകുറ്റ പണികൾ നടത്തി വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 1995ലാണ് ട്രാൻസ്പോർട്ട് ബസ്‌സ്റ്റാൻഡിന് സമീപം 14കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ഇവിടെ ഷോപ്പിംഗ് കോംപ്ളകസ് പണിതത്. ഫയർ ആൻഡ് സേഫ്ടി വിഭാഗം നിർദ്ദേശിച്ച സുരക്ഷാ സംവിധാനങ്ങൾ പാലിച്ച് പണിത കെട്ടിടം പിന്നീട് അവ ഒഴിവാക്കിയ സ്ഥിതിയാണ്. നിലവിൽ തീപ്പിടുത്തമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാൽ സുരക്ഷിതമായി രക്ഷപ്പെടാനുള്ള ഇടനാഴികൾ കെട്ടിയടച്ച് കടമുറിയാക്കി വാടകക്ക് നൽകിയിരിക്കുകയാണ്. കെട്ടിടത്തിന്റെ പലയിടത്തുമുള്ള വിണ്ടു കീറിയ നിലയിലുള്ള വയറിംഗ് അടിയന്തരമായി മാറ്റണമെന്ന് ഇലക്ട്രിസിറ്റി ബോർഡ് അധികൃതർ നഗരസഭക്ക് നോട്ടീസ് നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. അടുത്തിടെ ഷോർട്ട് സർക്ക്യൂട്ട് മൂലം ഇവിടെ ചെറിയ തോതിൽ തീ പിടുത്തവും ഉണ്ടായിരുന്നു. കോംപ്ളക്സിലെ റോഡിനോട് ചേർന്നുള്ള കടമുറികൾ വ്യാപാര സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നുവെങ്കിലും ഉള്ളിലെ മുറികളൊക്കെ കൈയേറിയ നിലയിലാണ്.
നവീകരണം പേരിനുമാത്രം
2018ൽ 38ലക്ഷം രൂപ ചെലവഴിച്ചാണ് അവസാനമായി കെട്ടിടം നവീകരിച്ചത്. എന്നാൽ കെട്ടിടത്തിലെ ചുമരുകൾ വെള്ള പൂശിയതല്ലാതെ മറ്റൊന്നും നടത്തിയിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പാർക്കിംഗ് സംവിധാനത്തിന്റെ അപര്യാപ്തത കാരണം കാറുകളോ മറ്റ് വലിയ വാഹനങ്ങളോ ഇവിടെ പാർക്ക് ചെയ്യാനുള്ള സംവിധാനമില്ല. ഇതു കാരണമാണ് കച്ചവടം കുറഞ്ഞതെന്നാണ് വ്യാപാരികളുടെ ആരോപണം.
ശുചീകരണമില്ല
കെട്ടിടത്തിന്റെ പലഭാഗത്തും ചപ്പുചവറുകൾ കുന്നുകൂടിക്കിടപ്പാണ്. ഗോവണികളും വൃത്തിഹീനം.ഷോപ്പിംഗ് കോംപ്ളക്സിന് മാത്രമായി ശുചീകരണ തൊഴിലാളികളെ ഏർപ്പെടുത്തിയിട്ടില്ല.ഇതിനും പരിഹാരം വേണം.
പാർക്കിംഗിന് കൂടുതൽസംവിധാനം കണ്ടെത്തുകയും കെട്ടിടം മോടിപിടിപ്പിക്കാനും ഈ വർഷത്തെ ബഡ്ജറ്റിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കെ.കെ.ഷിബു, നഗരസഭാ വൈസ് ചെയർമാൻ
ഫോട്ടോ: നാശോന്മുഖമാകുന്ന നെയ്യാറ്റിൻകരയിലെ അക്ഷയ ഷോപ്പിംഗ് കോംപ്ളകസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |