ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു. 86 വയസായിരുന്നു. അദ്ദേഹത്തിന്റെ പ്രസാധകരായ ഹാർപ്പർകോളിൻസ് ആണ് ഇക്കാര്യം അറിയിച്ചത്. കൺസർവേറ്റീവ് പാർട്ടി എംപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
50 വർഷത്തെ സാഹിത്യജീവിതത്തിന് ശേഷം തന്റെ അവസാന നോവൽ എന്ന് ആർച്ചർ വിശേഷിപ്പിച്ച 'ആദം ആൻഡ് ഈവ്' എന്ന കൃതിയെക്കുറിച്ച് സംസാരിക്കാൻ ഈ ആഴ്ച ചെൽട്ടൻഹാം ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. ഈ പുസ്തകം അടുത്ത ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കുകയായിരുന്നു. 2014ൽ പ്രോസ്റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു.
ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ ടോറി പാർട്ടിയിൽ ചേർന്ന ആർച്ചർ, 1969ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി 29-ാം വയസിൽ പാർലമെന്റ് അംഗമായി. താൻ നിക്ഷേപം നടത്തിയിരുന്ന കാനഡയിലെ ഒരു വ്യാവസായിക ശുചീകരണ കമ്പനി കടബാദ്ധ്യതയുടെ വക്കിലെത്തിയതോടെ 1974ൽ അദ്ദേഹത്തിന്റെ പാർലമെന്ററി ജീവിതം അവസാനിച്ചു.
1985ൽ അന്നത്തെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ആർച്ചറെ കൺസർവേറ്റീവ് പാർട്ടി ഡെപ്യൂട്ടി ചെയർമാനായി നിയമിച്ചു. എന്നാൽ സ്ഥാനമേറ്റ് ഒരു വർഷത്തിനുള്ളിൽ ഒരു ലൈംഗികത്തൊഴിലാളിക്ക് പണം നൽകിയതിനെത്തുടർന്നുണ്ടായ വിവാദത്തിൽ സ്ഥാനമൊഴിയേണ്ടി വന്നു.
1992ൽ, താച്ചറുടെ പിൻഗാമിയായ ജോൺ മേജർ ആർച്ചറിന് 'പിയറേജ്' (പ്രഭു പദവി) നൽകി ആദരിക്കാൻ ശുപാർശ ചെയ്തു. ഇതോടെ പാർലമെന്റിന്റെ ഉപരിസഭയായ 'ഹൗസ് ഓഫ് ലോർഡ്‌സിൽ' അംഗമാകാൻ അദ്ദേഹത്തിന് അർഹത ലഭിച്ചു.
1999ൽ, ലണ്ടനിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മേയറാകാനുള്ള ടോറി പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ അദ്ദേഹം പ്രചാരണം ആരംഭിച്ചു. എന്നാൽ മാസങ്ങൾക്കുശേഷം 'ഡെയ്‌ലി സ്റ്റാറി'നെതിരായ കേസുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് പുറത്തായി.
2001ൽ വിചാരണ നേരിട്ട അദ്ദേഹത്തെ കള്ളസാക്ഷ്യം പറഞ്ഞതിനും നീതിന്യായ നടപടികളെ അട്ടിമറിക്കാൻ ശ്രമിച്ചതിനും കുറ്റക്കാരനായി കണ്ടെത്തി. നാല് വർഷത്തെ തടവുശിക്ഷയാണ് ലഭിച്ചതെങ്കിലും 2003ൽ പരോൾ അനുവദിക്കപ്പെട്ടു. ഭാര്യയും ശാസ്ത്രജ്ഞയുമായ മേരി ബക്കിംഗ്ഹാം സർവകലാശാലയുടെ ചാൻസലറാണ്.
London: Renowned British writer Jeffrey Archer has passed away. He was 86 years old. His publishers, HarperCollins, announced the news. He had served as a Conservative Party MP.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |