
വത്തിക്കാൻ സിറ്റി: തനിക്ക് പ്രായമായി എന്നാൽ പൂർണ ആരോഗ്യവാനാണെന്ന് ഫ്രാൻസിസ് മാർപാപ്പ. അതിനാൽ വിരമിക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായമായി എന്നത് യാഥാർഥ്യമാണ്, വീൽചെയറിന്റെ സഹായവും വേണം. പക്ഷേ സഭാഭരണം ബുദ്ധികൊണ്ടും ഹൃദയം കൊണ്ടുമാണ് നടത്തുന്നത്, കാലുകൾ കൊണ്ടല്ല...’ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആത്മകഥയിലാണ് ഫ്രാൻസിസ് മാർപാപ്പ നിലപാട് വ്യക്തമാക്കിയത്.
ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം കഴിഞ്ഞയാഴ്ച വാർഷിക വിദേശനയ പ്രസംഗം സഹായിയെക്കൊണ്ടാണ് വായിപ്പിച്ചത്. കഴിഞ്ഞ വർഷങ്ങളിലും ആരോഗ്യപ്രശ്നങ്ങൾ കാരണം മാർപാപ്പ പലവട്ടം പ്രസംഗങ്ങൾ ഉപേക്ഷിക്കുകയും പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന് മാർപാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് വലിയ ആശങ്കകൾ ഉയരുകയുണ്ടായി. അദ്ദേഹം സ്ഥാനമൊഴിയുമെന്നും, കർദിനാളുമാരുടെ കോൺക്ലേവ് ചേരും എന്നൊക്കെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഈ അഭ്യൂഹങ്ങൾക്കാണ് ‘ഹോപ്’ എന്ന ആത്മകഥയിലുടെ ഫ്രാൻസിസ് മാർപാപ്പ വിരാമമിട്ടത്. 2013ലാണ് ഫ്രാൻസിസ് മാർപാപ്പ ചുമതലയേറ്റത്. മാർപാപ്പയാകുന്ന ആദ്യ ലാറ്റിനമേരിക്കൻ പുരോഹിതനാണ് ഈ അർജന്റീനക്കാരൻ. രണ്ട് ഭാഗങ്ങളുള്ള ആത്മകഥയുടെ ആദ്യഭാഗം നേരത്തേ പുറത്തിറങ്ങിയിരുന്നു. രണ്ടാം ഭാഗം തന്റെ മരണശേഷം പ്രസിദ്ധീകരിക്കാനാണ് മാർപാപ്പ ആദ്യം തീരുമാനിച്ചിരുന്നതെന്ന് പ്രസാധകരായ മൊൺടാദോരി പറഞ്ഞു. എന്നാൽ ഇക്കുറി വിശുദ്ധവർഷാചരണത്തിന്റെ തീം പ്രതീക്ഷ ആയതിനാൽ ഈ വർഷം തന്നെ പ്രസിദ്ധീകരിക്കാമെന്ന് അദ്ദേഹം തന്നെ നിർദേശിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹം 88ാം പിറന്നാൾ ആഘോഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |