ചെന്നൈ: സ്വകാര്യ സ്‌കൂളുകൾക്ക് ലൈസൻസും മറ്റ് അംഗീകാരവും നൽകുന്നതുമായി ബന്ധപ്പെട്ട നൂറ് കോടിരൂപയുടെ അഴിമതിക്കേസിൽ മുൻ ഡിംഎംകെ മന്ത്രിയെ സിബിഐ അറസ്റ്റുചെയ്തു. തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അൻബിൽ മഹേഷ് പൊയ്യമൊഴിയെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്‌തത്. അതേസമയം ഭരണകക്ഷിയായ ടിവികെ എതിരാളികളെ നേരിടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് ഡിഎംകെ ആരാേപിച്ചു.
സർക്കാർ അംഗീകാരം നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പണം പിരിച്ചുവെന്ന ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇത്തരത്തിൽ 177 സ്കൂളുകളിൽ നിന്ന് പണം പിരിച്ചെടുത്തെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തമിഴ്നാട്ടിലെ സ്വകാര്യ സ്‌കൂളുകളുടെ അസോസിയേഷൻ സെക്രട്ടറി ഇളങ്കോവൻ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്ഥിരാംഗീകാരം, സ്‌കൂൾ അപ്ഗ്രഡേഷൻ, കെട്ടിട നിർമാണത്തിനുള്ള പ്ലാനിംഗ് അനുമതി തുടങ്ങിയവ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി. തമിഴ്നാട് പ്രൈവറ്റ് സ്‌കൂൾസ് അസോസിയേഷൻ പ്രസിഡന്റ് ബി.ടി. അരസുകുമാറും മറ്റ് ഭാരവാഹികളും സ്വകാര്യ സ്‌കൂളുകളിൽനിന്ന് അംഗത്വഫീസും വരിസംഖ്യയും അടക്കം പിരിച്ചെടുത്തെന്നും പരാതിയിൽ ആരോപിക്കുന്നു. സർക്കാർ അനുമതികൾ ലഭ്യമാക്കാൻ സഹായിക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.
നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി), ലൈസൻസ്, അംഗീകാരം അടക്കമുള്ള ഔദ്യോഗിക അനുമതികൾ നേടിക്കൊടുക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും പണം നൽകിയ സ്ഥാപനങ്ങൾക്ക് വാഗ്ദാനം പാലിച്ചില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം. ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് മുൻ മന്ത്രിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതും അറസ്റ്റിലേക്ക് കടന്നതും. എന്നാൽ മഹേഷ് ആരോപണങ്ങൾ നിഷേധിച്ചു. കേസിന്റെ നിയമസാധുത ചോദ്യംചെയ്ത് അദ്ദേഹം കോടതിയെ സമീപിച്ചിട്ടുണ്ട്.
അറസ്റ്റിൽനിന്ന് സംരക്ഷണം തേടി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻ മന്ത്രി സമർപ്പിച്ച ഹർജി ജസ്റ്റിസ് വി ലക്ഷ്മിനാരായണൻ തള്ളുകയായിരുന്നു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹേഷ് കോടതിയെ സമീപിച്ചിട്ടുണ്ട്.
Former Tamil Nadu Education Minister Anbil Mahesh Poyyamozhi was arrested by the CBI in a 100-crore corruption case. He allegedly took money from 177 private schools, promising licenses and approvals. Madras High Court rejected his anticipatory bail. While Mahesh denied allegations, DMK accused the ruling party of misusing agencies.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |