SignIn
Kerala Kaumudi Online
Friday, 02 October 2026 2.59 PM IST

പാപഭാരം ചുമക്കുന്ന മന്ത്രിക്ക് രമേശിന്റെ സാന്ത്വനം

thiruvanchoor

മുള്ളും മുനയും വച്ച് എന്തെങ്കിലുമൊക്കെ പറയുമെങ്കിലും പരിണതപ്രജ്ഞനായ തിരുവഞ്ചൂർ ആളൊരു ശുദ്ധഗതിക്കാരനാണ്. ആ മനസിന്റെ വെണ്മ പലപ്പോഴും ഭരണപക്ഷം തിരിച്ചറിയുന്നില്ലെന്നു മാത്രം. ചങ്കെടുത്തു കാണിച്ചാലും പ്ളാസ്റ്റിക് ചെമ്പരത്തിപ്പൂവാണെന്നു പറയുന്ന കാലമാണല്ലോ. പാവം തിരുവഞ്ചൂർ എന്തു ചെയ്യാൻ! ഇന്നലെയും തന്റെ ഉള്ളിലിരിപ്പ് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം തിരുവഞ്ചൂർ വെളിപ്പെടുത്തി: 'ഈ സർക്കാർ നല്ല നിലയിൽ മുന്നോട്ടു പോകണം, ഞങ്ങളുടെ അഭിപ്രായം അതാണ്." പക്ഷെ, എന്തു ചെയ്യാൻ? സർക്കാരിന് ഒരു പോസിറ്റീവ് ക്രിട്ടിസിസത്തിനുള്ള മനസില്ലാതെ പോയി. അതാണ് തിരുവഞ്ചൂരിനെ വിഷമിപ്പിക്കുന്നത്.

പൂർവകാലത്ത് ആരോ ചെയ്ത കുഴപ്പങ്ങളുടെ പാപഭാരം ചുമക്കുന്ന ധനമന്ത്രി ബാലഗോപാലിനോട് അദ്ദേഹത്തിന് സിമ്പതിയാണ്. എങ്കിലും വിഭവസമാഹരണത്തിന് നടപടിയില്ലാത്തതിൽ പരിഭവമുണ്ട്. അംഗീകൃത പാർട്ടിയായി സി.പി.എമ്മിന് നിൽക്കാൻ സാധിക്കുന്നതിന് രാഹുൽഗാന്ധി നൽകിയ സഹായം മറക്കരുതെന്ന അഭ്യർത്ഥനയും ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെ തിരുവഞ്ചൂർ നടത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലുണ്ടായ തോൽവിയുടെ കൃത്യമായ കാരണം കെ.കെ.ശൈലജയ്ക്ക് മനസിലായില്ലെങ്കിലും ലീഗ് അംഗം എ.കെ.എം അഷറഫ് അതു കണ്ടെത്തി. സ്വന്തം പാർട്ടിക്കാർ സ്വന്തം പാർട്ടിയോടുള്ള വിരോധം പ്രകടിപ്പിച്ചതാണ് കാരണം. ഇടതുപക്ഷത്തെ തോല്പിച്ചത് യഥാർത്ഥത്തിൽ എസ്.എഫ്.ഐ ആണെന്ന് സ്ഥാപിക്കാൻ, എസ്.എഫ്.ഐ പ്രാകൃത സംഘടനയാണെന്ന് ബിനോയ് വിശ്വം പറഞ്ഞതിനെയാണ് അഷറഫ് കൂട്ടുപിടിച്ചത്.

കെ.എസ്.ഇ.ബി ഓഫീസിൽ അക്രമം കാണിച്ചതിന്റെ പേരിൽ പ്രതികളുടെ മാതാപിതാക്കൾ താമസിക്കുന്ന വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതാണ് കോൺഗ്രസ് അംഗം ഉമ തോമസിനെ വല്ലാതെ ദു:ഖിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ നടപടിയെ ന്യായീകരിച്ച മന്ത്രിയുടെ നടപടി തെറ്റാണെന്നും അവർ തീർത്തടിച്ചപ്പോൾ, സൗമ്യനായ മന്ത്രി കെ.കൃഷ്ണൻകുട്ടി എഴുന്നേറ്രു നിന്ന് ദീനസ്വരത്തിൽ പറഞ്ഞു- 'കണക്ഷൻ കൊടുക്കാൻ പറഞ്ഞത് ഞാനാണേ...!" കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകൊണ്ടിരിക്കുന്ന എസ്.എഫ്.ഐയുടെ പ്രതാപം സി.പി.ഐയെ ഒന്നു ബോദ്ധ്യപ്പെടുത്തണമെന്നും ഉമ തോമസ് ഉപദേശിച്ചു.

കെ.പി.സി.സി.ക്ക് സമകാലീന പ്രസക്തിയുള്ള പുതിയൊരു പേരു നിർദ്ദേശിച്ചത് സി.പി.എം അംഗം സി.എച്ച്.കുഞ്ഞമ്പുവാണ്- കേരള പ്രദേശ് കൂടോത്ര കമ്മിറ്റി! തെയ്യം, കൈ, കാൽ, ഹൃദയം തുടങ്ങിയ രൂപങ്ങളാണ് കെ.പി.സി.സി അദ്ധ്യക്ഷന്റെ വീടിന്റെ കന്നിമൂലയിൽ നിന്ന് കണ്ടെത്തിയതെന്ന് അദ്ദേഹത്തിന്റെ സാക്ഷ്യം. കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താന്റെ ഓഫീസിലും ഡി.സി.സി ഓഫീസിലും കൂടോത്രം വച്ചിട്ടുണ്ടത്രെ. കേരളം ഒന്നാം സ്ഥാനത്തെത്തിയ കാര്യങ്ങളുടെ പട്ടിക കുഞ്ഞമ്പു അക്കമിട്ട് പറയുകയും,​ ഭരണപക്ഷ അംഗങ്ങൾ താളത്തിൽ ഡെസ്കിലടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ കാഥികൻ കഥാപ്രസംഗം നടത്തുന്ന പ്രതീതിയായി.

'നല്ല ഭരണപക്ഷം, നല്ല പ്രതിപക്ഷം!" കുട്ടനാട് അംഗം തോമസ് കെ. തോമസിന് ആരോടുമില്ല പരിഭവം. സ്പീക്കർ എ.എൻ. ഷംസീറും ലീഗിലെ പി.കെ. ബഷീറുമൊക്കെ സഭയിൽ ശത്രുക്കളെപ്പോലെ ഏറ്റുമുട്ടുമെങ്കിലും പിന്നീട് കാണുമ്പോൾ കൈപിടിച്ച് എത്ര സ്നേഹത്തിലാണ് ഇരിപ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഒരുപാട് പാലങ്ങൾ തന്നിട്ടൊണ്ട്, റോഡുകൾ തന്നിട്ടൊണ്ട്, മറ്റ് ഒത്തിരി സംവിധാനങ്ങൾ തന്നിട്ടൊണ്ട്... പക്ഷെ ഒന്നിനും പണമില്ല!തോമസ് കെ.തോമസ് ഇങ്ങനെ പറഞ്ഞപ്പോൾ,​ മന്ത്രിസ്ഥാനം തന്നില്ലല്ലോ എന്ന് ഭരണപക്ഷത്തു നിന്ന് ആരോപറഞ്ഞതു കേട്ട് ചിരിയോടെ തോമസിന്റെ മറുപടി: ചിലർ മന്ത്രിക്കസേരയിൽ കയറി ഇരുന്നാൽ ഇറങ്ങാൻ പാടാണ് സർ...! 'മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ."- പൂന്താനത്തിന്റെ വരികൾ രമേശ് ചെന്നിത്തല ഉദ്ധരിച്ചത് ധനമന്ത്രി ബാലഗോപാലിന്റെ ദുരവസ്ഥ വിവരിക്കാനാണ്. ഐസക്ക് ചെയ്തതിന്റെ മാറാപ്പാണ് ബാലഗോപാൽ പേറുന്നതെന്നും ചെന്നിത്തല സഹതപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY