SignIn
Kerala Kaumudi Online
Thursday, 24 September 2026 1.55 AM IST

വികസന ട്രാക്കിൽ കൊച്ചുവേളി

1

കുളത്തൂർ: നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ വികസനം പുരോഗമിക്കുന്നു. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി 38 കോടി രൂപ ചെലവിട്ടുള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊച്ചുവേളി മാതൃകാ സ്റ്റേഷനായി മാറും. ഉപഗ്രഹ സ്റ്റേഷനായി നേമം വികസിപ്പിക്കുന്നതിനാൽ കൊച്ചുവേളിയെ അവഗണിക്കുന്നുവെന്ന പരാതി ഇതോടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്. ഇവിടെ നിലവിൽ നാല് പ്ലാറ്റ്ഫോമുകളാണുള്ളത്. ഇവയോടുചേർന്ന് രണ്ട് ട്രാക്കുകൾ കൂടി സ്ഥാപിക്കും. ഇതോടെ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് ഇവിടെ നിന്ന് പുറപ്പെടാനും എത്തിച്ചേരാനും സൗകര്യമൊരുങ്ങും. തിരക്കുള്ള സമയങ്ങളിൽ പതിവായി പല ട്രെയിനുകളും പരവൂർ, കടയ്‌ക്കാവൂർ, കഴക്കൂട്ടം തുടങ്ങിയ സ്റ്റേഷനുകളിൽ പിടിച്ചിടാറുണ്ട്. പുതിയ ട്രാക്കുകൾ ഒരുങ്ങുന്നതോടെ ഇതിനെല്ലാം പരിഹാരമാകും. വണ്ടികളുടെ പാർക്കിംഗിന് ഒരു സ്‌റ്റേബ്ലിംഗ് ലൈനും അറ്റകുറ്റപ്പണികൾക്കായി ഒരു പിറ്റ് ലൈനും നിർമ്മിക്കും. സിഗ്നൽ സമ്പ്രദായം മെച്ചപ്പെടുത്താനുള്ള ജോലികളും ഇതോടൊപ്പം നടക്കുന്നുണ്ട്. പടിഞ്ഞാറുവശത്തെ സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിൽ നിർമ്മിക്കുന്ന കെട്ടിടം പൂർത്തിയാകുമ്പോൾ സിഗ്നൽ സംവിധാനം കൂടുതൽ ആധുനികവത്കരിക്കാനാകും.

കോച്ചുകളുടെ ചക്രങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താൻ ലെയിത്ത് സ്ഥാപിക്കും. ഇതിനുള്ള കെട്ടിടനിർമ്മാണം പൂർത്തിയായിട്ടുണ്ട്. ആറുമാസം കൊണ്ട് വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. പാളങ്ങൾ സ്ഥാപിക്കാൻ മണ്ണ് മാറ്റി തറ നിരപ്പാക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതി പൂർത്തിയായാൽ തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കുന്ന ചില ദീർഘദൂര ട്രെയിനുകൾ ഘട്ടംഘട്ടമായി കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും വിധമുള്ള സൗകര്യമൊരുക്കും. കൊവിഡിനെ തുടർന്ന് നിറുത്തിയതും പുനരാരാംഭിക്കുന്നതുമായ ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കുന്ന രീതിയിൽ ക്രമീകരിക്കാനും സാദ്ധ്യതയുണ്ട്.

പദ്ധതി തുക - 38 കോടി

മുഖം മാറുമെന്ന് പ്രതീക്ഷ

ടെക്‌നോപാർക്ക്, വി.എസ്.എസ്.സി, ആർ,സി,സി, മെഡിക്കൽ കോളേജ്, കിൻഫ്ര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തേണ്ട ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണ് കൊച്ചുവേളി. ബാംഗ്ലൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് ദീർഘദൂര ട്രെയിനുകൾ പുറപ്പെടുന്ന പ്രധാന സ്റ്റേഷനും ഇതാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത സ്റ്റേഷന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ ഈ കുറവുകൾ പരിഹരിക്കപ്പെടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

പദ്ധതികൾ

 പുതിയ ട്രാക്കുകൾ സജ്ജമാക്കും

 പാർക്കിംഗിന് ഒരു സ്‌റ്റേബ്ലിംഗ് ലൈൻ

 അറ്റകുറ്റപ്പണികൾക്കായി ഒരു പിറ്റ്ലൈൻ

 സിഗ്‌നൽ സമ്പ്രദായം മെച്ചപ്പെടുത്തും

 ചക്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി ലെയിത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL