പാരീസ്: കന്നുകാലികളെ പ്രധാനമായും ബാധിക്കുന്ന ഷമോണ്ട വൈറസ് മനുഷ്യനിൽ ആദ്യമായി സ്ഥിരീകരിച്ച സംഭവത്തിന് പിന്നാലെ വൈറസിന്റെ വ്യാപനവും മനുഷ്യർക്കും മൃഗങ്ങൾക്കുമുള്ള അപകടസാദ്ധ്യതകളും സംബന്ധിച്ച് ആശങ്കകൾ ഉയരുന്നു. ഫ്രാൻസിലാണ് വൈറസ് ബാധിച്ച ഒരാൾ മരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നൈജീരിയയിൽ കണ്ടെത്തിയ ഈ വൈറസ് 2026ൽ യൂറോപ്പിലെത്തിയതോടെയാണ് വീണ്ടും ശ്രദ്ധാകേന്ദ്രമായത്.
പ്രധാനമായും കന്നുകാലികളെ ബാധിക്കുന്ന വൈറസാണ് ഷമോണ്ട. ചെറുപ്രാണികൾ കടിക്കുന്നത് വഴിയാണ് ഇത് പകരുന്നതെന്നാണ് നിലവിലെ ധാരണ. കന്നുകാലികൾക്ക് പുറമെ ആടുകൾ, ചെമ്മരിയാടുകൾ, കുതിരകൾ തുടങ്ങിയ മൃഗങ്ങളിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. കന്നുകാലികളിൽ പ്രത്യുൽപാദന സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഷ്മാലൻബെർഗ് വൈറസ് ഉൾപ്പെടുന്ന വൈറസ് വിഭാഗത്തിലാണ് ഷമോണ്ടയും ഉൾപ്പെടുന്നത്.
1965ൽ നൈജീരിയയിലെ കന്നുകാലികളിലാണ് ഷമോണ്ട വൈറസ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില പ്രദേശങ്ങളിൽ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഈ വർഷം ജൂലായ് അവസാനത്തോടെ യൂറോപ്പിലും വൈറസ് കണ്ടെത്തി. ഒക്ടോബർ 20ഓടെ ഫ്രാൻസ്, ജർമനി, സ്പെയിൻ, അയർലൻഡ് എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഫ്രാൻസിൽ മാർച്ച്-ഏപ്രിൽ മുതൽ തന്നെ വൈറസ് മൃഗങ്ങൾക്കിടയിൽ പടർന്നിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
രോഗബാധിതരായ മൃഗങ്ങളിൽ വയറിളക്കം, വിശപ്പില്ലായ്മ, പാലുത്പാദനത്തിൽ കുറവ് എന്നിവയ്ക്ക് ഈ വൈറസ് കാരണമാകും. സ്വിറ്റ്സർലൻഡിലും ജർമനിയിലും നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ മൂലം ചത്ത കുതിരകളുടെ മസ്തിഷ്കത്തിലും ഷാമോണ്ട വൈറസിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മനുഷ്യരിൽ ഷമോണ്ട വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യത്തെ സംഭവമാണ് ഫ്രാൻസിൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. ലിയോണിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രോഗിക്ക് പ്രതിരോധശേഷി വളരെ കുറവായിരുന്നു. രോഗി പിന്നീട് മരിച്ചു. ഈച്ചയുടെ കടിയിലൂടെയായിരിക്കാം രോഗിക്ക് വൈറസ് ബാധിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. രോഗിയുടെ തലച്ചോറുമായി ബന്ധപ്പെട്ട സങ്കീർണതകൾ വൈറസ് ബാധയുമായി ബന്ധപ്പെട്ടിരിക്കാമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ രോഗബാധയും മരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ പ്രകാരം, നിലവിൽ ലഭ്യമായ വിവരങ്ങളും സമാന വൈറസുകളുടെ വ്യാപനരീതിയും കണക്കിലെടുക്കുമ്പോൾ ഇത് ഒറ്റപ്പെട്ട മനുഷ്യരോഗബാധയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വൈറസ് വ്യാപകമായി മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
ഷമോണ്ട വൈറസിനെ വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് ഔദ്യോഗികമായി പട്ടികപ്പെടുത്തിയ രോഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നതിന് രാജ്യങ്ങൾക്ക് നിലവിൽ നിർബന്ധിത ബാദ്ധ്യതയില്ല. യൂറോപ്യൻ യൂണിയന്റെ മൃഗാരോഗ്യ നിയമപ്രകാരമുള്ള നിർബന്ധിത നിരീക്ഷണ പട്ടികയിലും വൈറസ് ഉൾപ്പെട്ടിട്ടില്ല. ഇതുമൂലം വൈറസ് എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നതിന്റെ പൂർണമായ ചിത്രം ലഭ്യമായ കണക്കുകളിൽ പ്രതിഫലിക്കണമെന്നില്ല.
മനുഷ്യരിലെ ആദ്യത്തെ രോഗബാധ റിപ്പോർട്ട് ചെയ്തതോടെ വൈറസിന്റെ സ്വഭാവം, മൃഗങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, മനുഷ്യരിലേക്കുള്ള വ്യാപനസാദ്ധ്യത എന്നിവയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമായി വന്നിരിക്കുകയാണ്.
Shamonda virus, which primarily affects livestock, has reportedly caused the first known human infection in France, where the patient later died. First identified in Nigeria in 1965, the virus has spread across parts of Europe. Transmitted by biting midges, it can affect cattle, sheep, goats and horses. Health authorities say the risk of widespread human transmission currently appears low, but investigations continue.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |