
ഫോട്ടോയും തൂക്കവും അപ്‌ലോഡ് ചെയ്യണം
കൊച്ചി: സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാൻ ശക്തമായ നടപടികൾക്ക് ബ്യൂറോ ഒഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്‌സ്(ബി.ഐ.എസ്) നാളെ മുതൽ തുടക്കമിടുന്നു. വ്യാപാരികൾ ജൂൺ എട്ടു മുതൽ ആഭരണങ്ങളുടെ ഫോട്ടോയും തൂക്കവും വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധനയാണ് ഏർപ്പെടുത്തുന്നത്. ജൂൺ 15
മുതൽ മൈക്രോബാലൻസ് ഓട്ടോമാറ്റിക് ഇന്റഗ്രേഷനും നിർബന്ധമാണ്. മൈക്രോ ബാലൻസിൽ ഒരു മില്ലിഗ്രാം തൂക്കം വരെ രേഖപ്പെടുത്തും.
ഹാൾമാർക്ക് എച്ച്.യു.ഐ.ഡി മുദ്ര ചെയ്ത ആഭരണങ്ങൾ വിൽക്കുന്ന വ്യാപാരശാലകളുടെ പേര്, രജിസ്ട്രേഷൻ നമ്പർ, വിലാസം തുടങ്ങിയവയോടൊപ്പം ഹാൾമാർക്കിംഗ് സെന്ററിന്റെ വിവരങ്ങളും വള,മാല, മോതിരം തുടങ്ങിയവയുടെ വിശദാംശങ്ങളുമാണ് നിലവിൽ ബി.ഐ.എസ് ആപ്പിൽ ലഭ്യമായിരുന്നത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ സ്വർണ പരിശുദ്ധി ഉറപ്പാക്കാൻ ഉപഭോക്താക്കൾക്ക് കഴിയും.
തുടക്കം 25 കേന്ദ്രങ്ങളിൽ
രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 25 ഹാൾ മാർക്കിംഗ് കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മൈക്രോ ബാലൻസിംഗ് പൈലറ്റ് പദ്ധതിയായി നടപ്പാക്കും. ഒരു ദിവസം 250 മുതൽ 300 വരെ ആഭരണങ്ങളിൽ എച്ച്. യു.ഐ.ഡി മുദ്ര രേഖപ്പെടുത്താനാകും. പുതിയ നിബന്ധനകൾ വരുന്നതോടെ ഓരോ ആഭരണങ്ങളിലും പതിക്കുന്ന ആറ് അക്ക ആൽഫ ന്യൂമറിക് നമ്പറുകൾ വ്യാജ ആഭരണങ്ങളിലും അനുകരണങ്ങളിലും ഉപയോഗിക്കാനാകില്ല.
തീരുമാനം അറിയിച്ചില്ലെന്ന് ഹാൾമാർക്കിംഗ് കേന്ദ്രങ്ങൾ
പുതിയ തീരുമാനങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഹാൾമാർക്കിംഗ് കേന്ദ്രങ്ങളുടെ ഉടമകൾ പറയുന്നു. ഹാൾമാർക്കിന് 100 ആഭരണങ്ങളുമായി എത്തുന്ന ഒരാൾക്ക് പൂർണമായും സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്തതിനു ശേഷമേ പുറത്തിറങ്ങാനാകൂ.
ഹാൾമാർക്കിംഗിൽ പുതിയ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നതിനാൽ എച്ച്.യു.ഐ.ഡി വ്യാപാരികൾക്ക് വലിയ ഭാരമായി മാറുന്നു
അഡ്വ.എസ്. അബ്ദുൽ നാസർ
സംസ്ഥാന ജനറൽ സെക്രട്ടറി
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |