SignIn
Kerala Kaumudi Online
Monday, 26 October 2026 5.07 PM IST

അടക്കവും ദഹിപ്പിക്കലുമല്ല, ഇനി മനുഷ്യശരീരം 'ടെറാമേഷൻ' ചെയ്യും, പുതിയ രീതിക്ക് അനുമതി

human-composting
പ്രതീകാത്മക ചിത്രം

നമ്മുടെ നാട്ടിൽ ഒരാൾ മരിച്ചാൽ അയാളുടെ ശരീരം ദഹിപ്പിക്കുകയോ അടക്കം ചെയ്യുകയോ ചെയ്യാറാണ് പതിവ്. ഇവിടെ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. ഓസ്‌ട്രേലിയയിലും ഇതേ രീതിയിൽ തന്നെയാണ് ചെയ്‌തിരുന്നത്. എന്നാൽ, പരിസ്ഥിതി ആഘാതം, സെമിത്തേരികളിലെ സ്ഥലപരിമിതി എന്നീ പ്രശ്‌നങ്ങൾ കാരണം രാജ്യത്ത് സുസ്ഥിര മാർഗങ്ങളിലേക്കുള്ള ചിന്തകൾക്ക് വഴിവച്ചു.

അങ്ങനെ പ്രകൃതിദത്തമായ അടക്കം ചെയ്യൽ (Natural Burial), വാട്ടർ ക്രിമേഷൻ (Water Cremation), ശവപ്പെട്ടിയില്ലാതെ കഫൻ തുണി മാത്രം ഉപയോഗിച്ചുള്ള സംസ്‌കാരം (Shrouded Cremation) എന്നിവയെല്ലാം ഓസ്‌ട്രേലിയക്കാർ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തിൽ പുതിയൊരു മാർഗം കൂടി നിയമപരമായി അനുവദിച്ചിരിക്കുകയാണ്. ഹ്യൂമൻ കമ്പോസ്റ്റിംഗ് അഥവാ നാച്വറൽ ഓർഗാനിക് റിഡക്ഷൻ എന്നാണ് ഈ മാർഗത്തെ പറയുന്നത്. നിയമപരമായി ടെറാമേഷൻ എന്നാണ് ഈ പ്രക്രിയയെ വിളിക്കുന്നത്. സൂക്ഷ്‌മജീവികളെ ഉപയോഗിച്ച് മനുഷ്യ മൃതദേഹത്തെ വളം പോലുള്ള ഒരു പദാർത്ഥമാക്കി മാറ്റുന്ന രീതിയാണിത്.

മനുഷ്യശരീരത്തെ കമ്പോസ്റ്റാക്കി മാറ്റുന്ന ഈ ആശയത്തോട് പലർക്കും വിയോജിപ്പുണ്ടാകാം. എന്നാൽ, ഭാവിയിൽ സ്ഥലപരിമിധി മൂലം നമ്മുടെ രാജ്യവും ഇത്തരമൊരു ആശയത്തേക്കുറിച്ച് ചിന്തിച്ചേക്കാം. ഇത് എങ്ങനെയാണ് പ്രവർക്കിത്തുന്നത്? നിലവിലുള്ള രീതികളേക്കാൾ മികച്ചതാണോ? എന്നെല്ലാം മനസിലാക്കാം.

ശരീരം അപ്രത്യക്ഷമാകില്ല

മരിച്ചവരുടെ ശരീരത്തെ ബഹുമാനിക്കുന്ന രീതിയാണ് ലോകം മൊത്തം പിന്തുടരുന്നത്. അതിന്റെ ഭാഗമായാണ് മൃതദേഹത്തിന് വസ്‌ത്രം ധരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ആചാരങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. ചിലർ ശരീരം വേഗത്തിൽ മണ്ണോടുചേരാൻ ആഗ്രഹിക്കുമ്പോൾ മറ്റുചിലർ കാലങ്ങളോളം ശരീരം കേടുകൂടാതെ സൂക്ഷിക്കാൻ ശ്രമിക്കുന്നു.

ഒരാൾ മരിച്ചുകഴിഞ്ഞാൽ ഉടൻതന്നെ ശരീരത്തിൽ ജീർണിക്കൽ പ്രക്രിയ ആരംഭിക്കുന്നു. കോശങ്ങൾ നശിക്കുന്നതോടെ, ശരീരത്തിലുള്ള സൂക്ഷ്‌മജീവികൾ ചേർന്ന് ശരീരകലകളെ നശിപ്പിക്കാൻ തുടങ്ങുന്നു. അനുകൂലമായ താപനിലയും ഈർപ്പവുമുള്ള സാഹചര്യങ്ങളിൽ ഈച്ചകളും വണ്ടുകളും ഉൾപ്പെടെയുള്ള പ്രാണികൾ പോലും ശരീരഭാഗങ്ങൾ ഭക്ഷിച്ച് തീർക്കും. ഓർഗാനിക് അവശിഷ്‌ടങ്ങളെ പുനഃരുപയോഗം ചെയ്യാനും പ്രകൃതിയിലേക്ക് പോഷകങ്ങൾ തിരികെ നൽകാനുമുള്ള പ്രകൃതിയുടെ സ്വന്തം വഴിയാണിത്. ശരീരം പെട്ടെന്ന് അപ്രത്യക്ഷമാകില്ല. അതിന് കുറച്ചധികം സമയമെടുക്കും.

അടക്കുമ്പോൾ ശരീരത്തിൽ എന്ത് സംഭവിക്കും?

ശരീരം ശവപ്പെട്ടിയിലാക്കി 1.5 മുതൽ 2.7 മീറ്റർ വരെ ആഴത്തിലാണ് അടക്കം ചെയ്യുന്നത്. ഇത് പൂർണമായും മണ്ണോടുചേരാൻ വർഷങ്ങളോ പതിറ്റാണ്ടുകളോ എടുത്തേക്കാം. വടക്കൻ ഇറ്റലിയിലെ സെമിത്തേരികളിൽ നിന്ന് പുറത്തെടുത്ത 408 മനുഷ്യശരീരത്തിൽ നടത്തിയ ഗവേഷണത്തിൽ, കല്ലുകൊണ്ട് നിർമിച്ച് പൂർണമായും അടച്ച കല്ലറകളിൽ സൂക്ഷിച്ച മൃതദേഹങ്ങൾ അസ്ഥികൂടമായി മാറാൻ 40 വർഷത്തിലധികം സമയമെടുക്കും എന്നാണ് കണ്ടെത്തിയത്. അതേസമയം മണലോ ചരലോ നിറഞ്ഞ മണ്ണിൽ അടക്കം ചെയ്‌ത ശരീരങ്ങൾ പത്ത് വർഷത്തിനുള്ളിൽ അസ്ഥികൂടങ്ങളായി മാറി.

ഇക്കാരണത്താലാണ് ഓസ്‌ട്രേലിയയിൽ നാച്വറൽ അല്ലെങ്കിൽ ഗ്രീൻ ബറിയൽ രീതികൾ തുടങ്ങിയത്. ഇതിനായി മൃതദേഹത്തിന്റെ എംബാമിംഗ് ഒഴിവാക്കി പൂർണമായും മണ്ണിൽ ലയിക്കുന്ന വസ്‌ത്രങ്ങൾ മാത്രം ഉപയോഗിച്ച് കട്ടി കുറഞ്ഞ് പെട്ടെന്ന് മണ്ണിൽ ചേരുന്ന തരത്തിലുള്ള ശവപ്പെട്ടികളാണ് ഉപയോഗിക്കുന്നത്.

human-composting
പ്രതീകാത്മക ചിത്രം

ഹ്യൂമൻ കമ്പോസ്റ്റിംഗ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

പ്രകൃതിദത്തമായ ജീർണിക്കൽ പ്രക്രിയയെ വേഗത്തിലാക്കുകയാണ് ടെറാമേഷനിലൂടെ ചെയ്യുന്നത്. പ്രകൃതിദത്ത തുണിയിൽ പൊതിഞ്ഞ മൃതദേഹം മരപ്പൊടി, വൈക്കോൽ, അൽഫാൽഫ (ഒരു തരം പുല്ല്) തുടങ്ങിയ ജൈവവസ്‌തുക്കൾക്കൊപ്പം പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത ഒരു പെട്ടിയിൽ (Vessel) നിക്ഷേപിക്കുന്നു. സൂക്ഷ്‌മജീവികൾ ഇതിനെ വേഗത്തിൽ ദ്രവിപ്പിക്കാൻ ആവശ്യമായ ഈർപ്പവും വായുസഞ്ചാരവും നൽകുന്നു.

55 മുതൽ 70 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും, കൃത്യമായ അളവിലുള്ള ഈർപ്പവും ഓക്‌സിജനും ചേരുമ്പോൾ ജീർണിക്കൽ വേഗത്തിലാവുകയും ശരീരത്തിലെ രോഗാണുക്കൾ നശിക്കുകയും ചെയ്യുന്നു. കൂടാതെ ഈ പെട്ടികൾ നിശ്ചിത സമയങ്ങളിൽ 360 ഡിഗ്രി തിരിക്കുകയോ ഇരുവശങ്ങളിലേക്കും പതുക്കെ ചലിപ്പിക്കുകയോ ചെയ്യും. ജീർണിക്കൽ വേഗത്തിലാക്കാനാണിത്.

രണ്ട് മുതൽ മൂന്ന് മാസത്തിനുള്ളിൽ ഏകദേശം ഒരു ക്യുബിക് മീറ്റർ അളവിൽ പോഷകസമൃദ്ധമായ കമ്പോസ്റ്റ് പോലുള്ള മണ്ണ് ലഭിക്കുന്നു. ഇത് ചെടികൾ വളർത്താൻ ഉൾപ്പെടെ ഉപയോഗിക്കാം. എന്നാൽ, ശരീരത്തിലെ എല്ലാ ഭാഗങ്ങളും ഇത്തരത്തിൽ പൂർണമായി ദ്രവിക്കില്ല. അസ്ഥികളും പല്ലുകളും വീണ്ടും പൊടിച്ചെടുക്കേണ്ടിവരും. കൂടാതെ, പല്ലിൽ ചെയ്‌ത ഇംപ്ലാന്റുകൾ, സർജിക്കൽ സ്‌ക്രൂകൾ, കൃത്രിമ സന്ധികൾ, സിലിക്കൺ ഇംപ്ലാന്റുകൾ തുടങ്ങി ശരീരത്തിൽ എന്തെങ്കിലും കൃത്രിമ വസ്‌തുക്കളുണ്ടെങ്കിൽ അതെല്ലാം ആരെങ്കിലും നേരിട്ട് നീക്കം ചെയ്യണം.

അമേരിക്കയിൽ കത്രീന സ്പേഡ് എന്നയാളാണ് ഇത്തരമൊരു രീതിക്ക് തുടക്കം കുറിച്ചത്. നിലവിൽ അമേരിക്കയിലെ 14 സംസ്ഥാനങ്ങളിൽ ഹ്യൂമൻ കമ്പോസ്റ്റിംഗ് അനുവദനീയമാണ്. ഇതിനായുള്ള സൗകര്യങ്ങൾ പലയിടങ്ങളിലും ഒരുക്കിവരികയാണ്. 2029ഓടെ മാത്രമേ ആദ്യ ടെറാമേഷൻ സാദ്ധ്യമാകൂ എന്നാണ് കരുതപ്പെടുന്നത്. ഇത് പ്രായോഗികമാകണമെങ്കിൽ കൃത്യമായ ചട്ടങ്ങളും, പ്രത്യേക സജ്ജീകരണങ്ങളുള്ള കേന്ദ്രങ്ങളും, ആളുകളുടെ താല്‌പര്യവും ഉണ്ടാകേണ്ടതുണ്ട്.

English Summary

Australia has legalized human composting, known as terramation or natural organic reduction, as a sustainable alternative to traditional burials due to space constraints and environmental concerns. The process accelerates natural decomposition using organic materials and microorganisms over two to three months, turning the body into nutrient-rich soil.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUSTRALIA HUMAN COMPOSTING, TERRAMATION METHOD AUSTRALIA, NATURAL ORGANIC REDUCTION BODY, HUMAN COMPOSTING PROCESS, GREEN BURIAL METHODS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360