
ന്യൂസിലാൻഡിന് എതിരായ ആദ്യ ട്വന്റി-20യിൽ 225 റൺസ് ചേസ് ചെയ്ത് ജയിച്ച് ഇന്ത്യ
33 പന്തുകളിൽ 67 റൺസടിച്ച് സഞ്ജു സാംസൺ പ്ളേയർ ഒഫ് ദ മാച്ച്
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ചേസിംഗ് വിജയം നേടി ഇന്ത്യ. ഇന്നലെ ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ ട്വന്റി-20യിൽ കിവീസ് ഉയർത്തിയ 225/4 എന്ന സ്കോർ ചേസ് ചെയ്ത ഇന്ത്യ രണ്ട് പന്തുകളും നാലുവിക്കറ്റുകളും ബാക്കിനിൽക്കേയാണ് ജയം കണ്ടത്.
മലയാളിതാരം സഞ്ജു സാംസണിന്റ അർദ്ധസെഞ്ച്വറിയും (33 പന്തുകളിൽ 67 റൺസ്),ഓപ്പണർ അഭിഷേക് ശർമ്മ (29),ക്യാപ്ടൻ ശ്രേയസ് അയ്യർ (42), നമാൻ ധിർ (42നോട്ടൗട്ട്) എന്നിവരുടെ പോരാട്ടങ്ങളുമാണ് ഇന്ത്യയ്ക്ക് അഭിമാന വിജയം നൽകിയത്. എട്ടുഫോറുകളും നാലുസിക്സുകളും പറത്തി ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ട സഞ്ജുവാണ് പ്ളേയർ ഒഫ് ദ മാച്ച്. ഇതോടെ ഇന്ത്യ അഞ്ചുമത്സരപരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ഇതേവേദിയിൽ നടക്കും.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ശ്രേയസ് അയ്യർ ആതിഥേയരെ ബാറ്റിംഗിനിറക്കുകയായിരുന്നു. ടിം സീഫർട്ടും (24) ഫിൻ അല്ലെനും (45) ചേർന്ന ഓപ്പണിംഗ് സഖ്യം ആദ്യ അഞ്ചോവറിൽ 49 റൺസ് നേടി പുറത്തായി. പകരമിറങ്ങിയ ഡാരിൽ മിച്ചലിനെ(28)ക്കൂട്ടിമുന്നേറവേ എട്ടാം ഓവറിൽ അക്ഷർ പട്ടേൽ അല്ലെനെ തിലക് വർമ്മയുടെ കയ്യിലെത്തിച്ചു. ഇതോടെ കിവീസ് 80/2 എന്ന നിലയിലായി. അല്ലെന് പകരമെത്തിയ ഗ്ളെൻ ഫിലിപ്പ്സ് (40 പന്തുകളിൽ എട്ടുഫോറുകളും മൂന്ന് സിക്സുകളുമടക്കം പുറത്താകാതെ 82 റൺസ്)നേടിയതാണ് കിവീസിനെ 225ലെത്തിച്ചത്. ടീം സ്കോർ 122ൽ വച്ച് മിച്ചലും 195ൽ വച്ച് ബെവൺ ജേക്കബ്സും (31) പുറത്തായിരുന്നു.
നാളുകൾക്ക് ശേഷം ഇന്ത്യൻ കുപ്പായത്തിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വർ കുമാർ നാലോവറിൽ 49 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല.അർഷ്ദീപ്,മയാങ്ക്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ബെവൺ ജേക്കബ്സ് റൺഔട്ടായി.
സഞ്ജുവും അഭിഷേകും ചേർന്ന് തുടക്കം മുതലേ തകർത്തടിച്ചതാണ് ഇന്ത്യയ്ക്ക് കരുത്തായത്.നാലാം ഓവറിൽ ഇന്ത്യ 50 കടന്നു. 5.5-ാം ഓവറിൽ ടീം സ്കോർ 93ൽ എത്തിയപ്പോഴാണ് അഭിഷേക് പുറത്തായത്.12 പന്തുകളിൽ രണ്ട് ഫോറുകളും മൂന്ന് സിക്സുകളും പായിച്ച അഭിഷേകിനെ ബ്രേസ്വെല്ലിന്റെ പന്തിൽ മിൽനെ പിടികൂടുകയായിരുന്നു. ഫസ്റ്റ് ഡൗൺ പൊസിഷനിൽ ഇഷാൻ കിഷന് പകരം ഇന്ത്യ നിയോഗിച്ചത് തിലക് വർമ്മ(6)യെയാണ്.എന്നാൽ തിലകിന് നല്ല തുടക്കം നൽകാനായില്ല. 23 പന്തുകളിൽ അർദ്ധസെഞ്ച്വറി തികച്ച സഞ്ജു ഒൻപതാം ഓവറിൽ സാന്റ്നറുടെ പന്തിൽ ബൗൾഡാവുകയായി രുന്നു. പിന്നാലെതിലകും ഇഷാൻ കിഷനും (1) കൂടി പുറത്തായതോടെ ഇന്ത്യ 10.3 ഓവറിൽ 122/4 എന്ന നിലയിലായി.
അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച നായകൻ ശ്രേയസ് അയ്യരും അക്ഷർ പട്ടേലും (24) കൂട്ടിച്ചേർത്ത 45 റൺസാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.14.3 ഓവറിൽ ടീം സ്കോർ 167ൽ നിൽക്കവേ അക്ഷർ പുറത്തായെ ങ്കിലും പകരമിറങ്ങിയ നമാൻ ധിർ 15 പന്തുകളിൽ അഞ്ചു ഫോറും രണ്ട് സിക്സുകളും പറത്തി ശ്രേയസിന് കൂട്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |