SignIn
Kerala Kaumudi Online
Friday, 23 October 2026 2.16 PM IST

റയലും പി.എസ്.ജിയും പ്രീ ക്വാർട്ടറിൽ

football

മാഡ്രിഡ് : രണ്ടാം പാദ പ്രീ ക്വാർട്ടർ പ്ളേഓഫ് മത്സരങ്ങളിൽ തകർപ്പൻ വിജയങ്ങൾ നേടി നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ 3-1ത്തിന് മുൻ ചാമ്പ്യന്മാരായ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയെ ആണ് റയൽതോൽപ്പിച്ചത്. ആദ്യ പാദത്തിൽ റയൽ 3-2ന് ജയിച്ചിരുന്നതിനാൽ 6-3 എന്ന ആകെ ഗോൾ മാർജിനിലാണ് റയലിന്റെ അവസാന പതിനാറിലേക്കുളള പ്രവേശനം.

റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ റയലിന്റെ മൂന്ന് ഗോളുകളും നേടിയത് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ്.നാലാം മിനിട്ടിൽ തുടങ്ങിയ എംബാപ്പെ 33-ാം മിനിട്ടിലും 61-ാം മിനിട്ടിലുമായാണ് ഹാട്രിക് പൂർത്തിയാക്കിയത്. ചാമ്പ്യൻസ് ലീഗിലെ എംബാപ്പെയുടെ മൂന്നാമത്തെ ഹാട്രിക്കാണിത്.

മറ്റൊരു പ്രീ ക്വാർട്ടർ പ്ളേഓഫിൽ 7-0ത്തിനാണ് പി.എസ്.ജി ബ്രേസ്റ്റിനെ കീഴടക്കിയത്. ആദ്യ പാദത്തിൽ 3-0ത്തിന് ജയിച്ചിരുന്ന പി.എസ്.ജിയു‌ടെ ആകെ ഗോൾമാർജിൻ 10-0ആണ്. 4-3 എന്ന സ്കോറിന് രണ്ടാം പാദത്തിൽ ഇറ്റാലിയൻ ക്ളബ് യുവന്റസിനെ തോൽപ്പിച്ച ഡച്ച് ക്ളബ് പി.എസ്.വി ഐന്തോവൻ 4-3 എന്ന ആകെ മാർജനിൽ പ്രീക്വാർട്ടറിലെത്തി. സ്പോർടിംഗിനോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ബൊറൂഷ്യ ഡോർട്ട്മുണ്ട് ആദ്യ പാദത്തിലെ 3-0 വിജയത്തിന്റെ മികവിൽ അവസാന പതിനാറിലെത്തി.

മത്സരഫലങ്ങൾ

റയൽ മാഡ്രിഡ് 3- മാഞ്ചസ്റ്റർ സിറ്റി 1

പി.എസ്.ജി 7- ബ്രേസ്റ്റ് 0

പി.എസ്.വി 3- യുവന്റസ് 1

ഡോർട്ട്മുണ്ട് 0- സ്പോർട്ടിംഗ് 0

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360