SignIn
Kerala Kaumudi Online
Sunday, 20 September 2026 9.27 PM IST

'അച്ഛനെപ്പോലെ തന്നെയാണ് ഞാനും ലോറി ഓടിക്കുന്നത്', എയർ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി

neha
നേഹ ഠാക്കൂർ

മണാലി: ഒന്നിൽ നിന്ന് മറ്റൊരു കരിയറിലേക്ക് മാറുക എന്നത് അത്ര എളുപ്പമുള്ള തീരുമാനമല്ല. പ്രത്യേകിച്ച് അധികം പരിചിതമല്ലാത്ത ഒരു മേഖലയിലേക്ക് സ്‌ത്രീകൾ ചുവടുവയ്ക്കുമ്പോൾ. എന്നാൽ, ആരും പ്രതീക്ഷിക്കാത്തൊരു കരിയറാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള 25കാരിയായ നേഹ ഠാക്കൂർ തിരഞ്ഞെടുത്തത്. എയർഹോസ്റ്റസ് പരിശീലനം പൂർത്തിയാക്കിയ നേഹ ഇന്ന് 12 ടൺ ഭാരമുള്ള ലോറിയുടെ ഡ്രൈവറാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ലോറിയുമായി സഞ്ചരിക്കുന്ന നേഹയെ ഹിമാചൽ പ്രദേശിലെ ആദ്യ വനിതാ ട്രക്ക് ഡ്രൈവറായാണ് വിശേഷിപ്പിക്കുന്നത്.

മണ്ഡി ജില്ലയിലെ സർകാഘട്ടിലുള്ള ഖുദ്‌ല എന്ന ഗ്രാമമാണ് നേഹയുടെ സ്വദേശം. പിതാവ് മനോജ് ഠാക്കൂർ ഇരുപത് വർഷത്തിലേറെയായി ട്രാൻസ്‌പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്. ചെറുപ്പം മുതൽ അച്ഛനോടൊപ്പം ലോറിയിൽ യാത്ര ചെയ്യാൻ അവസരം ലഭിച്ചതാണ് നേഹയുടെ മനസിൽ ഹെവി വാഹനത്തോടുള്ള കമ്പം വളർത്തിയത്. അച്ഛൻ ലോറിയിൽ തന്നെ സ്‌കൂളിൽ കൊണ്ടുപോയിരുന്ന കാലം നേഹയുടെ മനസിൽ ഇന്നും മായാതെ കിടക്കുന്നു. അന്ന് തുടങ്ങിയ ലോറിയോടുള്ള കൗതുകമാണ് വർഷങ്ങൾക്കിപ്പുറം ജീവിതത്തിലെ നിർണായക തീരുമാനത്തിലേക്ക് നേഹയെ എത്തിച്ചത്.

neha-thakur-
ട്രക്ക് ഓടിക്കുന്ന നേഹ ഠാക്കൂർ

ബിരുദപഠനം പൂർത്തിയാക്കിയശേഷം നേഹ ചണ്ഡിഗഢിലെത്തി എയർഹോസ്റ്റസ് പരിശീലനം നേടിയിരുന്നു. എന്നാൽ ഇതിനിടെയാണ് കൊവിഡ് മഹാമാരി എത്തിയത്. വ്യോമയാന മേഖല വലിയ പ്രതിസന്ധിയിലായതോടെ നേഹയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. തുടർന്നാണ് മറ്റൊരു കരിയർ പരീക്ഷിക്കാൻ നേഹ തീരുമാനിച്ചത്.

ഭാരമേറിയ ഹെവി വാഹനം ഓടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഗിയർ, ക്ലച്ച്, ബ്രേക്ക് എന്നിവയുടെ പ്രവർത്തനം മനസിലാക്കുന്നതിനൊപ്പം വാഹനത്തിന്റെ നിയന്ത്രണവും പഠിക്കേണ്ടതുണ്ടായിരുന്നു. ഡ്രൈവിംഗ് സ്‌കൂളിൽ പരിശീലനം നേടിയ നേഹ 2023ലാണ് ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് സ്വന്തമാക്കിയത്.അന്ന് 21 വയസായിരുന്നു നേഹയ്ക്കുണ്ടായിരുന്നത്.

A post shared by Nehu🚛 (@nehuthakur2529)


ഹെവി ട്രക്ക് ഡ്രൈവറാകുക എന്ന മോഹം അച്ഛൻ മനോജ് ഠാക്കൂറിന്റെ പിന്തുണ നിർണായകമായിരുന്നു. സ്വന്തം ലോറിയിൽ പരിശീലനം നടത്താൻ അദ്ദേഹം മകൾക്ക് അവസരം നൽകി. ഒരു യുവതി ട്രക്ക് ഡ്രൈവറായി മാറുന്നതിനെക്കുറിച്ച് ഉയർന്ന വിമർശനങ്ങളും സംശയങ്ങളും അവഗണിച്ചായിരുന്നു നേഹയുടെ മുന്നേറ്റം. ആദ്യകാലത്ത് പ്രാദേശിക റൂട്ടുകളിലായിരുന്നു നേഹ ലോറി ഓടിച്ചത്. പിന്നീടാണ് ദീർഘദൂര യാത്രകളിലേക്ക് കടന്നത്. നിലവിൽ 12 ടൺ ഭാരമുള്ള ടാറ്റയുടെ ഒരു ലോറിയാണ് നേഹ ഓടിക്കുന്നത്. നിർമാണ സാമഗ്രികളും കാർഷിക ഉത്പന്നങ്ങളുമടക്കം വിവിധ സാധനങ്ങൾ സംസ്ഥാനങ്ങൾ കടന്നുള്ള റൂട്ടുകളിൽ എത്തിക്കുന്ന ജോലിയും നേഹ ചെയ്യുന്നുണ്ട്.

മലനിരകളിലൂടെയുള്ള യാത്രയ്ക്ക് പ്രത്യേക വെല്ലുവിളികളുണ്ട്. ഇടുങ്ങിയ റോഡുകൾ, മൂടൽമഞ്ഞ്, മഴ, പ്രതികൂല കാലാവസ്ഥ എന്നിവയ്ക്കിടയിലൂടെ ഹെവി വാഹനം നിയന്ത്രിക്കാൻ ഏകാഗ്രതയും ക്ഷമയും ആവശ്യമാണ്. ഭക്ഷണം പോലും കൃത്യസമയത്ത് കഴിക്കാൻ കഴിയാത്ത ദിവസങ്ങളുണ്ട്. പലപ്പോഴും രാത്രികൾ വീടിന് പുറത്തായിരിക്കും. ആദ്യകാലത്ത് നേഹയെ ലോറിയുടെ ഡ്രൈവിങ് സീറ്റിൽ കാണുമ്പോൾ പലരും അത്ഭുതപ്പെട്ടിരുന്നു. തന്റെ തീരുമാനത്തെക്കുറിച്ച് വിമർശനങ്ങളും സംശയങ്ങളും നേരിടേണ്ടിവന്നതായും നേഹ തന്നെ വിവിധ വീഡിയോകളിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാൽ യാത്രകൾ കൂടുന്തോറും വിമർശനങ്ങൾക്കുള്ള മറുപടി സ്വന്തം ജോലിയിലൂടെ നൽകാൻ നേഹയ്ക്ക് കഴിഞ്ഞു.

neha-thakur
നേഹ ഠാക്കൂർ

അതേസമയം യാത്രകൾക്കിടയിൽ നേഹ മറ്റൊരു വഴിയും കൂടി തുറന്നു—വ്‌ളോഗിംഗ്. യാത്രകളും ഡ്രൈവിംഗ് അനുഭവങ്ങളും ദൈനംദിന ജീവിതവുമെല്ലാം മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ തുടങ്ങി. ഹെവി വാഹനത്തിന്റെ ഡ്രൈവിംഗ് എങ്ങനെയാണെന്നും ദീർഘദൂര യാത്രകളിലെ ജീവിതം എങ്ങനെയാണെന്നും ആളുകൾക്ക് അടുത്തറിയാനുള്ള അവസരമായി നേഹയുടെ വീഡിയോകൾ. ദിവസേനയുള്ള ജോലികൾ മുതൽ ദീർഘദൂര യാത്രകൾ വരെയുള്ള അനുഭവങ്ങളും വ്‌ളോഗുകളിലൂടെ നേഹ പങ്കുവയ്ക്കുന്നുണ്ട്. പിന്നീട് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. യൂട്യൂബ് ചാനലിന് 4.5 ലക്ഷത്തിലേറെ ഫോളോവേഴ്സും ഇൻസ്റ്റഗ്രാമിൽ എട്ട് ലക്ഷത്തിലേറെ ഫോളോവേഴ്സും നേഹയ്‌ക്കുണ്ട്.

സ്ത്രീകൾക്ക് അനുയോജ്യമല്ലെന്ന് സമൂഹം കണക്കാക്കുന്ന ഒരു തൊഴിൽമേഖലയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ ബന്ധുക്കളുടെയും നാട്ടുകാരുടെയും അഭിപ്രായം ഭയന്ന് പിന്നോട്ടുപോകരുതെന്നാണ് നേഹയുടെ സന്ദേശം. 'എന്റെ യാത്രയിലും നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. പക്ഷേ സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകുകയായിരുന്നു. ഒരു ജോലിയിൽ താൽപര്യമുണ്ടെങ്കിൽ ആത്മവിശ്വാസത്തോടെ അത് ചെയ്യുക. നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക,'-നേഹ പറയുന്നു.

English Summary

Neha Thakur, 25, from Himachal Pradesh, transitioned from air hostess training to become a 12-ton truck driver, reportedly the state's first female. Inspired by her father, she obtained her heavy vehicle license at 21 after the pandemic disrupted aviation. She now transports goods inter-state, facing challenges while also vlogging her unique journey.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEHA THAKHUR, TRUCK DRIVER, VIRAL NEWS, LATESTNEWS, OFFBEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360