
ലാഹോർ: ചാമ്പ്യൻസ് ട്രോഫിയിൽ റെക്കാഡ് സ്കോറുകൾ പിറന്ന പോരാട്ടത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 352 റൺസിന്റെ വിജയലക്ഷ്യം 15 ബാക്കി നിൽക്കെ മറികടന്ന് ചരിത്രജയം നേടി ഓസ്ട്രേലിയ.
ഗ്രൂപ്പ് ബിയിൽ മത്സരത്തിൽ റെക്കാഡ് സെഞ്ച്വറി കുറിച്ച ബെൻ ഡക്കറ്റിന്റെ (165) ബാറ്റിംഗിന്റെ പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 8വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ജോഷ് ഇംഗ്ലിസിന്റെ (പുറത്താകാതെ 120) മികവിൽ 47.3 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (356/5). 86 പന്തിൽ 8 ഫോറും 6 സിക്സും ഉൾപ്പെട്ടതാണ് ഇംഗ്ലിസിന്റെ കന്നി ഏകദിന സെഞ്ച്വറി ഇന്നിംഗ്സ്. അലക്സ് കാരെ (69), മാറ്റ് ഷോർട്ട് (63), ലെബുഷെയ്‌ൻ (47), മാക്സ്‌വെൽ (പുറത്താകാതെ 15 പന്തിൽ 32) എന്നിവരും ഓസീസ് ബാറ്റർമാരിൽ തിളങ്ങി.
നേരത്തേ ഇംഗ്ലണ്ടിനെ 143 പന്തിൽ 165 റണ്ണുമായി തകർത്താടിയ ഡക്കറ്റാണ് മികച്ച സ്കോറിലെത്തിച്ചത്. 17 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് ഡക്കറ്റിന്റെ ഇന്നിംഗ്സ്. ഡക്കറ്റിനെക്കൂടാതെ ജോ റൂട്ട് (68) അർദ്ധ സെഞ്ച്വറി നേടി. ഓസീസിനായി ബെൻ ഡ്വാർഷുയിസ് 3 വിക്കറ്റ് വീഴ്‌ത്തി.
356/5- ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ടീമിന്റെ ഏറ്റവും മികച്ച ടോട്ടലാണ് ഓസീസ് ഇന്നലെ കുറിച്ചത്. ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് നേടിയ 351/8 നെ മറികടന്നാണ് ഓസീസ് ഒന്നാമതെത്തിയത്. ഐ.സി.സി ഏകദിന ടൂർണമെന്റുകളിലെ ഏറ്റവും മികച്ച ചേസിംഗാണ ് മത്സരത്തിൽ ഓസീസ് നടത്തിയത്.
77- പന്തിലാണ് ഇംഗ്ലിസ് സെഞ്ച്വറി തികച്ചത്. ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും വേഗനമേറിയ സെഞ്ച്വറികളിൽ വിരേന്ദർ സെവാഗിനൊപ്പം ഒന്നാം സ്ഥാനത്തെത്തി ഇംഗ്ലിസ്. ഇംഗ്ണ്ടിലെ ലീഡ്‌സിൽ ജനിച്ച ഇംഗ്ലിസ് 14-ാം വയസിലാണ് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിൽ എത്തുന്നത്.
165- ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഡക്കറ്റ് നേടിയത്. ചാമ്പ്യൻസ് ട്രോഫയിൽ ഒരിന്നിംഗ്സിൽ 150ൽ അധികം റൺസ് നേടുന്ന താരവും ഡക്കറ്റ് മാത്രമാണ്.
അടിച്ച് പൊളിച്ച്
ഹെൻറി
ബംഗളൂരു: വനിതാ പ്രീമിയർ ലീഗിൽ ഇന്നലെ ഷിനെല്ലെ ഹെൻറിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 33 റൺസിന് കീഴടക്കി യു.പി വാരിയേഴ്സ് സീസണിലെ ആദ്യ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത യു.പി 20 ഓവറിൽ 9 വിക്കറ്റിന് 177 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹി 19.3 ഓവറിൽ 144 റൺസിന് ഓൾഔട്ടായി. ഡൽഹിയുടെ അവസാന മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി യു.പിയുടെ ഗ്രേസ് ഹാരീസ് ഹാട്രിക്ക് നേടി.ഗ്രേസ് ആകെ നാല് വിക്കറ്റുകൾ വീഴ്‌ത്തി.
ഒരു ഘട്ടത്തിൽ 109/7എന്ന നിലയിലായിരുന്ന യു.പിയെ 23 പന്തിൽ 8 സിക്സും 2 ഫോറും ഉൾപ്പെടെ 62 റൺസെടുത്ത ഹെൻറി മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. 18 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച് വനിതാ പ്രീമിയർ ലീഗിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറിക്കാരുടെ പട്ടികയിൽ സോഫിയ ഡങ്ക്ലിയ്ക്കൊപ്പം (ഗുജറാത്തിനായി ബംഗളൂരുവിനെതിരെ)ഒന്നാം സ്ഥാനത്ത് ഹെൻറിയുമെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |