SignIn
Kerala Kaumudi Online
Friday, 23 October 2026 2.45 PM IST

കിരീടത്തിന് കച്ചകെട്ടി സഞ്ജുവിന്റെ രാജസ്ഥാൻ

ipl-sanju

ഐ.എൽ.എൽ 18-ാം സീസണിന് 22ന് തുടക്കം

രാജസ്ഥാൻ റോയൽസിന്റെ കിരീടപ്രതീകക്ഷകളെക്കുറിച്ച് നായകൻ സഞ്ജു സാംസൺ സംസാരിക്കുന്നു

ഇതിഹാസതാരം ഷേൻ വാണിന് കീഴിൽ ഐ.പി.എല്ലിലെ ആദ്യ സീസണിൽ ചാമ്പ്യന്മാരായ ടീമാണ് രാജസ്ഥാൻ റോയൽസ്. പിന്നീട് ഇതുവരെ ഒരു തവണപോലും കിരീ‌ടം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും മികച്ച താരങ്ങൾ അണിനിരക്കുന്ന സംഘമാണിത്. 2021 മുതൽ മലയാളി താരമായ സഞ്ജു സാംസണാണ് ടീമിന്റെ നായകൻ. സഞ്ജു നായകനായി ഇറങ്ങുന്ന അഞ്ചാമത്തെ സീസണാണിത്. കഴിഞ്ഞ സീസണിൽ ഉൾപ്പെടെ രണ്ട് തവണ ടീമിനെ പ്ളേഓഫിൽ എത്തിക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നു.കഴിഞ്ഞ സീസണിൽ രണ്ടാം ക്വാളിഫയറിൽ സൺറസേഴ്സ് ഹൈദരാബാദിനോട് തോറ്റാണ് പുറത്തായത്. ഇത്തവണ ഒരു താരത്തിനെ ഒഴിവാക്കിയതും മറ്റൊരാളെ ടീമിലെടുത്തതുമാണ് രാഹുൽ ദ്രാവിഡ് മുഖ്യപരിശീലകനായ റോയൽസിനെ വാർത്തകളിൽ ഇ‌ടം പിടിച്ചിച്ചത്. ഒഴിവാക്കിയത് കഴിഞ്ഞ സീസണുകളിലെല്ലാം ടീമിന്റെ ആണിക്കല്ലായ ഇംഗ്ളീഷ് ഓപ്പണർ ജോസ് ബട്ട്‌ലറെയായിരുന്നു. 13കാരനായ വൈഭവ് സൂര്യവംശിയെ താരലേലത്തിൽ സ്വന്തമാക്കിയതും ചർച്ചയായി.

ബട്‌ലറെ ടീമിൽ നിലനിറുത്താതിരുന്ന തീരുമാനം വെല്ലുവിളിനിറഞ്ഞതായിരുന്നെന്ന് സഞ്ജു പറയുന്നു. ബട്‌ലർ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. ഏഴ് വർഷം ഒരുമിച്ച് കളിച്ചതാണ്‌, കുറേക്കാലം ഇതുമായി പൊരുത്തപ്പെടാനായിട്ടില്ലെന്നും സഞ്ജു കൂട്ടിച്ചേർത്തു. രാജസ്ഥാൻ ഒഴിവാക്കിയതോടെയാണ്‌ താരലേലത്തിൽ ഗുജറാത്ത് ടൈറ്റാൻസ് ബട്‌ലറെ സ്വന്തമാക്കിയത്.

'' ടീമിനെ നയിക്കാനും മികച്ച രീതിയിൽ കളിക്കാനും അടുത്ത സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഐ.പി.എല്ലാണ് അവസരം നൽകിയത്. ബട്‌ലർ എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഏഴ് വർഷം കളിച്ചു. പരസ്പരം അടുത്തറിയാനായി. അദ്ദേഹം മൂത്ത സഹോദരനെപ്പോലെയായിരുന്നു. കുടുംബാംഗം തന്നെയായിരുന്നു. എന്തെങ്കിലും സംശയം വന്നാൽ ചോദിക്കാം. ഞാൻ നായകനായിരുന്നപ്പോൾ ഉപനായകനായിരുന്നു. ഒരു നല്ല നായകനാവാൻ എന്നെ ഏറെ സഹായിച്ചത് ബട്ലറാണ് ""- സഞ്ജു സാംസൺ പറഞ്ഞു.

2018 മുതൽ 2024 വരെയാണ് ജോസ് ബട്‌ലർ രാജസ്ഥാൻ റോയൽസിനായി കളിച്ചത്.

ഈ കാലത്ത് ടീമിനായി ഏറ്റവുമധികം റൺസ് സ്‌കോർ ചെയ്ത താരമായിരുന്നു ബട്‌ലർ.

83 മത്സരങ്ങളിൽ നിന്നായി 41.84 ശരാശരിയിൽ 3055 റൺസെടുത്തു.

താരലേലത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായ വൈഭവ് സൂര്യവംശി പ്രതീക്ഷയുണർത്തുന്ന താരമാണെന്നും സഞ്ജു പറയുന്നു. 30 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന വൈഭവിനെ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. വൈഭവിന്റെ പവർ ഹിറ്റിംഗ് ചർച്ചയാണെന്നും താരത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും സഞ്ജു പറഞ്ഞു.

'' വൈഭവ് ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. അക്കാദമിയിൽ കൂറ്റൻ സിക്‌സുകള്‍ നേടുന്നുണ്ട്. അവന്റെ പവർഹിറ്റിങ്ങിനെ സംബന്ധിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഒരു സഹോദരനെന്ന നിലയിൽ അവന്റെ കരുത്ത് മനസിലാക്കി കൂടെ നിൽക്കും. വൈഭവ് ഐ.പി.എല്ലിനായി തയ്യാറായിക്കഴിഞ്ഞു. വരുന്ന വർഷങ്ങളിൽതന്നെ അവൻ ഇന്ത്യക്കായി കളിക്കുമെന്നാണ് പ്രതീക്ഷ""- സഞ്ജു പറഞ്ഞു.

ബിഹാർ സമസ്തിപുർ സ്വദേശിയായ വൈഭവ് 2024 ജനുവരി അഞ്ചിനാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പട്‌നയിൽ മുംബൈക്കെതിരെ ഇറങ്ങുമ്പോൾ 12 വർഷവും 284 ദിവസവുമായിരുന്നു വൈഭവിന്റെ പ്രായം. ഇതോടെ രഞ്ജി ട്രോഫിയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമായി. പ്രായത്തിൽ യുവരാജ് സിംഗിനും സച്ചിൻ ടെൻഡുൽക്കർക്കും മുൻപേ രഞ്ജിയിൽ അരങ്ങേറ്റം കുറിക്കാൻ വൈഭവിനായി. ഇരുവരും പതിനഞ്ച് വയസ്സിനുശേഷമാണ് രഞ്ജി കളിച്ചത്. അലിമുദ്ദീൻ, (12 വർഷവും 73 ദിവസവും) എസ്.കെ.ബോസ് (12 വർഷവും 76 ദിവസവും) മുഹമ്മദ് റംസാൻ (12 വർഷവും 247 ദിവസവും) ആണ് വൈഭവിനേക്കാൾ ചെറിയ പ്രായത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചവർ.

ക്രച്ചസിൽ ദ്രാവിഡ് ക്യാമ്പിൽ

കാലിന് ഗുരുതരമായി പരിക്കേറ്റിട്ടും ക്രച്ചസിൽ ജയ്പുരിൽ നടക്കുന്ന രാജസ്ഥാൻ റോയൽസിന്റെ പരിശീലന ക്യാമ്പിലെത്തിയ കോച്ച് രാഹുൽ ദ്രാവിഡിന്റെ ദൃശ്യങ്ങൾ വൈറലായി. ഒരാഴ്ച മുമ്പ് ബെംഗളുരുവിൽവെച്ച് ഒരു ക്ലബ്ബ് മത്സരത്തിനിടെയാണ് ദ്രാവിഡിന്റെ ഇടതുകാലിന് പരിക്കേറ്റത്. പരിക്കേറ്റ കാലിൽ പ്രത്യേക കാസ്റ്റ് ധരിച്ചാണ് ദ്രാവിഡ് പരിശീലന ക്യാമ്പിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ രാജസ്ഥാൻടീം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL SANJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360