
കട്ടപ്പന: തിരവോണത്തലേന്ന് ഹൈറേഞ്ച് മേഖലയിൽ പെയ്തിറങ്ങിയത് പെരുമഴ. ഓണ ഒരുക്കങ്ങളുടെ തിരക്കിലാവേണ്ട ഉത്രാട നാളിൽ ഇതോടെ പലരും വീടുകളിൽ ഒതുങ്ങി. ഞായറാഴ്ച്ച തുടങ്ങിയ മഴയാണ് ഇന്നലെയും ശക്തമായി തുടർന്നത്. ഉത്രാടനാളിൽ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കരുതിയെങ്കിലും ഇന്നലെ പുലർച്ചെ മുതൽ ഹൈറേഞ്ച് മേഖലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
സ്വകാര്യ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ഇന്നലെ നടത്തിയ ഓണപ്പരിപാടികളും ഇതോടെ മഴയിൽ കുതിർന്നു. ശക്തമായ മഴ തുടർന്ന് സമസ്ത മേഖലകൾക്കും തിരിച്ചടിയായിട്ടുണ്ട്. വ്യാപാര മേഖലയെയാണ് മഴ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഓണക്കച്ചവടം മുന്നിൽ കണ്ട് വലിയ തുക മുടക്കി ഇറക്കിയ സാധനങ്ങൾ വിറ്റപോകാതെ കെട്ടിക്കിടക്കമോയെന്നാണ് വ്യാപാര മേഖലയിലെ ആശങ്ക. പച്ചക്കറി ഉൾപ്പെടെ സമയത്ത് വിൽപ്പന നടക്കാതെ വന്നാൽ കേടായി പോകുകയും വലിയ നഷ്ടത്തിനു കാരണമാകുകയും ചെയ്യും.
അതേസമയം ചില ടൗണുകളിൽ മഴയെ അവഗണിച്ചും ഓണത്തിരക്ക് പ്രകടമായിരുന്നു. വസ്ത്ര വ്യാപാര മേഖലയ്ക്കും മഴ തിരിച്ചടിയായിട്ടുണ്ട്. സാധാരണയായി ഓണ സീസണിലുള്ള കച്ചവടം ഇത്തവണ ഉണ്ടായിട്ടില്ലെന്ന് വസ്ത്ര വ്യാപാരികളും പറയുന്നു. ഓണത്തിരക്ക് കുറഞ്ഞതോടെ ഓട്ടോ, ടാക്സി മേഖലകളും പ്രതിസന്ധിയിലായി.
അതേസമയം ഹോം അപ്ലയൻസ് മേഖലയിൽ മികച്ച വിൽപ്പന നടന്നിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വലിയ ഓഫറുകളാണ് വിവിധ കമ്പനികൾ ഇത്തവണ നൽകിയിരുന്നത്. തിരവോണ നാളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇതോടെ ഓണ ദിവസവും മഴയിൽ കുതിരമോയെന്ന ആശങ്കയിലാണ് ഏവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |