
ടെൽ അവീവ്: ഹമാസ് തുടങ്ങിവച്ച യുദ്ധം. യുദ്ധം ആരംഭിച്ചപ്പോൾ ശക്തരായ നേതാക്കളാണ് ഹമാസിനെ നയിക്കാനുണ്ടായിരുന്നത്. യുദ്ധം അവസാനിക്കുമ്പോൾ നയിക്കാനാളില്ലാതെയാണ് ഹമാസിന്റെ നിലനിൽപ്പ്. ഹമാസിനെ നിയന്ത്രിച്ചിരുന്ന ഉന്നത നേതാക്കളായ ഇസ്മയിൽ ഹനിയേ, യഹ്യാ സിൻവാർ, മുഹമ്മദ് ദെയ്ഫ്, മർവാൻ ഈസ എന്നിവരെയെല്ലാം ഇസ്രയേൽ വധിച്ചു.
ഇസ്മയിൽ ഹനിയേയെ വധിച്ചത് ഇസ്രയേലിനെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു. പിൻഗാമിയായെത്തിയ യഹ്യാ സിൻവാറിനെയും ഇസ്രയേൽ ഇല്ലാതാക്കി. 2023 ഒക്ടോബർ 7ന് ഇസ്രയേൽ മണ്ണിൽ ഹമാസ് നടത്തിയ വിനാശകരമായ ഭീകരാക്രമണത്തിന്റെ തലച്ചോർ ആണ് 'ഗാസയിലെ ബിൻ ലാദൻ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന യഹ്യാ സിൻവാർ. ഇസ്രയേലിന്റെ പ്രധാന ടാർജറ്റും ഇയാളായിരുന്നു.
ഇതിനിടെ, സഖ്യകക്ഷിയായ ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ മേധാവി ഹസൻ നസ്രള്ളയെയും ഇസ്രയേൽ വധിച്ചു. ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളെ ഒന്നിനുപിറകേ ഒന്നായി തുടച്ചുനീക്കി. ഇതോടെയാണ് കഴിഞ്ഞ നവംബറിൽ ഇസ്രയേലുമായി വെടിനിറുത്തലിന് ഹിസ്ബുള്ള നിർബന്ധിതരായത്.
അതേ സമയം, ഹമാസിന് ഇപ്പോഴും ആയിരക്കണക്കിന് അംഗങ്ങളുണ്ട്. ഇവരെ ആര് നയിക്കും എന്നത് ചോദ്യമാണ്. മാത്രമല്ല, യുദ്ധം അവസാനിക്കാൻ പോകുന്ന സാഹചര്യത്തിൽ ഹമാസിന്റെ ഭാവി എന്താകുമെന്നതും ചോദ്യമാണ്. സിൻവാറിന്റെ മരണത്തിന് ശേഷം ഹമാസിന്റെ പുതിയ മേധാവിയെ (പൊളിറ്റിക്കൽ ബ്യൂറോ ചെയർമാൻ) തിരഞ്ഞെടുത്തിട്ടില്ല. പകരം ഒരു താത്കാലിക കമ്മിറ്റിക്കാണ് ഭരണ ചുമതല.
ഹമാസ് മുൻ മേധാവി ഖലീദ് മഷാൽ, ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ഉപതലവൻ ഖാലിൽ ഹയ്യ, ഹമാസ് ഷൂറ കൗൺസിൽ ചെയർമാൻ മുഹമ്മദ് ഇസ്‌മയിൽ ദാർവിഷ്, പൊളിറ്റിക്കൽ ബ്യൂറോ അംഗം സഹർ ജബരിൻ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താത്ത ഒരു നേതാവ് കൂടി കമ്മിറ്റിയിലുണ്ട്. ഏതായാലും ഇസ്രയേലിന്റെ വധഭീഷണി ഭയന്ന് ഖത്തർ, തുർക്കി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ഇവർ ഗാസയിലെത്തിയാൽ ഇസ്രയേൽ ഇല്ലാതാക്കുമെന്നതിൽ സംശയമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |