SignIn
Kerala Kaumudi Online
Thursday, 27 August 2026 12.15 PM IST

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം; മൂന്ന് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി

READ ENGLISH VERSION
madhurjya-sonawal
മധുർജ്യ സോനവാൾ

ആലുവ: മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ സോനവാൾ ആലുവ സബ് ജയിലിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചു. സംഭവത്തിൽ ജയിൽ മേധാവി റിപ്പോർട്ട് തേടി. ജയിൽ ചാടിയ ശേഷം ആധാർ കാർഡ് വാങ്ങാനായി പ്രതി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇയാളെ തിരിച്ചറിഞ്ഞില്ല. ഈ ഗുരുതര വീഴ്‌ചയിൽ പെരുമ്പാവൂർ പൊലീസിനെതിരെയും ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ആലുവ പൊലീസിന്റെ പ്രത്യേക സ്‌ക്വാഡ് പെരുമ്പാവൂർ മേഖല കേന്ദ്രീകരിച്ച് പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. ഇയാൾ സംസ്ഥാനം വിട്ടുപോകാൻ സാദ്ധ്യതയുള്ളതിനാൽ പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പ്രതിയുടെ ചിത്രം ഉൾപ്പെടുത്തി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. ഇയാളെക്കുരിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും അധികൃതർ അറിയിപ്പ് നൽകി.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് പ്രതി ജയിൽ ചാടിയതെന്നാണ് കരുതുന്നത്. അടുത്തിടെ ജയിലിൽ പണിത അടുക്കളയുടെ ഭിത്തി വഴി കയറി പിൻവശത്തെ മതിൽ ചാടി കടന്നിട്ടുണ്ടാകാമെന്നാണ് അനുമാനം. രക്ഷപ്പെടുമ്പോൾ മഞ്ഞ ടീ ഷർട്ടും കാവി മുണ്ടുമാണ് ധരിച്ചിരുന്നത്. പ്രതി രക്ഷപ്പെടുമ്പോൾ ജയിലിൽ ടൈൽ വർക്ക് ചെയ്തിരുന്ന ബംഗാളികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവർക്ക് പങ്കില്ലെന്നാണ് കരുതുന്നത്.

മോഷ്ടിച്ച മൊബൈൽ ഫോണുകൾ പെരുമ്പാവൂരിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് കണ്ടെടുത്ത ഒമ്പത് മൊബൈൽ ഫോണുകളും എടത്തല വ്യവസായ മേഖലയിലെ മാമ്പിള്ളി പ്ലൈവുഡ് കമ്പനി തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽ നിന്ന് മോഷ്ടിച്ചതായതിനാൽ പ്രതിയെ എടത്തല പൊലീസിന് കൈമാറുകയായിരുന്നു.

കസ്റ്റഡിയിലെടുത്തപ്പോൾ ഇയാളുടെ ആധാർ കാർഡ് പെരുമ്പാവൂർ പൊലീസ് വാങ്ങിയിരുന്നു. ജയിൽ ചാടിയ ശേഷം പ്രതി ഇത് തിരിച്ചുവാങ്ങാനാണ് പെരുമ്പാവൂർ സ്റ്റേഷനിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഇയാളെ തിരിച്ചറിഞ്ഞില്ല. പിന്നാലെ മറ്റൊരു പൊലീസുകാരൻ എത്തിയപ്പോൾ തിരിച്ചറിയുമോയെന്ന സംശയത്താൽ സ്റ്റേഷനിൽ നിന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്തുടരാൻ പൊലീസ് ശ്രമിച്ചതുമില്ല. പെരുമ്പാവൂർ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ട പ്രതി പെരുമ്പാവൂരിലെ ഒരു മൊബൈൽ കടയിൽ പണം വായ്‌പ ചോദിച്ച് എത്തിയിരുന്നതായും വിവരം ലഭിച്ചു. കടയുടമ പണം നൽകിയില്ല.

English Summary

Three jail employees face departmental action after Assam native Madhurjya Sonawal escaped from Aluva Sub Jail. An official inquiry has also been ordered against Perumbavoor police after the accused reportedly visited the station to collect his Aadhaar card but was not identified. Police have intensified the search and issued a lookout notice.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALUVA JAIL ESCAPE, ALUVA PRISONER ESCAPE, MADHURJYA SONAWAL, PERUMBAVOOR POLICE, KERALA JAIL ESCAPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY