തിരുവനന്തപുരം: നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരൻ. എല്ലാവരും കൂടിയാലോചിച്ചാണ് മൃഗശാല മാറ്റാൻ തീരുമാനിച്ചതെന്നും പരാതികൾക്ക് ഇടവരുത്താത്തവിധത്തിൽ അത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വലിയ തോതിലുള്ള ശബ്‌ദവും മലിനീകരണവുമാണ് മൃഗങ്ങൾക്ക് നഗരത്തിൽ നേരിടേണ്ടിവരുന്നതെന്നും മൃഗശാല മാറ്റാൻ നെയ്യാർ ഡാമിന്റെ പരിസരം തന്നെയാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തൃശൂരിൽനിന്ന് പുത്തൂരിലേക്ക് മൃഗശാല മാറ്റിയപ്പോൾ കച്ചവടമാണെന്ന് ആരും പറഞ്ഞില്ലല്ലോ? എല്ലാത്തിനെയും എതിർക്കുന്ന സമീപനമാണ് സിപിഎമ്മിന്റേത്. ഒരു കൂട്ടർ ചെയ്യുമ്പോൾ തെറ്റ്, മറ്റൊരു കൂട്ടർ ചെയ്യുമ്പോൾ ശരിയെന്ന നിലപാട് ശരിയല്ല'- മുരളീധരൻ പറഞ്ഞു.
മൃഗശാല മാറ്റുന്നത് തലസ്ഥാനത്തിന്റെ പ്രാധാന്യത്തെ ബാധിക്കില്ലെന്നും നിലവിൽ മൃഗശാല പ്രവർത്തിക്കുന്ന സ്ഥലം ഏതുതരത്തിൽ വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉടൻ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ അനാവശ്യ വിവാദത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൃഗശാല നഗരത്തിൽ പ്രവർത്തിക്കുന്നതിലൂടെ മൃഗങ്ങൾ നിരന്തരം ശബ്‌ദമലിനീകരണം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി സിപി ജോണും പറഞ്ഞു.
Minister K. Muraleedharan announced that the Thiruvananthapuram Zoo will be relocated to Neyyar to protect animals from urban noise and pollution.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |