തിരുവനന്തപുരം : ദേശീയ ഗെയിംസിൽ ഹാൻഡ് ബാൾ ടീം ഒത്തുകളിച്ചാണ് വെള്ളി നേടിയതെന്ന കായികമന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധം നടത്തിയവരോട് അനുഭാവം പുലർത്തിയ തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീറിനെതിരെ നടപടി. സംസ്ഥാന സ്പോർട്സ് കൗൺസിലിന് മുന്നിൽ നടത്തിയ പ്രതിഷേധത്തോട് അനുഭാവം പുലർത്തിയ സുധീറിനെ ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിനിറുത്തണമെന്നാണ് കായികവകുപ്പിന്റെ ഉത്തരവ്. ഹാൻഡ് ബാൾ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായ സുധീറാണ് കായികതാരങ്ങളെ സമരത്തിനിറക്കിയതെന്ന് കഴിഞ്ഞദിവസം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഷറഫലിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തെറ്റിയത് മന്ത്രിക്ക്,
തെറിച്ചത് ജില്ലാ പ്രസിഡന്റ്
ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ ഹാൻഡ്ബാളിൽ ഒത്തുകളിച്ചെന്നാണ് മന്ത്രി ചാനലുകളോട് പറഞ്ഞത്. എന്നാൽ മോശം റഫറിയിംഗിലൂടെ കേരളത്തെ മനപ്പൂർവ്വം തോൽപ്പിച്ചത് നെറ്റ്ബാളിലാണ്. ഇത് മന്ത്രിക്ക് നാക്കുപിഴ പറ്റിയതാണെന്ന് കൗൺസിൽ പ്രസിഡന്റ് പറഞ്ഞെങ്കിലും മന്ത്രി തിരുത്താൻ തയ്യാറായിരുന്നില്ല. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്ന് പറയുകയും ചെയ്തു. ഇതോടെയാണ് മെഡൽ നേടിയ കായികതാരങ്ങൾ സംസ്ഥാന സ്പോർട്സ് കൗൺസിലിന് മുന്നിൽ പ്രതിഷേധവുമായെത്തിയത്. മന്ത്രി തിരുത്തിയില്ലെങ്കിൽ മെഡലുകൾ കടലിലെറിയുമെന്നും പറഞ്ഞു. നാക്കുപിഴയാണെന്ന് മന്ത്രി തങ്ങളോട് സമ്മതിച്ചെന്നും മെഡൽ ഉപേക്ഷിക്കരുതെന്നും കഴിഞ്ഞദിവസം കൗൺസിൽ ഭാരവാഹികൾ അഭ്യർത്ഥിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |