SignIn
Kerala Kaumudi Online
Monday, 21 September 2026 3.30 PM IST

സിമന്റ് വിപണിയിൽ ദ്വന്ദയുദ്ധം

cement

കൊച്ചി: ഇന്ത്യൻ സിമന്റ് വിപണി പിടിക്കാൻ അദാനി ഗ്രൂപ്പും ബിർള ഗ്രൂപ്പും കൊമ്പുകോർക്കുന്നു. മൂന്ന് വർഷത്തിനിടെ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് വിവിധ കമ്പനികൾ ഏറ്റെടുത്ത് വിപണി വിഹിതത്തിൽ രണ്ടാം സ്ഥാനം നേടി. കുമാർ മംഗളം ബിർളയുടെ ഉടമസ്ഥതയിലുള്ള അൾട്രാടെക്കിനാണ് നിലവിൽ വിപണി വിഹിതം കൂടുതലുള്ളത്. അംബുജ സിമന്റ് മുതൽ നിരവധി മുൻനിര സിമന്റ് കമ്പനികളെ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ് ഇന്ത്യൻ സിമന്റ് വിപണിയിൽ അതിവേഗം പിടിമുറുക്കുകയാണ്. 2021 വരെ ചിത്രത്തിൽ പോലുമില്ലാതിരുന്ന അദാനി ഗ്രൂപ്പിന് നിലവിൽ പ്രതിവർഷം 7.5 കോടി ടൺ സിമന്റ് ഉത്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. ഇതിൽ സിംഹഭാഗവും ഏറ്റെടുക്കലിലൂടെ കൈവരിച്ചതാണ്.

വെട്ടിപ്പിടിക്കാൻ അദാനിഗ്രൂപ്പ്

നിലനിറുത്താൻ അൾട്രാടെക്ക്

മേധാവിത്വം പിടിക്കാനും നിലനിറുത്താനും തന്ത്രങ്ങൾ മെനയുകയാണ് ഇരു കമ്പനികളും. അംബുജ സിമന്റ്സ്, എ.സി.സി എന്നിവ 1,050 കോടി ഡോളറിന്(85,000 കോടി രൂപ) ഏറ്റെടുത്താണ് സിമന്റ് വിപണിയിൽ അദാനി ഗ്രൂപ്പ് ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത്. ഏറ്റവും അവസാനം ഹൈദരാബാദിലെ പെന്ന സിമന്റ് ഇൻഡസ്ട്രീസിനെ 10,420 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ദക്ഷിണേന്ത്യയിലെ സാന്നിദ്ധ്യവും ഉയർത്തി. പ്രതിവർഷം പത്ത് മെട്രിക് ടൺ നിർമ്മാണ ശേഷിയാണ് പെന്നയ്ക്കുള്ളത്. ഇതോടൊപ്പം നാല് മെട്രിക് ടൺ ശേഷി കൂടി ഉയർത്താനുള്ള നിർമ്മാണം പുരോഗമിക്കുകയാണ്. നാല് വർഷത്തിനുള്ളിൽ മൊത്തം ഉത്പാദന ശേഷി 140 മെട്രിക് ടണ്ണായി ഉയർത്താനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

മൂലധന നിക്ഷേപം വർദ്ധിപ്പിച്ചും മികച്ച വിപണന നടപടികളിലൂടെയും വിപണി മേധാവിത്വം നിലനിറുത്താനാണ് അൾട്രാടെക്കിന്റെ നീക്കം. നിലവിൽ കമ്പനിക്ക് പ്രതിവർഷം 140 മെട്രിക് ടൺ ഉത്പാദനശേഷിയാണുള്ളത്. നാല് വർഷത്തിനുള്ളിൽ ഉത്പാദന ശേഷി 200 ടണ്ണായി ഉയർത്തുമെന്നും കമ്പനി പറയുന്നു.

അഞ്ച് കമ്പനികളുടെ വിപണി വിഹിതം കുതിക്കും

രാജ്യത്തെ ഏറ്റവും വലിയ അഞ്ച് മുൻനിര സിമന്റ് നിർമ്മാതാക്കളായ അൾട്രാ ടെക്ക്, അദാനി ഗ്രൂപ്പ്, ശ്രീ, ഡാൽമിയ, നുവോകൊ എന്നിവയുടെ വിപണി വിഹിതം അടുത്ത വർഷം മാർച്ചോടെ 55 ശതമാനമായി ഉയരുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഇക്ര വിലയിരുത്തുന്നു. അടിസ്ഥാന സൗകര്യ വികസന രംഗത്തും ഭവന മേഖലയിലും ദൃശ്യമാകുന്ന മികച്ച വളർച്ച ഇന്ത്യൻ സിമന്റ് കമ്പനികൾക്ക് വൻനേട്ടമാകുമെന്നും അവർ വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360