
കാരക്കാസ്: പത്ത് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം വെനസ്വേലയിൽ തിരിച്ചെത്തി പ്രതിപക്ഷ നേതാവും സമാധാന നോബൽ ജേതാവുമായ മറിയ കൊറീന മചാഡോ. 2025ൽ നോബൽ ലഭിച്ച പിന്നാലെയാണ് മറിയ വെനസ്വേലവിട്ടത്. അതുവരെ ഭരണകൂടത്തെ ഭയന്ന് വെനസ്വേലയ്ക്കുള്ളിൽ ഒളിവിൽ കഴിയുകയായിരുന്നു അവർ. എതിരാളിയും വെനസ്വേല പ്രസിഡന്റുമായിരുന്ന നിക്കോളാസ് മഡുറോയെ യു.എസ് അധികാരത്തിൽ നിന്ന് പുറത്താക്കിയതാണ് മറിയയുടെ തിരിച്ചവരവിന് കളമൊരുക്കിയത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് രംഗത്തെത്തിയ മറിയ, തനിക്ക് ലഭിച്ച നോബൽ മെഡൽ ട്രംപിന് സമ്മാനിച്ചിരുന്നു. ജനുവരിയിൽ കാരക്കാസിൽ വ്യോമാക്രമണം നടത്തി മഡുറോയേയും ഭാര്യ സിലിയയേയും പിടികൂടിയ യു.എസ്, ഇരുവർക്കുമെതിരെ മയക്കുമരുന്ന് ഭീകരത, കൊക്കെയ്ൻ കടത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തുകയായിരുന്നു. ഇരുവരും നിലവിൽ ബ്രൂക്ക്ലിൻ ജയിലിലാണ്. മഡുറോയെ പുറത്താക്കിയ പിന്നാലെ വെനസ്വേലയെ നയിക്കാൻ മറിയ താത്പര്യം അറിയിച്ചിരുന്നെങ്കിലും, ട്രംപ് അവഗണിക്കുകയും വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാരിനെ പിന്തുണയ്ക്കുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |