
മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി സിതാംശു കോട്ടക്കിനെ നിയമിച്ചു. മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ ആവശ്യപ്രകാരമാണ് ഇംഗ്ളണ്ടിനെതിരായ ട്വന്റി-20 പരമ്പരയിൽ കോട്ടക്കിനെ ഉൾപ്പെടുത്തിയത്.
ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയുടെ ബാറ്ററായിരുന്ന സിതാംശു 2023 ൽഅയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ കോച്ചായിരുന്നു. നിലവിൽ ഇന്ത്യ എ ടീം പരിശീലകനാണ്. മുൻ ഇംഗ്ലീഷ് ക്രിക്കറ്റർ കെവിൻ പീറ്റേഴ്സണേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായാണ് വിവരം.
ഇടങ്കയ്യൻ ബാറ്ററായിരുന്ന സീതാംശു 130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 8061 റൺസ് നേടിയിട്ടുണ്ട്. 89 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി 3083 റൺസാണ് അടിച്ചുകൂട്ടിയത്. ഐ.പി.എൽ ടീം ഗുജറാത്ത് ലയൺസിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്.
ഗൗതംഗംഭീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പരിശീലക സംഘത്തിന് നിലവിൽ സ്പെഷ്യലിസ്റ്റ് ബാറ്റിംഗ് കോച്ചില്ല.
സഹപരിശീലകരായി അഭിഷേക് നായർ , റയാൻ ടെൻ ഡ്യുഷാറ്റേ എന്നിവരും ഫീൽഡിംഗ് കോച്ചായി ടി.ദിലീപുംബൗളിംഗ് കോച്ചായി മോണി മോർക്കലുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |