#മെറ്റ 8,550 കോടി രൂപ
ക്രെഡിൽ നിക്ഷേപിക്കും
കൊച്ചി: ഇന്ത്യൻ ഫിൻടെക് ലോകത്തെ മുൻനിര സംരംഭകനും ക്രെഡ് (സി.ആർ.ഇ.ഡി) സ്ഥാപകനുമായ കുനാൽ ഷാ വാട്ട്‌സ്‌ആപ്പിന്റെ പുതിയ ആഗോള മേധാവിയാകും. മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേതൃത്വ മാറ്റമാണിത്.
നിലവിലെ തലവൻ വിൽ കാത്കാർട്ട് സ്ഥാനമൊഴിയുന്നതോടെയാണ് മെറ്റ നിർണായക ചുമതല കുനാൽ ഷായെ ഏൽപ്പിക്കുന്നത്. കുനാൽ ഷാ സ്ഥാപിച്ച ഇന്ത്യൻ ഫിനാൻഷ്യൽ ആപ്പായ ക്രെഡിൽ വാട്ട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ 90 കോടി ഡോളർ (8,550 കോടി രൂപ) നിക്ഷേപിക്കും.
മെറ്റയുടെ നിക്ഷേപത്തോടെ ക്രെഡിന്റെ മൂല്യം 450 കോടി ഡോളർ കവിയും. ഇന്ത്യയിലെ ഫിൻടെക് മേഖലയിലെ ഏറ്റവും വലിയ ഫണ്ടിംഗ് ഇടപാടാണിത്. വളർച്ച വേഗത്തിലാക്കാനും ഭാവിയിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുമാണ് ലക്ഷ്യം. 2018-ൽ ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റ് പ്ലാറ്റ്ഫോം എന്ന നിലയിലാണ് ക്രെഡ് തുടങ്ങിയത്.പിന്നീട് ഡിജിറ്റൽ പേയ്‌മെന്റുകൾ, വായ്പാ സേവനങ്ങൾ, വ്യക്തിഗത ധനകാര്യ ഉത്പ്പന്നങ്ങൾ എന്നിവയും അവതരിപ്പിച്ചു.
വാട്ട്‌സ്‌ആപ്പിലെ ആദ്യ
ഇന്ത്യൻ നേതൃത്വം
ഫ്രീചാർജ് സഹസ്ഥാപകനായിരുന്ന കുനാൽ ഷാ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഏറ്റവും സ്വാധീനമുള്ള സംരംഭകരിൽ ഒരാളാണ്. 1983ൽ അഹമ്മദാബാദിൽ ജനിച്ച അദ്ദേഹം മുംബയിലാണ് വളർന്നത്. മുംബയ് വിൽസൺ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം എം.ബി.എയ്ക്ക് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. ആദ്യം ഫ്രീ ചാർജ് സ്ഥാപിച്ചു. 2018ലാണ് ക്രെഡിന് തുടക്കമിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |