
വിതുര: മഴശക്തമായതോടെ കഴിഞ്ഞ നാല് ദിവസമായി പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. ഒപ്പം മലവെള്ളപ്പാച്ചിലും ഉണ്ട്. പൊൻമുടിയിൽ നാലിടങ്ങളിലാണ് കഴിഞ്ഞ ദിവങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായത്.
മഴയും, മൂടഞ്ഞൽമഞ്ഞും കാരണം പൊൻമുടി തണുത്ത് വിറക്കുന്ന സ്ഥിതിയിലാണ്. മാത്രമല്ല മഞ്ഞിന്റെ ആധിക്യം മൂലം ഉച്ചതിരിഞ്ഞാൽ വാഹനങ്ങൾ ലൈറ്റ് തെളിച്ച് സഞ്ചരിക്കേണ്ട അവസ്ഥയും. ബോണക്കാട്, പേപ്പാറ, കല്ലാർ മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാദ്ധ്യതയും മുൻനിറുത്തി ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം പൊൻമുടി നാല് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. പൊൻമുടി അടഞ്ഞുകിടക്കുകയാണെങ്കിലും സന്ദർശനാനുമതി ചോദിച്ച് ധാരാളം സഞ്ചാരികൾ വനംവകുപ്പിന്റെ കല്ലാർ ചെക്ക് പോസ്റ്റിൽ എത്തുന്നുണ്ട്. വനപാലകർ ഇവരെ മടക്കി അയക്കുകയാണ് പതിവ്. ഇവിടെ പകൽസമയത്തുപോലും കാട്ടാനയും, കാട്ടുപോത്തും മറ്റും മഴയത്ത് റോഡിലേക്കിറങ്ങുന്നുണ്ട്. മഴ മാറിയാൽ അടുത്ത ആഴ്ചയോടെ പൊൻമുടി തുറക്കുമെന്ന് ഡി.എഫ്.ഒ അറിയിച്ചു.
പൊൻമുടി അടച്ചതോടെ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളായ കല്ലാർ,ബോണക്കാട്, പേപ്പാറ, ചാത്തൻകോട്,ചീറ്റിപ്പാറ,താവയ്ക്കൽ മേഖലകളിൽ പ്രതികൂല കാലാവസ്ഥയിലും സഞ്ചാരികളുടെ തിരക്കേറി വരികയാണ്. നിലവിൽ പൊൻമുടി ബോണക്കാട്, പേപ്പാറ മേഖലകളിലേക്കുള്ള യാത്ര അപകടം നിറഞ്ഞതാണ്.
പേപ്പാറ ഡാം തുറന്നു
പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴപെയ്തതിനെ തുടർന്ന് ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ടാകുകയും ജലനിരപ്പ് ഗണ്യമായി ഉയരുകയും ചെയ്തു. ഇതിനെ തുടന്ന് കഴിഞ്ഞ ദിവസം ഡാമിലെ നാല് ഷട്ടറുകളും 20 സെൻീമീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിലെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. നദീതീരങ്ങളിൽ അധിവസിക്കുന്നവർ ജാഗ്രതപുലർത്തണം.
ജാഗ്രത വേണം
പൊൻമുടി, ബോണക്കാട്, മേഖലകളിൽ മഴ ശക്തിപ്രാപിച്ചതിനെ തുടർന്ന് വാമനപുരം നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. നദികളിലേക്ക് മലവെള്ളപ്പാച്ചിലും അനുഭവപ്പെടുന്നുണ്ട്. നിലവിൽ പൊൻമുടി കല്ലാർ റൂട്ടിൽ കാട്ടാനശല്യവുമുണ്ട്. ഈ സാഹചര്യത്തിൽ സഞ്ചാരികൾ കല്ലാർ, താവയ്ക്കൽ നദിയിൽ കുളിക്കുവാനിറങ്ങരുതെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |