SignIn
Kerala Kaumudi Online
Thursday, 22 October 2026 9.48 PM IST

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌,​ ഗില്ലിന്റെ റെക്കാഡ് തകർന്നു

harry-brook-gill
ഹാരി ബ്രൂക്ക്,​ ശുഭ്മാൻ ഗില്ല്

റാവൽപിണ്ടി: ഏകദിന ക്രിക്കറ്റിൽ അതിവേഗ ഇരട്ടസെഞ്ച്വറി നേടി ചരിത്രം കുറിച്ച് ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരി ബ്രൂക്ക്. ശ്രീലങ്കയ്ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലാണ് ബ്രൂക്കിന്റെ ചരിത്ര നേട്ടം. വെറും 114 പന്തിലാണ് താരം തന്റെ ഇരട്ടസെഞ്ച്വറി പൂർത്തിയാക്കിയത്. ഇംഗ്ലണ്ടിനായി ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ബ്രൂക്ക് സ്വന്തമാക്കി. 116 പന്തിൽ 202 റൺസുമായി ബ്രൂക്ക് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ റെക്കാഡാണ് മറികടന്നത്. കഴിഞ്ഞ മാസം ഗോഹട്ടിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിലായിരുന്നു ഗില്ലിന്റെ നേട്ടം.

21 ബൗണ്ടറികളും 10 സിക്സറുകളും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ഇതോടെ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. ഏകദിനത്തിലെ ഇംഗ്ലണ്ടിന്റെ നാലാമത്തെ ഉയർന്ന ടീം ടോട്ടലാണിത്. 75 പന്തിൽ സെഞ്ച്വറി തികച്ച ബ്രൂക്ക്, ഫൈൻ ലെഗിന് മുകളിലൂടെ റാംപ് ഷോട്ടിലൂടെ ബൗണ്ടറി നേടിയാണ് മൂന്നക്കം കടന്നത്. സമാനമായ ഷോട്ടിലൂടെ 150 റൺസും പിന്നിട്ടു. അവസാന ഓവറിൽ ജനിത് ലിയനാഗെയ്‌ക്കെതിരെ പാഡിൽ സ്വീപിലൂടെ ഇരട്ടസെഞ്ച്വറിയും തികയ്ക്കുകയായിരുന്നു. വെറും 39 പന്തുകൾ മാത്രമാണ് രണ്ടാം സെഞ്ച്വറിക്കായി ബ്രൂക്കിന് വേണ്ടിവന്നത്.

ബ്രൂക്കിന് പുറമെ ജോ റൂട്ട് (69), വിൽ ജാക്സ് (66), ടോം ബാന്റൺ (50) എന്നിവരും തിളങ്ങി. അവസാന 10 ഓവറിൽ ബ്രൂക്കും ജാക്സും ചേർന്ന് 156 റൺസാണ് കൂട്ടിച്ചേർത്തത്. ലങ്കൻ ബൗളർമാർക്ക് ഇംഗ്ലണ്ടിന്റെ ബാറ്റിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇഷാൻ മലിംഗ 91 റൺസും ദിൽഷൻ മധുശങ്ക 89 റൺസും വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഏകദിന ക്രിക്കറ്റിൽ തിരിച്ചെത്തിയ ദസുൻ ഷനക ആറ് ഓവറിൽ 74 റൺസും വഴങ്ങി. സ്പിന്നർ ദുനിത് വെല്ലാലഗെ രണ്ടു വിക്കറ്റ് വീഴ്ത്തി 56 റൺസ് വഴങ്ങി. പാകിസ്ഥാനോട് തോൽവി വഴങ്ങിയ ഇംഗ്ലണ്ടും ശ്രീലങ്കയും ടൂർണമെന്റിലെ ആദ്യ ജയം തേടിയാണ് ഏറ്റുമുട്ടുന്നത്.

അതിവേഗ ഇരട്ടസെഞ്ച്വറികൾ

114 പന്ത് – ഹാരി ബ്രൂക്ക് VS ശ്രീലങ്ക
117 പന്ത് – ശുഭ്മാൻ ഗിൽ VS വെസ്റ്റ് ഇൻഡീസ്
126 പന്ത് – ഇഷാൻ കിഷൻ VS ബംഗ്ലാദേശ്
128 പന്ത് – ഗ്ലെൻ മാക്സ്‌വെൽ VS അഫ്ഗാനിസ്ഥാൻ
136 പന്ത് – പഥും നിസങ്ക VS അഫ്ഗാനിസ്ഥാൻ
138 പന്ത് – ക്രിസ് ഗെയ്ൽ VS സിംബാബ്‌വേ
140 പന്ത് – വീരേന്ദർ സെവാഗ് VS വെസ്റ്റ് ഇൻഡീസ്

English Summary

England captain Harry Brook achieved the fastest double century in One Day International cricket history, scoring 200 runs off just 114 balls against Sri Lanka in a tri-series match. Brook surpassed Shubman Gill's previous record and became the first Englishman to reach an ODI double century, contributing to England's formidable total of 429/4.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARRY BROOK, SHUBHMAN GILL, LATESTNEWS, SPORTS, ENGVSL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360