
ന്യൂഡൽഹി: 12-ാമത് ബ്രിക്സ് പാർലമെന്ററി ഫോറം 26,27 തീയതികളിൽ പഴയ പാർലമെന്റ് മന്ദിരത്തിലെ (സംവിധാൻ സദൻ) സെൻട്രൽ ഹാളിൽ നടക്കും. 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സംഘങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നും പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുമുള്ള പാർലമെന്റ് അദ്ധ്യക്ഷന്മാരും അംഗങ്ങളും പങ്കെടുക്കും.
ഇന്ത്യൻ പാർലമെന്ററി നയതന്ത്ര ചരിത്രത്തിലെ പുതിയ അദ്ധ്യായമാണിതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. 'ജനകേന്ദ്രീകൃത വികസനത്തിനായി പാർലമെന്റുകളെ ശക്തിപ്പെടുത്തുക' എന്ന പ്രമേയത്തിലാകും ചർച്ചകൾ നടക്കുക. പാർലമെന്ററി നയതന്ത്രം, ശേഷി വികസനം, മികച്ച പ്രവർത്തന രീതികളുടെ കൈമാറ്റം എന്നിവ ചർച്ചയാകും. ഫോറത്തിന്റെ സംയുക്ത പ്രസ്താവന അന്തിമമാക്കുന്നതിനായി പ്രതിനിധി സംഘങ്ങളുടെ സെക്രട്ടറിമാരുടെ യോഗം 25ന് ചേരും.
നാല് സെഷനുകൾ
ഭരണഘടനാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ പാർലമെന്റുകളുടെ പങ്ക്, നവീകരണം, പാർലമെന്ററി സഹകരണത്തിലൂടെ ആഗോള ഭരണ സംവിധാനത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കൽ, സുസ്ഥിരത എന്നീ വിഷയങ്ങളിൽ സെഷനുകൾ സംഘടിപ്പിക്കും. പ്ലീനറി സെഷനുകൾ, ഉഭയകക്ഷി ചർച്ചകൾ എന്നിവയ്ക്കൊപ്പം സാംസ്കാരിക പരിപാടിയും നടത്തും. ഉപരാഷ്ട്രപതി വിരുന്നൊരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |