SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.17 AM IST

ഇടഞ്ഞ് യു.എസും ഇറാനും : ഹോർമുസിൽ വീണ്ടും ഏറ്റുമുട്ടൽ

pic


 യു.എ.ഇയിലും ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തിന്റെ ചർച്ച പുരോഗമിക്കവേ, ഹോർമുസ് കടലിടുക്കിൽ വീണ്ടും

യു.എസ്- ഇറാൻ ഏറ്റുമുട്ടൽ. ഹോർമുസ് കടക്കാൻ ശ്രമിച്ച യു.എസിന്റെ മൂന്ന് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ഇന്നലെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. ആക്രമണങ്ങൾ ചെറുത്തതിനുപിന്നാലെ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തും ഖേഷം ദ്വീപിലുമടക്കമുള്ള മിസൈൽ വിക്ഷേപണ, കമാൻഡ്, ഇന്റലിജൻസ് കേന്ദ്രങ്ങളിൽ യു.എസ് തിരിച്ചടിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടെന്ന് വ്യക്തമല്ല. ഏപ്രിൽ എട്ടിന് വെടിനിറുത്തൽ നിലവിൽ വന്നതിനുശേഷം ഇറാനിയൻ പ്രദേശത്ത് യു.എസ് ആക്രമണം ആദ്യമാണ്.

ഇറാൻ നേവിയുടെ നിരവധി ബോട്ടുകൾ തകർത്തെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. വ്യാഴാഴ്ച രാത്രി ഹോർമുസിന് സമീപം തങ്ങളുടെ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ വാണിജ്യ കപ്പലിനെയും യു.എസ് ആക്രമിച്ചിരുന്നു. അഞ്ച് പേരെ കാണാതായി. പത്ത് പേർക്ക് പരിക്കേറ്റു.

അതേസമയം, യു.എസ് വെടിനിറുത്തൽ ലംഘനം ആവർത്തിക്കുകയാണെന്ന് ആരോപിച്ച ഇറാൻ, രാവിലെ യു.എ.ഇയ്ക്ക് നേരെ വ്യോമാക്രമണം നടത്തി. ഇറാന്റെ രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും യു.എ.ഇയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. അവശിഷ്ടങ്ങൾ പതിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണ പശ്ചാത്തലത്തിൽ വ്യോമഗതാഗതം തടസപ്പെട്ടു.

 ആക്രമണം
സ്നേഹത്തോടെ !


ഇറാനിലെ ആക്രമണത്തിന് ട്രംപ് കാര്യമായ ഗൗരവം നൽകിയില്ല. 'സ്നേഹത്തോടെയുള്ള ചെറിയൊരു തട്ട്" എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വെടിനിറുത്തൽ തുടരുകയാണെന്നും വ്യക്തമാക്കി. അതേസമയം ഇറാൻ വേഗം കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഭാവിയിൽ കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള ധാരണാപത്രം ഇറാൻ പരിശോധിച്ചുവരികയാണ്.

 ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഹോർമുസ് കടലിടുക്കിൽ യു.എസ്, ഇറാൻ നാവിക സേനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ അകപ്പെട്ട ചരക്കുക്കപ്പലിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. 17 പേരെ രക്ഷിച്ചു. ദുബായ്‌യിൽ നിന്ന് യെമനിലേക്ക് പുറപ്പെട്ട കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ കപ്പലാണിതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ആക്രമണത്തെ തുടർന്ന് തീപിടിച്ച കപ്പൽ പൂർണമായും മുങ്ങി. യു.എസോ ഇറാനോ പ്രതികരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360