
ഇന്ത്യ- ഇംഗ്ളണ്ട് രണ്ടാം ട്വന്റി-20 ഇന്ന് ചെന്നൈയിൽ
പേസർ മുഹമ്മദ് ഷമിയെ കളിപ്പിക്കുമോ എന്ന് ആകാംക്ഷ
ചെന്നൈ : ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുളള രണ്ടാം ട്വന്റി-20 മത്സരത്തിന് ഇന്ന് ചെന്നൈയിൽ വേദിയൊരുങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് പേസർ മുഹമ്മദ് ഷമിക്ക് പ്ളേയിംഗ് ഇലവനിൽ ഇടം കിട്ടുമോ എന്നറിയാനാണ്. പരിക്കുകാരണം ഒരു വർഷത്തിലേറെ കളത്തിന് പുറത്തായിരുന്ന ഷമി ഈ പരമ്പരയിലൂടെ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും കൊൽക്കത്തയിൽ നടന്ന ആദ്യ ട്വന്റി-20യിൽ കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.
സ്പെഷ്യലിസ്റ്റ് പേസറായി അർഷ്ദീപ് സിംഗിനെ മാത്രമാണ് കൊൽക്കത്തയിൽ ഇന്ത്യ കളിപ്പിച്ചത്. നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി അർഷ്ദീപ് സിംഗ് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ആൾറൗണ്ടർ ഹാർദിക്കാണ് അർഷ്ദീപിനൊപ്പം ബൗളിംഗ് ഓപ്പൺ ചെയ്തത്. മറ്റൊരു പേസ്ബൗളിംഗ് ആൾറൗണ്ടറായ നിതീഷ് കുമാറിനെ ഉപയോഗിച്ചതുകൂടിയില്ല. ചെന്നൈയിലെ പിച്ചും സ്പിന്നർമാരെ തുണയ്ക്കുന്നതിനാൽ ഇന്ത്യ പ്ളേയിംഗ് ഇലവനിൽ മാറ്റം വരുത്താനിടയില്ല. അങ്ങനെയെങ്കിൽ കളത്തിലിറങ്ങാൻ ഷമി ഇനിയും ക്ഷമിച്ചിരുന്നേ മതിയാകൂ.
2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്.
2022ലെ ലോകകപ്പിലായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി അവസാന ട്വന്റി-20 മത്സരം.
2024 ഒക്ടോബർ മുതൽ ഫിറ്റ്നെസ് വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു താരം.
രഞ്ജി ട്രോഫിയിലും വിജയ്ഹസാരേയിലും സെയ്ദ് മുഷ്താഖ് അലി ട്വന്റി-20യിലും കളിച്ച് ഫിറ്റ്നെസ് തെളിയിച്ചെങ്കിലും
ഈ വർഷമാണ് സെലക്ടർമാർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെടുത്തത്.
വിജയം തുടരാൻ ഇന്ത്യ
കൊൽക്കത്തയിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവുപുലർത്തി നേടിയ വിജയം ചെന്നൈയിലും തുടരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കൊൽക്കത്തയിൽ ടോസ് നേടി ഇംഗ്ളണ്ടിനെ ബാറ്റിംഗിനിറക്കി 132 റൺസിൽ ആൾഔട്ടാക്കിയശേഷം 12.5 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി സൂര്യയും സംഘവും വിജയിക്കുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രർത്തിയും രണ്ട് വിക്കറ്റുകൾ വീതംനേടി അർഷ്‌ദീപും ഹാർദിക്കും അക്ഷർ പട്ടേലും ചേർന്നാണ് ഇംഗ്ളണ്ടിനെ അരിഞ്ഞിട്ടത്. ബാറ്റിംഗിൽ 34 പന്തുകളിൽ 79 റൺസ് നേടി അഭിഷേക് ശർമ്മയും 20 പന്തുകളിൽ 26 റൺസ് നേടി സഞ്ജു സാംസണും വിജയത്തിന് അടിത്തറയിട്ടു.
7 pm മുതൽ സ്റ്റാർ സ്പോർട്സിലും ഡിസ്നി ഹോട്ട്‌സ്റ്റാറിലും ലൈവ്
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : സൂര്യകുമാർ യാദവ് (ക്യാപ്ടൻ),സഞ്ജു, അഭിഷേക് ശർമ്മ,തിലക് വർമ്മ,നിതീഷ് കുമാർ റെഡ്ഡി,മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,ധ്രുവ് ജുറേൽ,റിങ്കു സിംഗ്,ഹാർദിക് പാണ്ഡ്യ,അക്ഷർ പട്ടേൽ,രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി,വാഷിംഗ്ടൺ സുന്ദർ.
ഇംഗ്ളണ്ട് : ജോസ് ബട്ട്‌ലർ(ക്യാപ്ടൻ),ഫിൽ സാൾട്ട്,ബെൻ ഡക്കറ്റ്,ഹാരി ബ്രൂക്ക് ലിയാം ലിവിംഗ്സ്റ്റൺ,ജേക്കബ് ബെതേൽ,ജാമി ഓവർടൺ,ഗസ് അറ്റ്‌കിൻസൺ,ജൊഫ്ര ആർച്ചർ,ആദിൽ റഷീദ്,മാർക്ക് വുഡ്,ജാമീ സ്മിത്ത്,ബ്രൈഡൻ കാഴ്സ്,രെഹാൻ അഹമ്മദ്,സാക്കിബ് മഹ്‌മൂദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |