SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.55 PM IST

'വിവാദമുണ്ടായാലും വിഷമമില്ല, എന്നെ അനുകരിക്കുന്നത് എനിക്കിഷ്ടമല്ല'; അസീസിനോട് മിമിക്രി നിർത്താൻ പറഞ്ഞിട്ടില്ലെന്ന് അശോകൻ

Increase Font Size Decrease Font Size Print Page
azees-asokhan-

മിമിക്രി കലാകാരനും നടനുമായ അസീസിനോട് അനുകരണം നിർത്താൻ പറഞ്ഞിട്ടില്ലെന്നും തന്റെ വ്യക്തിപരമായ കാര്യമാണ് പറഞ്ഞതെന്നും നടൻ അശോകൻ. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണെന്നും തന്നെ അനുകരിച്ചത് ഇഷ്ടമായില്ലെന്നാണ് പറഞ്ഞതെന്നും ഒരു അഭിമുഖത്തിലൂടെ അശോകൻ പറഞ്ഞു.

' എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടിയാണ് ഞാൻ കൊടുത്തത്. ഇനി അതിനെക്കുറിച്ച് ഒരു വിവാദം ഉണ്ടാക്കണമെന്നില്ല. ഉണ്ടായാലും എനിക്കതിൽ വിഷമമൊന്നും ഇല്ല. ഞാൻ സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫഷൻ നിർത്തുന്നത് എന്തിനാണ്? ഞാൻ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളൂ. ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ട് അസീസിന് പ്രോഗ്രാം ചെയ്യുന്നത് നിർത്താൻ പറ്റുമോ, അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ? ഞാൻ അങ്ങനെ പറയുകയുമില്ല. മിമിക്രി എന്നത് വലിയ കലയാണ്. അത് എല്ലാവർക്കും കഴിയുന്ന ഒരു കാര്യമല്ല. അത് പുള്ളിയുടെ ഇഷ്ടമാണ്. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണ് എന്നാണ് ഞാൻ എപ്പോഴും പറയുന്നത്. എന്നാൽ, എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമായില്ല. കളിയാക്കി അധിക്ഷേപിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്.' - അശോകൻ പറഞ്ഞു.

അസീസ് നേരത്തേ പ്രതികരിച്ചത്

'അശോകേട്ടന്റെ ആ ഇന്റർവ്യൂ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണ് എനിക്കാ വീഡിയോ അയച്ച് തന്നത്. ഇപ്പോൾ നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു. ഇനി അശോകേട്ടനെ അനുകരിക്കില്ല. നിർത്തി. അദ്ദേഹത്തെ പോലുള്ള താരങ്ങളെ ജനങ്ങൾക്കിടയിൽ വീണ്ടും ഓർമിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്താൽ മാത്രമേ സ്റ്റേജിൽ ഇത്തരം പെർഫോമൻസുകൾ ശ്രദ്ധിക്കപ്പെടുകയുള്ളു. അത്രയും വൈഡ് ആയാണ് സ്റ്റേജിൽ ഓഡിയൻസ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കിൽ കുറച്ച് ഓവർ ആയി ചെയ്യണം. ടിവിയിൽ പക്ഷേ ഇത്രയും വേണ്ട. സിനിമയിൽ ഒട്ടും വേണ്ട.'

അശോകന്റെ വിവാദമായ വാക്കുകൾ

'മിമിക്രിക്കാർ നല്ലതായി ചെയ്യുന്നവരുമുണ്ട്. അതുപോലെ നമ്മളെ വളരെ മോശമായിട്ട് അനുകരിക്കുന്ന ആളുകളുമുണ്ട്. നമ്മളെ ഇറിറ്റേറ്റ് ചെയ്യുന്ന ആളുകളുമുണ്ട്. ഉള്ളതിന്റെ പത്ത് മടങ്ങ് കൂട്ടിയാണല്ലോ പലരും കാണിക്കുക. അമരം സിനിമയിൽ ഞാനങ്ങനെ നോക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എവിടെയെങ്കിലും ഒരു മൈന്യൂട്ടായിട്ടുള്ള പോയിന്റിൽ പിടിച്ചിട്ടാണ് അവർ വലിച്ച് നീട്ടുന്നത്. നമ്മളെ കളിയാക്കി ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്. അവരൊക്കെ നമ്മളെപ്പോലെയുള്ള ആക്ടേഴ്‌സിനെ കൊണ്ട് പേരെടുക്കുന്നു പൈസ കിട്ടുന്നു, ജീവിക്കുന്നു. അവരങ്ങനെ ചെയ്‌തോട്ടെ. മനപ്പൂർവം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്.'

'അസീസ് നന്നായിട്ട് മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് ഞാൻ മുമ്പേ പറഞ്ഞ ആളുകളിൽ പെടുന്ന ഒരാളാണ്. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്‌സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലർ ആയതെന്ന് അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ല.'

TAGS: AZEES ASOKHAN, CINEMA CONTROVERSY, AZEES NEDUMANGAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY